തോൽവിയിൽ പഴി കേട്ട് ഗാർഡിയോള
Thursday, April 28, 2016 2:12 PM IST
അത്ലറ്റിക്കോ മാഡ്രിഡിനെതിരായ തോൽവിയിൽ പെപ് ഗാർഡിയോളയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. അത്ലറ്റിക്കോയെപ്പോലെ മികച്ച പ്രതിരോധമുള്ള ടീമിനെതിരേ മ്യൂളറെ പുറത്തിരുത്തി ആദ്യഇലവനെ പ്രഖ്യാപിച്ചത് ഏവരെയും ഞെട്ടിച്ചു. റോബർട്ട് ലെവൻഡോസ്കിയെ മാത്രം സ്ട്രൈക്കറാക്കിയാണ് കളിച്ചത്. മ്യൂളറെപ്പോലെ മുന്നേറ്റത്തിലും മധ്യനിരയിലും ഒരേപോലെ കളിക്കാൻ അറിയാവുന്ന മ്യൂളറെ പകരക്കാരനാക്കിയാണ് ഗാർഡിയോള ടീമിനെ ഇറക്കിയത്. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ എട്ട് കളിയിൽ തുടക്കം മുതൽ ഇറങ്ങിയിട്ടുള്ള മ്യൂളർ ഒരു കളിയിൽ ഒരു ഗോൾ എന്ന അനുപാതത്തിൽ ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.


ഒരു ഗോളിനു പിന്നിൽനിന്ന് തോൽവിയെ അഭിമുഖീകരിക്കുന്ന അവസരത്തിൽ കളി തീരാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ജർമൻ താരത്തെ പരിശീലകൻ കളത്തിലിറക്കിയത്. ഈ സീസണിൽ വിവിധ മത്സരങ്ങളിൽ എട്ടു തവണ പകരക്കാനായി മ്യൂളർ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗോൾ നേടിയിട്ടില്ല. ഇതിൽ മൂന്നെണ്ണം ചാമ്പ്യൻസ് ലീഗിൽ ആയിരുന്നു. ബെഞ്ചിൽ ഇരുന്നശേഷം പകരക്കാരാനായി കളത്തിലിറങ്ങുന്ന മ്യൂളർ ഗോൾ നേടിയത് ഒരു തവണമാത്രം. തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് സീസണിലും ബയേൺ സ്പെയിനിൽ തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ടു സീസണിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ബയേണിനെ തോൽപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.