മക്കല്ലത്തിനു 100-ാം തുടര്‍ ടെസ്റ്
Friday, February 12, 2016 11:08 PM IST
വെല്ലിംഗ്ടണ്‍: ഇന്ന് വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ ഓസ്ട്രേലിയയ്ക്കെതിരേ ന്യൂസിലന്‍ഡ് രണ്ടു ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ എഴുതപ്പെടാന്‍ പോകുന്നത് പുതിയൊരു ചരിത്രം. ബ്രണ്ടന്‍ മക്കല്ലമെന്ന ന്യൂസിലന്‍ഡ് നായകന്റെ തുടര്‍ച്ചയായ നൂറാമത് ടെസ്റ് മത്സരമാകുമത്. ടെസ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തുടര്‍ച്ചയായി നൂറു മത്സരം കളിക്കുന്നത്. ഒരു കായിക മത്സരത്തിലെ ടീം ഇനത്തില്‍ ഒരാള്‍ ആദ്യമായാണ് നൂറു മത്സരവും ഒരണ്ണംപോലും നഷ്ടമാക്കാതെ കളിക്കുന്നത്. ന്യൂസിലന്‍ഡിനുവേണ്ടി നൂറു മത്സരം കളിക്കുന്ന മൂന്നാമത്തെ താരവുമാകും. ഡാനിയല്‍ വെട്ടോറി (112), സ്റ്റീഫന്‍ ഫ്ളെമിംഗ് (111) എന്നിവരാണ് ഇതിനുമുമ്പുള്ളവര്‍.

ക്രിക്കറ്റിലെ ഒരു സാധാരണ ദിനമല്ലാത്ത ഇന്നു മക്കല്ലത്തിന്റെ ചരിത്രമുഹൂര്‍ത്തത്തിനു വേദിയാകുന്നത് ന്യൂസിലന്‍ഡിലെ ഏറ്റവും പഴയ ഫസ്റക്ളാസ് ക്രിക്കറ്റ് വേദിയായ ബേസിനാണ്. 6500 പേരെയാണ് ബേസിന്‍ റിസര്‍വ് ഉള്‍ക്കൊള്ളുന്നത്. ഈ ചരിത്രമുഹൂര്‍ത്തിനു സാക്ഷ്യം വഹിക്കുന്നതിനായി ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയിരിക്കുകയാണ്.


2004 മാര്‍ച്ച് ഒമ്പതിന് ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് മക്കല്ലം ടെസ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം വിശ്രമമില്ലാതെ 99 എണ്ണം പൂര്‍ത്തിയാക്കി.

34 കാരനായ മക്കല്ലം ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ അവസാന മത്സരത്തോടെ ഏകദിനത്തില്‍നിന്നു വിരമിച്ചിരുന്നു. ക്രൈസ്റ്ചര്‍ച്ചില്‍ നടക്കാന്‍ പോകുന്ന രണ്ടാം ടെസ്റ് മക്കല്ലത്തിന്റെ 101-ാം മത്സരമാകും. ഈ മത്സരത്തോടെ ടെസ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് മക്കല്ലം അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ മക്കല്ലം 14 ടെസ്റ്റ് മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ഒരണ്ണം മാത്രമേ ജയിക്കാനായിട്ടുള്ളൂ. എന്നാല്‍, ഇത്തവണ കിവീസ് നായകന് ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ മികച്ചൊരു നിരയെയാണ് ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.