റിയോയിൽ കണ്ണുംനട്ട് അത്ലറ്റുകൾ
റിയോയിൽ കണ്ണുംനട്ട് അത്ലറ്റുകൾ
Wednesday, April 27, 2016 12:35 PM IST
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റുകൾ ഒരുങ്ങുകയാണ്, റിയോയിലേക്കുള്ള ടിക്കറ്റെടുക്കാൻ. ഇന്ത്യൻ അത്ലറ്റിക് സീസണു തുടക്കം കുറിച്ചുകൊണ്ടു നടക്കുന്ന ഗ്രാൻഡ് പ്രീ പോരാട്ടങ്ങൾക്കു ശേഷം ഇതാ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് തുടങ്ങുകയാണ്. 20–ാമത് ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് മീറ്റിന് ഇന്ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്്ട്ര സ്റ്റേഡിയത്തിൽ തുടക്കം. ഒളിമ്പിക്സിലെ 38 ഇനങ്ങളിൽ ഇവിടെ പോരാട്ടം നടക്കും. വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള അഞ്ഞൂറിലേറെ അത്ലറ്റുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പാണിത്. ആദ്യമായി ഫെഡറേഷൻ കപ്പിന്റെ രൂപ ഘടനയിൽ മാറ്റം വരുത്തിയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 30 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഓരോ അത്ലറ്റും വ്യക്‌തിഗതമായാണ് പങ്കെടുക്കുന്നത്. വ്യക്‌തിഗത മികവിൽ ഒളിമ്പിക്സിനു യോഗ്യത നേടാം. മുമ്പ് ഏതെങ്കിലും സംസ്‌ഥാനങ്ങളുടെയും പൊതുമേഖലാ സ്‌ഥാപനങ്ങളുടെയും ഒക്കെ കീഴിലായിരുന്നു അത്ലറ്റുകൾ പങ്കെടുത്തിരുന്നത്.

ഒളിമ്പിക് യോഗ്യതയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് ഇവിടെ ലഭിക്കുന്നത്. അത്ലറ്റിക്സിൽനിന്ന് ഇതിനോടകം 25 പേർക്ക് ഒളിമ്പിക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതിൽ പലരും ഇവിടെയും പങ്കെടുക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം ഷോട്ട്പുട്ടിൽ മത്സരിക്കുന്ന ഇന്ദർജിത് സിംഗാണ്. ഒളിമ്പിക്സിന് ഇന്ത്യയിൽനിന്ന് ആദ്യമായി യോഗ്യത ലഭിച്ച ഇന്ദർജിത് ഇന്നു മത്സരത്തിനിറങ്ങും. അമേരിക്കയിൽനിന്ന് വിദഗ്ധ പരിശീലനം കഴിഞ്ഞെത്തിയ താൻ വളരെ ആത്മവിശ്വാസത്തിലാണെന്ന് ഇന്ദർജിത് ദീപികയോടു പറഞ്ഞു. ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഏഷ്യയിലെ നമ്പർ വൺ ഷോട്ട്പുട്ട് താരം പറഞ്ഞു.

ഗ്രാൻഡ്പ്രീയിൽ സാങ്കേതികപ്പിഴവു മൂലം ഒളിമ്പിക് യോഗ്യത നഷ്‌ടപ്പെട്ട 100 മീറ്റർ താരങ്ങളായ ശ്രബാണി നന്ദ, അമിയ കുമാർ, മലയാളി താരം മുഹമ്മദ് അനസ് എന്നിവർ നിരാശരാണെങ്കിലും ഇവിടെ മികച്ച പ്രകടനം നടത്താനാണ് തയാറായിരിക്കുന്നത്.

ലോംഗ് ജംപിലും ഹൈജംപിലും മലയാളികളുടെ പ്രിയതാരം മയൂഖ ജോണി പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം തവണയും ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനാകുമെന്നാണ് മയൂഖയുടെ പ്രതീക്ഷ. കേവലം രണ്ടു സെന്റീമീറ്റർ വ്യത്യാസത്തിലാണ് ട്രിപ്പിൾ ജംപിൽ മയൂഖയ്ക്ക് ദേഹയിൽ വച്ചു നടന്ന മത്സരത്തിൽ യോഗ്യത നഷ്‌ടപ്പെട്ടത്.


ഹരിയാനയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് ഒളിമ്പിക് യോഗ്യത നേടുമെന്നു കരുതപ്പെടുന്ന മറ്റൊരു താരം. ലോക യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നീരജ് 2015ലും 16ലും സ്വർണം നേടിയിരുന്നു. ഒളിമ്പിക് യോഗ്യതാ മാർക്കായ 83 മീറ്ററിനരികേ വരെയെത്തിയ നീരജ് ഫെഡറേഷൻ കപ്പിന്റെ വലിയ പ്രതീക്ഷകളിലൊന്നാണ്. പിന്നീട് ഷോൾഡറിനു പരിക്കേറ്റ നീരജ് ഗോഹട്ടിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

400 മീറ്ററാണ് ഇന്ത്യ ഒളിമ്പിക് യോഗ്യത പ്രതീക്ഷിക്കുന്ന മറ്റൊരിനം. പുരുഷന്മാരിൽ ആരോക്യ രാജീവും മുഹമ്മദ് അനസും വനിതകളിൽ എം.ആർ. പൂവമ്മയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കെല്പുള്ളവരാണ്. 45.40 സെക്കൻഡാണ് ഒളിമ്പിക് യോഗ്യതാ മാർക്ക്. ഇരുവരും യഥാക്രമം 45.80 സെക്കൻഡ്, 45. 41 സെക്കൻഡ് എന്നിങ്ങനെ കണ്ടെത്തിയിരുന്നു. വനിതകളിൽ 52.20 സെക്കൻഡാണ് യോഗ്യതാ മാർക്ക്. 53.01 ആണ് പൂവമ്മയുടെ മികച്ച സമയം.

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഒളിമ്പിക് യോഗ്യത നേടിയ ലളിത ബാബർ മാരത്തണിൽ ഒളിമ്പിക് യോഗ്യത നേടിയ ഒ.പി. ജയ്ഷയും സുധ സിംഗും മത്സരിക്കുന്നുണ്ട്.

വനിതകളുടെ ജാവലിനിൽ സുമൻ ദേവി, അനു റാണി തുടങ്ങിയവരും യോഗ്യത പ്രതീക്ഷിക്കുന്നവരാണ്. കോമൺവെൽത്ത് ചാമ്പ്യനായിരുന്ന കൃഷ്ണ പൂനിയയുടെ തിരിച്ചുവരവിനും ഫെഡറേഷൻ കപ്പ് വേദിയാകും.

400 മീറ്റർ റിലേയിൽ പൂവമ്മ, അനിൽഡ തോമസ്, അനു രാഘവൻ അശ്വിനി അക്കുഞ്ജി തുടങ്ങിയവരിലാണു പ്രതീക്ഷ.

<ആ>ഇന്ദർജിത് ഇന്നു കളത്തിൽ, ആദ്യദിനം 11 ഫൈനലുകൾ

ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ ആദ്യദിനം തന്നെ സൂപ്പർ താരങ്ങളുടെ പോരാട്ടം. ഇതിനോടകം ഒളിമ്പിക് യോഗ്യത നേടിയ ഇന്ദർജിത് സിംഗിന്റേതടക്കം ആദ്യദിനം 11 ഫൈനലുകൾ നടക്കും. ഉച്ചകഴിഞ്ഞ് നാലിനാണ് ഷോട്ട്പുട്ട് ഫൈനൽ നടക്കുന്നത്.

രാവിലെ നടക്കുന്ന പുരുഷ,വനിതാ 5000 മീറ്റർ മത്സരങ്ങളോടെയാണ് ചാമ്പ്യൻഷിപ്പിനു തുടക്കമാകുന്നത്. ഉച്ചകഴിഞ്ഞ് മാർച്ച് പാസ്റ്റ് നടക്കും. പുരുഷ ജാവലിൻ, പുരുഷ ഷോട്ട്പുട്ട്, പുരുഷ പോൾവോൾട്ട്, പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്, വനിതകളുടെ ഹാമർ ത്രോ, വനിതകളുടെ ലോംഗ് ജംപ് എന്നീ ഇനങ്ങൾക്കൊപ്പം പുരുഷ വനിതാ വിഭാഗങ്ങളിലെ വേഗക്കാരെയും ഇന്നറിയാം. വൈകുന്നേരം 6.20നാണ് 100 മീറ്റർ പോരാട്ടങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.