ദക്ഷിണേഷ്യന്‍ ഗെയിംസിസില്‍ അര്‍ധസെഞ്ചുറിയും കടന്ന് പൊന്ന്
ദക്ഷിണേഷ്യന്‍ ഗെയിംസിസില്‍  അര്‍ധസെഞ്ചുറിയും കടന്ന് പൊന്ന്
Tuesday, February 9, 2016 11:24 PM IST
ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട അര്‍ധസെഞ്ചുറിയും കടന്ന് മുന്നേറുന്നു. ഗെയിംസ് മൂന്നു ദിനം പിന്നിടുമ്പോള്‍ ഇന്ത്യ 53 സ്വര്‍ണവും 20 വെള്ളിയും ആറു വെങ്കലവുമടക്കം 79 മെഡലുകളുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 11 സ്വര്‍ണവും 27 വെള്ളിയും 25 വെങ്കലവുമടക്കം 63 മെഡലുകളാണ് ശ്രീലങ്ക സ്വന്തമാക്കിയത്. നാലു സ്വര്‍ണമുള്ള പാക്കിസ്ഥാനാണ് മൂന്നാമത്. ഗെയിംസില്‍ ഇന്നലെയും മലയാളികള്‍ക്കു ശുഭദിനമായിരുന്നു.

ബാഡ്മിന്റണില്‍ എച്ച്.എസ്. പ്രണോയിയും പി.സി. തുളസിയും അടങ്ങുന്ന ഇന്ത്യ ടീം ഇനത്തില്‍ സ്വര്‍ണം നേടി. നീന്തലിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലുമാണ് ഇന്ത്യ ഇന്നലെയും മിന്നിയത്. നീന്തലില്‍ സേന്ദീപ് സേജ്വാള്‍ സ്വര്‍ണവേട്ടയില്‍ ഹാട്രിക് തികച്ചപ്പോള്‍ മലയാളി താരം പി.എസ്. മധു റിക്കാര്‍ഡോടെ സ്വര്‍ണത്തിന് അവകാശിയായി. 100 മീറ്റര്‍ ബാക്സ്ട്രോക്കിലാണ് മധു സ്വര്‍ണവേട്ട നടത്തിയത്. സമയം- 57.94 സെക്കന്‍ഡ്. തിരുവനന്തപുരം സ്വദേശിയായ മധു സര്‍വീസസ് താരമാണ്. ദേശീയ ഗെയിംസില്‍ നാലു സ്വര്‍ണം നേടി തിളങ്ങിയ താരമാണ് മധു. ഇന്ത്യയുടെ സേതു മണിക്യവേലിനാണ് വെള്ളി.

50 മീറ്റര്‍ ബ്രെസ്റ്സ്ട്രോക്കിലാണ് സന്ദീപ് സേജ് വാള്‍ ഇന്നലെ സ്വര്‍ണം നേടിയത്. ഇതോടെ അദ്ദേഹത്തിന്റെ സുവര്‍ണനേട്ടം മൂന്നായി. ഇന്ത്യയുടെ തന്നെ പുനീത് റാണയ്ക്കാണ് വെള്ളി. വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്റൈലിലാണ് വി. മാളവിക സ്വര്‍ണത്തിനുടമയായത്. സമയം- 9:19.48. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റൈലില്‍ ശ്രീലങ്കയുടെ മാത്യു അഭയ്സിംഗെയുടെ പിന്നിലായാണ് ഇന്ത്യയുടെ വീര്‍ധവാല്‍ ഖഡെ ഫിനിഷ് ചെയ്ത്. പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ഇന്ത്യയുടെ എം. അരവിന്ദ് സ്വര്‍ണം നേടി. ഭാരോദ്വഹനത്തില്‍ നാലു സ്വര്‍ണമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ 210 കിലോഗ്രാം ഉയര്‍ത്തി കവിത ദേവി സ്വര്‍ണം നേടി. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗത്തില്‍ വികാസ് ഠാക്കൂര്‍(300 കിലോഗ്രാം) പുരുഷന്മാരുടെ 94 കിലോഗ്രാം വിഭാഗത്തില്‍ പ്രദീപ് സിംഗ്(331), പുരുഷന്മാരുടെ 105 കിലോഗ്രാം വിഭാഗത്തില്‍ വിക്ടര്‍ അഭിലാഷ് ക്രിസ്റ്റഫര്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്.

