താരപ്പൊലിമയിൽ കോഴിക്കോട്ടെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം
താരപ്പൊലിമയിൽ കോഴിക്കോട്ടെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം
Monday, April 25, 2016 12:24 PM IST
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന്റെയും പുല്ല് വിരിച്ച ഫുട്ബോൾ കോർട്ടിന്റെയും ഉദ്ഘാടനം താരപ്പൊലിമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വർണാഭമായി. സർവകലാശാലയിൽ പഠിച്ച് കായിക രംഗത്ത് ഉയരങ്ങൾ കീഴടക്കിയ താരങ്ങളും വൈസ് ചാൻസലറും പ്രോ–വൈസ് ചാൻസലറും രജിസ്ട്രാറും കായിക വിഭാഗം മേധാവിയും വിദ്യാർഥികളും ജീവനക്കാരും സ്പോർട്സ് സ്നേഹികളായ ബഹുജനങ്ങളും ഒരുമിച്ച് നിർവഹിച്ച ഉദ്ഘാടനച്ചടങ്ങ് പുതുമയായി.

സർവകലാശാലാ കായിക വിഭാഗത്തിലെ വിദ്യാർഥി ടി.ഷമീറിൽ നിന്ന് കായിക വിഭാഗം ഡയറക്ടർ ഏറ്റുവാങ്ങിയ ദീപശിഖ വൈസ് ചാൻസലർക്ക് കൈമാറി. വൈസ് ചാൻസലറിൽ നിന്ന് അഞ്ജു ബോബി ജോർജ് ദീപശിഖ ഏറ്റുവാങ്ങി. എല്ലാവരും ചേർന്ന് ട്രാക്കിൽ ഒരു റൗണ്ട് ഓടി. ഉദ്ഘാടന ശിലാഫലകം വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പ്രോ–വൈസ് ചാൻസലർ ഡോ.പി.മോഹൻ അധ്യക്ഷനായിരുന്നു. കായിക വിഭാഗം ഡയറക്ടർ ഡോ.വി.പി.സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സർവകലാശാലാ അത്ലറ്റുകളായ അഞ്ജു ബോബി ജോർജ്, വോളിബോൾ താരം ജോസ് ജോർജ്്, മുൻ കായിക വകുപ്പ് മേധാവി ഡോ.ഇ.ജെ. ജേക്കബ്, എസ്.എസ്. കൈമൾ, സി.പി.എം. ഉസ്മാൻ കോയ, ഒളിമ്പ്യൻ രാമചന്ദ്രൻ, ഒ.എം. നമ്പ്യാർ, എസ്. മുരളീധരൻ, മേഴ്സി കുട്ടൻ എന്നിവർ പ്രസംഗിച്ചു. രജിസ്ട്രാർ ഡോ.എൻ.മുഹമ്മദാലി സ്വാഗതവും കായിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി. മനോജ് നന്ദിയും പറഞ്ഞു.


ദേശീയ കായിക യുവജനക്ഷേമ വകുപ്പിന്റെ അഞ്ചരക്കോടി രൂപ ധനസഹായത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചത്. പുല്ല് വിരിച്ച ഫുട്ബോൾ കോർട്ട് ഒരുക്കാൻ 38 ലക്ഷം രൂപ കാലിക്കട്ട് സർവകലാശാല ചെലവഴിച്ചു. മേയ് 26 മുതൽ 28 വരെ നടക്കുന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിന് ഈ സ്റ്റേഡിയം വേദിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.