തളരാത്ത വീര്യവുമായി മുതിര്‍ന്ന താരങ്ങള്‍
തളരാത്ത വീര്യവുമായി മുതിര്‍ന്ന താരങ്ങള്‍
Sunday, February 7, 2016 11:51 PM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: കാലം തളര്‍ത്താത്ത ആത്മവീര്യവുമായി തലമുതിര്‍ന്ന താരങ്ങള്‍ ട്രാക്കില്‍ തീ പാറിച്ചപ്പോള്‍ ഗ്യാലറിയിലിരുന്ന മക്കളും കൊച്ചുമക്കളും കൈയടിച്ചു. മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ സംഘടിപ്പിച്ച 35-ാമത് സംസ്ഥാന മാസ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഈ സൂപ്പര്‍ താരങ്ങളുടെ പോരാട്ടം നടന്നത്. ഉച്ചവെയിലില്‍ ഓടിയും ചാടിയും കളിക്കളത്തില്‍ നിറഞ്ഞവരില്‍ ചില പരിചിത മുഖങ്ങളുമുണ്ടായിരുന്നു. മുന്‍ എംഎല്‍എ എം.ജെ.ജേക്കബ്, എയര്‍ ഫോഴ്സില്‍ സാര്‍ജന്റ് ആയിരുന്ന കോന്നി സ്വദേശി ജോണ്‍ കൊച്ചുമാത്യു, ജനസേവാ ശിശുഭവന്റെയും തെരുവ് നായ ഉന്മൂലനസംഘത്തിന്റെയും ചെയര്‍മാന്‍ ജോസ് മാവേലി, കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് മീറ്റില്‍ എണ്‍പത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ പി.എസ്. ജോണ്‍ എന്നിവരായിരുന്നു ഈ താരങ്ങള്‍.

65 വയസിനുമുകളില്‍ പ്രായമുള്ളവരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ജോസ് മാവേലി സ്വര്‍ണം നേടി. തെരുവ് നായ്ക്കളെ ഓടിച്ചാണ് താന്‍ മത്സര ഓട്ടം ശീലമാക്കിയതെന്ന് അദ്ദേഹം പറയുന്നു. 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളിലും ജോസ് മാവേലി പങ്കെടുക്കുന്നുണ്ട്. 2005ല്‍ ബാങ്കോക്കില്‍ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. 40 വയസുമുതല്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ പങ്കെടുക്കുന്ന ജോസ് മാവേലി നിരവധി തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്.


മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ 1500 മീറ്റില്‍ സ്വര്‍ണം നേടിയാണ് മുന്‍ എംഎല്‍എ കൂടിയായ എം. ജെ. ജേക്കബ് തന്റെ സാന്നിധ്യമറിയിച്ചത്. 70 വയസിനുമുകളിലുള്ളവരുടെ മത്സരത്തിലായിരുന്നു എം.ജെ. ജേക്കബ് സ്വര്‍ണം നേടിയത്. ഇന്ന് നടക്കുന്ന 800 മീറ്റര്‍ മത്സരത്തിലും സ്വര്‍ണം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. മാസ്റ്റേഴ്സിന്റെ ഏഷ്യന്‍, വേള്‍ഡ് മീറ്റുകളില്‍ പങ്കെടുത്ത് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള എം.ജെ. ജേക്കബ് മുമ്പ് പിറവം നിയോജകമണ്ഡലത്തില്‍ ടി. എം. ജേക്കബിനെ അട്ടിമറിച്ചാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. പഠനകാലത്ത് മികച്ച കായികതാരമായിരുന്ന ജേക്കബ് ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ കേരള യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 1500 മീറ്ററിലും കുറിച്ചിട്ട റിക്കാര്‍ഡ് 10 വര്‍ഷം മായാതെ കിടന്നു.

എയര്‍ ഫോഴ്സില്‍ സാര്‍ജന്റ് ആയിരുന്ന കോന്നി സ്വദേശി ജോണ്‍ കൊച്ചുമാത്യുവാണ് 85 വയസിന് മുകളിലുള്ളവരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയത്. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഡിസ്കസ് ത്രോയിലും ട്രിപ്പില്‍ ജെംപിലും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് മീറ്റില്‍ അസിസ്റന്റ് മാനേജരായി ഇന്ത്യന്‍ ടീമിനെ നയിച്ച എന്‍.കൃഷ്ണന്‍കുട്ടിയും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മീറ്റ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.