ബ്രാഡ്മാനെ മറികടന്ന് വോഗ്സ്
ബ്രാഡ്മാനെ  മറികടന്ന് വോഗ്സ്
Sunday, February 14, 2016 12:56 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ ഓസ്ട്രേലിയ ഡ്രൈവിംഗ് സീറ്റില്‍. സൂപ്പര്‍ ഫോം തുടരുന്ന ഉസ്മാന്‍ ഖവാജയുടെയും (140), ആഡം വോഗ്സിന്റെയും (പുറത്താകാതെ 176) മികവില്‍ ഓസീസ് രണ്ടാംദിനം അവസാനിപ്പിച്ചത് ആറിന് 463 റണ്‍സില്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിനെതിരേ 280 റണ്‍സിന്റെ ലീഡ്.

ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിട്ടവരില്‍ ബാറ്റിംഗ് ശരാശരി 100നു മുകളിലുള്ള ഒരേയൊരു താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ വോഗ്സായിരുന്നു (100.33) ഇന്നലത്തെ താരം. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ (99.94) നേട്ടമാണ് വോഗ്സ് താത്കാലികമായെങ്കിലും മറികടന്നത്. രണ്ടു തവണ പുറത്താകുന്നതിനിടെ കൂടുതല്‍ റണ്‍സ് നേടിയതില്‍ സച്ചിന്റെ (497 റണ്‍സ്) പേരിലുള്ള റിക്കാര്‍ഡും വോഗ്സ് (551) മറികടന്നു.


മൂന്നിന് 147 റണ്‍സുമായി രണ്ടാംദിനം തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഖവാജ-വോഗ്സ് സഖ്യം അതിവേഗം സ്കോര്‍ ഉയര്‍ത്തി. ടീം സ്കോര്‍ 299ല്‍ നില്‍ക്കേ ബോള്‍ട്ടിന്റെ പന്തില്‍ ഖവാജ പുറത്തായെങ്കിലും ഓസീസ് കുതിപ്പ് തടയാന്‍ കിവികള്‍ക്കായില്ല. 216 പന്തില്‍ 25 ബൌണ്ടറികളോടെയായിരുന്നു ഖവാജയുടെ ഇന്നിംഗ്സ്. ഇന്നലെ 297 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് മാത്രം വീഴ്ത്താനാണ് പേരുകേട്ട കിവി ബൌളിംഗിനായത്. ഇന്ന് കൂറ്റന്‍ ലീഡ് നേടുകയായിരിക്കും കങ്കാരുക്കളുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.