താരങ്ങളെ ബുദ്ധിമുട്ടിച്ച് എഎഫ്ഐ
Wednesday, April 27, 2016 12:34 PM IST
<ആ>സി.കെ. രാജേഷ്കുമാർ

ഒളിമ്പിക് യോഗ്യത നേടിയവരും നേടാത്തവരുമായ നിരവധി അത്ലറ്റുകൾക്ക് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരുട്ടടി. നിരവധി ഒളിമ്പ്യന്മാരും ഒളിമ്പിക് യോഗ്യത നേടിയവരും യോഗ്യത നേടാനുള്ളവരുമായ ഇന്ത്യയുടെ അഭിമാനഭാജനങ്ങളെ മണിക്കൂറുകളോളം ക്യൂവിൽ നിർത്തി ബുദ്ധിമുട്ടിച്ചുകൊണ്ടാണ് എഎഫ്ഐ പൊറാട്ടുനാടകം കളിച്ചത്. ഇന്നലെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീസിനു പുറത്താണ് ചെസ്റ്റ് നമ്പറും കാത്ത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ പങ്കെടുക്കാനുള്ള അത്ലറ്റുകൾ മണിക്കൂറുകളോളം ക്യൂ നിന്നത്. പതിവിൽനിന്നു വിപരീതമായി വ്യക്‌തിപരമായി മത്സരിക്കേണ്ടി വന്നതാണ് അത്ലറ്റുകൾക്കു വിനയായത്. ടീമായായിരുന്നെങ്കിൽ അതതു മാനേജർമാർ ഇക്കാര്യങ്ങൾ ചെയ്തേനെ. താരങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നതിനെതിരേ ഇതിനോടകം വിവിധ പരിശീലകരും മറ്റും രംഗത്തെത്തിയിട്ടുണ്ട്.


പങ്കെടുക്കാൻ താത്പര്യമുള്ള അത്ലറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപ്പോൾ ലഭിക്കുന്ന കൺഫർമേഷൻ ലെറ്ററുമായി വേണം ചെസ്റ്റ് നമ്പർ വാങ്ങാനായി എഎഫ്ഐ ഓഫീസിലെത്തേണ്ടത്.

അധികൃതർ ലെറ്ററിൽരേഖപ്പെടുത്തിയ രജിസ്ട്രേഷൻ നമ്പറുകൾ പരിശോധിച്ച് ചെസ്റ്റ് നമ്പർ നൽകുകയാണ് ചെയ്യുന്നത്. കൂടാതെ ഇത്തവണ സ്പോർട്സ് കിറ്റി വാങ്ങുന്നതിനും രജിസ്ട്രേഷനുമായി 500 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഇത് അത്ലറ്റുകൾ നൽകണം. കുടിവെള്ളം, ജൂസ്, ഒരു ചെറിയ ടവ്വൽ, ടീ ഷർട്ട് എന്നിവയാണ് കിറ്റിലുള്ളത്. നൂറു രൂപ പോലും വിലയില്ലാത്ത ടീം ഷർട്ടിൽ 675 രൂപ എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതുപോലെ അത്ലറ്റുകൾക്ക് താമസമോ ഭക്ഷണമോ അത്ലറ്റിക് ഫെഡറേഷൻ ഒരുക്കിയിട്ടില്ല. പുതിയ രീതികൾക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് അത്ലറ്റുകളിൽനിന്നും പരിശീലകരിൽനിന്നുമുയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.