അത്ലറ്റിക്സ് ഇന്നുമുതല്‍; പ്രമുഖരുടെ അഭാവം പകിട്ടു കുറയ്ക്കും
അത്ലറ്റിക്സ് ഇന്നുമുതല്‍; പ്രമുഖരുടെ അഭാവം പകിട്ടു കുറയ്ക്കും
Tuesday, February 9, 2016 11:28 PM IST
ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഗ്ളാമര്‍ ഇനമായ അത്ലറ്റിക്സ് പോരാട്ടങ്ങള്‍ ഇന്നുമുതല്‍. എന്നാല്‍, പ്രമുഖരുടെ അഭാവം മീറ്റിന്റെ പകിട്ട് കുറയ്ക്കും. അതുപോലെ ഒളിമ്പിക്സിനു യോഗ്യത നേടിയ ഭൂരിഭാഗം അതലറ്റുകളും ഇവിടെ മത്സരിക്കുന്നില്ല. 800 മീറ്ററില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമായിരുന്ന ടിന്റു ലൂക്ക, ഒളിമ്പിക് തയാറെടുപ്പിലായതിനാല്‍ ഗെയിംസിന് എത്തിയിട്ടില്ല. അതുപോലെ ഒളിമ്പിക് ബെര്‍ത്ത് ഉറപ്പിച്ച ഷോട്ടപുട്ട് താരം ഇന്ദര്‍ജിത് സിംഗ് പങ്കെടുക്കില്ല. പരിക്കാണു പ്രശ്നം. രണ്ട് ഇനങ്ങളുടെയും ഫൈനല്‍ ഇന്നാണ്. മീറ്റിന്റെ ആദ്യദിനമായ ഇന്ന് 10 ഫൈനലുകള്‍ നടക്കും. മലയാളികളുടെ പ്രതീക്ഷയായി ലോംഗ് ജംപില്‍ മയൂഖ ജോണിയും പുരുഷന്മാരുടെ 5000 മീറ്ററില്‍ ടി. ഗോപിയും മത്സരിക്കാനിറങ്ങും. ഇരുവരും സുവര്‍ണപ്രതീക്ഷയിലാണ്. മയൂഖയ്ക്കും വെല്ലുവിളിയാകുന്നത് ശ്രീലങ്കയില്‍നിന്നുള്ള എന്‍.എസ്. പ്രിയദര്‍ശിനിയും വിദുഷ ലക്ഷണിയുമാണ്. ശ്രദ്ധ ഖുലെയും ഇന്ത്യക്കായി ഇറങ്ങും. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രിയദര്‍ശിനിയാണ് (6.43 മീറ്റര്‍) മുന്നില്‍. പട്ടികയില്‍ മയൂഖ നാലാമതാണ്. 6.34 മീറ്ററാണ് മയൂഖയുടെ മികച്ച ദൂരം. ശ്രദ്ധഖുലെ 6.38 മീറ്റര്‍ കണ്െടത്തിയിട്ടുണ്ട്. 5000 മീറ്ററില്‍ ടി. ഗോപി സൌത്ത് ഏഷ്യന്‍ പ്രകടനങ്ങളെടുത്താല്‍ രണ്ടാമതാണ്. ഇന്ത്യയുടെ തന്നെ ജി. ലക്ഷ്മണ്‍ ഒന്നാമതാണ്. പക്ഷേ, അദ്ദേഹം പങ്കെടുക്കുന്നില്ല. 5000 മീറ്ററില്‍ വെല്ലുവിളിയുയര്‍ത്താന്‍ മറ്റു രാജ്യങ്ങളിലെ ആരും ഉണ്ടാകില്ലാത്തതിനാല്‍ ഗോപിക്ക് ഉറച്ച മെഡല്‍ പ്രതീക്ഷിക്കാം.

800 മീറ്ററില്‍ ടിന്റുവിന്റെ അഭാവത്തില്‍ എം. ഗോമതിയും സരസ്വതിയുമാണ് മെഡല്‍ പ്രതീക്ഷകള്‍. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗോമതി രണ്ടാമതാണ്. പുരുഷന്മാരുടെ 800 മീറ്ററില്‍ രാഹുലും അജയ്കുമാര്‍ സരോജുമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. പുരുഷന്മാരുടെ ഹൈജംപ് ഫൈനലും ഇന്നാണ്. ഇന്ത്യക്കായി തേജസ്വിന്‍ ശങ്കര്‍, അജയ്കുമാര്‍ എന്നിവര്‍ മത്സരിക്കുന്നുണ്ട്.