സൈക്ളിംഗിലും ഇന്ത്യ ഇന്നലെ തിളങ്ങി. പുരുഷന്മാരുടെ 70 കിലോമീറ്റര്‍ ടീം ട്രയല്‍ വിഭാഗത്തില്‍ ഇന്ത്യക്കാണ് സ്വര്‍ണം. അതുപോലെ ഇതേ ഇനത്തില്‍ വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തി. രണ്ടു വിഭാഗത്തിലും ഇന്ത്യ പാക്കിസ്ഥാനെയാണു പരാജയപ്പെടുത്തിയത്. വനിതകളുടെ 40 കിലോമീറ്റര്‍ ടൈംട്രയലില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി.

ടെന്നീസില്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ നേപ്പാളിനെയും ബംഗ്ളാദേശിനെയും പരാജയപ്പെടുത്തി. പുരുഷ ഡബിള്‍സില്‍ അയ്സം ഖുറേഷി സഖ്യം ഇന്ത്യയുടെ രാമനാഥന്‍ സഖ്യത്തെ പരാജയപ്പെടുത്തി. വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്ന ശ്രീലങ്കയുടെ തിസുരിയെ പരാജയപ്പെടുത്തി.

ഹോക്കിയില്‍ തോല്‍വി

പുരുഷ ഹോക്കിയില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടു. ഒന്നിനെതി രേ രണ്ടു ഗോളിനായിരുന്നു പാക്കിസ്ഥാന്റെ വിജയം.

ജോഷ്നയ്ക്കു സ്വര്‍ണം

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസിസില്‍ വനിതകളുടെ വ്യക്തിഗത സ്ക്വാഷില്‍ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പയ്ക്കു സ്വര്‍ണം. പാക്കിസ്ഥാന്റെ മരിയ തുര്‍പകി വാസിറിനെ 10-12, 11-7, 11-9, 11-7ന് തോല്‍പ്പിച്ചാണ് ജോഷ്ന സ്വര്‍ണമണിഞ്ഞത്. ഒരു സെറ്റിനു പിന്നില്‍നിന്നശേഷമാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്.


പുരുഷന്മാരുടെ സിംഗിള്‍സ് മത്സരങ്ങളില്‍ സൌരവ് ഘോഷാലിനും ഹരീന്ദര്‍ പാല്‍ സിംഗിനും പാക്കിസ്ഥാന്‍ എതിരാളികള്‍ക്കു മുന്നില്‍ തോറ്റു വെങ്കലം കൊണ്ടു തൃപ്തരാകേണ്ടിവന്നിരുന്നു. കളത്തില്‍ വാസിര്‍ വളരെ മോശമായ പെരുമാറ്റമാണ് നടത്തിയതെന്നും വൈരം നിറഞ്ഞ കളി നടത്തിയതെന്നും ജോഷ്ന മാച്ച് ഓഫീഷ്യല്‍സിനു പരാതി നല്‍കി. റഫറിമാര്‍ മത്സരം കൈകാര്യം ചെയ്ത രീതി തനിക്ക് തൃപ്തികരമായിരുന്നില്ലെന്ന് ജോഷ്ന മത്സരശേഷം പറഞ്ഞു.

അമ്പെയ്ത്തില്‍ മൂന്നു സ്വര്‍ണം

ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍(സാഗ്) അമ്പെയ്ത്തില്‍ ഇന്ത്യക്ക് അഞ്ചു സ്വര്‍ണം. ഇന്നലെ നടന്ന അമ്പെയ്ത്ത് മത്സരങ്ങളില്‍ രാവിലെ ഒരു സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ട് സ്വര്‍ണം കൂടി സ്വന്തമാക്കി സ്വര്‍ണ മെഡലുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി. പുര്‍വാഷ ഷെന്‍ഡെ, ജ്യോതി വെന്നം, ലിലി ചാനു എന്നിവരടങ്ങിയ വനിത ടീം 228-217 എന്ന സ്കോറിന് ബംഗ്ളാദേശിനെ തകര്‍ത്താണ് ആദ്യ സ്വര്‍ണം നേടിയത്.

