അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ സെമിയില്‍
Sunday, February 7, 2016 11:51 PM IST
ഫത്തുള്ള: അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയെ 197 റണ്‍സിനു തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 349 റണ്‍സ് നേടി. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 39 ഓവറില്‍ 152 റണ്‍സിനു പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഋഷഭ് പാന്തിന്റെ സെഞ്ചുറിയുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. പാന്ത് 11 റണ്‍സ് നേടി. സര്‍ഫ്രാസ് ഖാന്‍ (76), അര്‍മാന്‍ ജാഫര്‍ (64), എന്നിവരും തിളങ്ങി. അന്‍മോല്‍പ്രീത് സിംഗ്, മഹിപാല്‍ ലംറോര്‍ എന്നിവര്‍ 41 റണ്‍സ് വീതം നേടി. നായകന്‍ ഇഷ്ഹാന്‍ കിഷാനെ (6) മൂന്നാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും പാന്ത് മികച്ച ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി. അന്‍മോല്‍പ്രീതുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 96 പന്തില്‍ 14 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു പാന്തിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ അഞ്ഞടിച്ച മഹിപാല്‍ 21 പന്തില്‍ 41 റണ്‍സ് നേടി. അവസാന ഓവറില്‍ മൂന്ന് സിക്സറുകളാണ് മഹിപാല്‍ പറത്തിയത്. പാന്ത് മാന്‍ ഓഫ് ദ മാച്ചായി.


കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. 33 റണ്‍സ് നേടിയ നികോ ഡാവിനാണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്കു വേണ്ടി മയാങ്ക് ഡാഗര്‍, അന്‍മോല്‍പ്രീത് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.