വനിതകളുടെ 5000 മീറ്ററിലും ഇന്ത്യ സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്. എല്‍. സൂര്യ, സ്വാതി ഗധാവെ എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

അത്ലറ്റിക്സിലെ ഗ്ളാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനല്‍സും ഇന്നാണ്. വനിതാ വിഭഗത്തില്‍ ശ്രബാനി നന്ദ, ദ്യുതി ചന്ദ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പുരുഷന്മാരുടെ വിഭാഗത്തില്‍ ധരംവീറാണ് മെഡല്‍പ്രതീക്ഷ. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയുടെ ഹിമാഷ എഹ്സാനാണ് മുന്നില്‍. ധരംവീര്‍ മൂന്നാം സ്ഥാനത്താണ്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 400 മീറ്ററിന്റെ ഹീറ്റ്സ് മത്സരങ്ങള്‍ ഇന്നു നടക്കും. മലയാളി താരങ്ങളായ സിനി ജോസ്, ജിതിന്‍ പോള്‍, കുഞ്ഞുമുഹമ്മദ്, അഞ്ജു തോമസ് എന്നിവര്‍ മത്സരിക്കും. മലയാളിയായ മുഹമ്മദ് കുഞ്ഞിയാണ് പരിശീലകന്‍. വനിതകളുടെ ഹൈജംപില്‍ മഞ്ജുളയാണ് ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷ.


ഷൈനി മുന്നില്‍

കോട്ടയം: ദക്ഷിണേഷ്യന്‍ ഗെയിംസില്‍(മുമ്പ് സാഫ് ഗെയിംസ്) ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. അത് മലയാളികളുടെ പ്രിയതാരം ഷൈനി വില്‍സണാണ്. 21 മെഡലുകളാണ് 1984 മുതല്‍ 1995 വരെയുള്ള കാലയളവില്‍ സ്വന്തമാക്കിയത്. ഇതില്‍ 18ഉം സ്വര്‍ണമാണ്.

1984ല്‍ മൂന്നു സ്വര്‍ണം, 1985ല്‍ നാലു സ്വര്‍ണം, 1987ല്‍ രണ്ടു സ്വര്‍ണം, ഒരു വെള്ളി, 1989ല്‍ മൂന്നു സ്വര്‍ണം, 1991ല്‍ ഒരു സ്വര്‍ണം, ഒരു വെങ്കലം, 1993ല്‍ രണ്ടു സ്വര്‍ണം, ഒരു വെള്ളി, 1995ല്‍ മൂന്നു സ്വര്‍ണം എന്നിങ്ങനെയാണ് ഷൈനിയുടെ മെഡല്‍വേട്ട. പുരുഷവിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം ബംഗ്ളാദേശിന്റെ മുഹമ്മദ് ഷായും ശ്രീലങ്കയുടെ ദിസനായകെയുമാണ്. ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ പുരുഷതാരം ബഹാദൂര്‍ പ്രസാദാണ്; ഏഴു സ്വര്‍ണം. വ്യക്തിഗത ഇനത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരവും ഷൈനി വില്‍സണാണ്.

ഒരു മീറ്റില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം മലയാളികളുടെ അഭിമാനമായ പി.ടി. ഉഷയാണ്. 1987ല്‍ ഉഷ പങ്കെടുത്ത അഞ്ചിനങ്ങളിലും സ്വര്‍ണം നേടി. ഏറ്റവും കൂടുതല്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ പുരുഷതാരം ബഹാദൂര്‍ പ്രസാദാണ്; ഏഴു സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ഷൈനി വില്‍സണും; 11 റിക്കാര്‍ഡുകള്‍.

അത്ലറ്റിക്സിലെ ഇന്നത്തെ ഫൈനലുകള്‍

മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് നാലു മുതല്‍

വനിതകളുടെ ലോംഗ് ജംപ്
വനിതകളുടെ ഷോട്ട്പുട്ട്
പുരുഷന്മാരുടെ ഹാമര്‍ ത്രോ
വനിതകളുടെ 100 മീറ്റര്‍
വനിതകളുടെ 800 മീറ്റര്‍
പുരുഷന്മാരുടെ 800 മീറ്റര്‍
പുരുഷന്മാരുടെ ഹൈജംപ്
പുരുഷന്മാരുടെ 5000 മീറ്റര്‍
വനിതകളുടെ 5000 മീറ്റര്‍
പുരുഷന്മാരുടെ 100 മീറ്റര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.