വനിതകള്‍ക്കു പിന്നാലെ, പുരുഷ ടീമും സ്വര്‍ണം നേടി. അഭിഷേക് വര്‍മ, രജത് ചൌഹാന്‍, മനാഷ് ജ്യോതി ചംഗ്മയി സംഘം ഭൂട്ടാനെ 230-219 എന്ന സ്കോറിന് തകര്‍ത്താണ് പുരുഷസംഘം രണ്ടാം സ്വര്‍ണം നേടിയത്.

അഭിഷേക് വര്‍മയും പുര്‍വാഷെ ഷെന്‍ഡെയും അടങ്ങിയ മിക്സഡ് ഡബിള്‍സ് ടീമും സ്വര്‍ണം നേടിയതോടെ അമ്പെയ്ത്തിലെ സ്വര്‍ണ നേട്ടം മൂന്നായി.

ഗുസ്തിയില്‍ ഇന്ത്യ മാത്രം

ഗുസ്തിയില്‍ 16 സ്വര്‍ണ മെഡലുകളില്‍ 14 എണ്ണവും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. വനിത വിഭാഗത്തിലെ എട്ട് ഇനങ്ങളിലും സ്വര്‍ണം ഇന്ത്യയ്ക്കായിരുന്നു. പുരുഷ വിഭാഗത്തില്‍ അത് ആറുമായി. സ്വര്‍ണം കൈവിട്ട രണ്ട് ഇനങ്ങളിലും വെള്ളി ഇന്ത്യയ്ക്കാണ്. ഇന്ത്യക്കു നഷ്ടമായ രണ്ടു സ്വര്‍ണവും പാക്കിസ്ഥാനാണ്. ഷില്‍പി ഷെറോണ്‍ (63 കിലോ), രജനി (69 കിലോ), നിക്കി (75 കിലേ), മൌസം ഖാത്രി(97 കിലോ), പ്രദീപ് (74 കിലോ) എന്നിവാരാണ് ഇന്നലെ ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

വുഷുവില്‍ സ്വര്‍ണവും വെള്ളിയും

ഗോഹട്ടി: വുഷുവില്‍ ഇന്നലെ പുരുഷവിഭാഗത്തില്‍ പുന്‍ഷിവ മെയ്തെയ് സ്വര്‍ണം നേടിയപ്പോള്‍ വനിത വിഭാഗത്തില്‍ സ്വച്ച ജാതവ് വെള്ളി നേടി. വുഷുവില്‍ മൂന്നു മെഡലുകള്‍ കൂടി ഇന്ത്യന്‍ താരങ്ങള്‍ ഉറപ്പാക്കി. സാന്തോയി ദേവി(52 കിലോ), അരുണ്‍ പാമാ ദേവി(60 കിലോ), പൂജ കാഡിയന്‍(70 കിലോ) എന്നിവരാണ് മൂന്നു വിഭാഗങ്ങളില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു സ്വര്‍ണം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ ഈ ഇനത്തില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഇന്ത്യക്കുണ്ട്.

ദക്ഷിണേഷ്യന്‍ ഗെയിംസ് മെഡല്‍നില

ഇന്ത്യ 53-20-6-79
ശ്രീലങ്ക 11-27-25-63
പാക്കിസ്ഥാന്‍ 4-11-14-29
ബംഗ്ളാദേശ് 3-7-21-31
നേപ്പാള്‍ 1-4-7-12
അഫ്ഗാനിസ്ഥാന്‍ 0-2-5-7
ഭൂട്ടാന്‍ 0-1-1-2
മാലദ്വീപ് 0-0-1-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.