നാഗ്ജി ഫുട്ബോളില്‍ ജര്‍മന്‍ പടയോട്ടം
നാഗ്ജി ഫുട്ബോളില്‍ ജര്‍മന്‍ പടയോട്ടം
Sunday, February 7, 2016 11:47 PM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: നാഗ്ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന അര്‍ജന്റീന-ജര്‍മനി പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റൈന്‍ ടീമിനെ ചുരുട്ടിക്കെട്ടി ജര്‍മന്‍ ടീമിന്റെ പടയോട്ടം. ഗാലറിയില്‍ തിങ്ങിനിറഞ്ഞ കാണികളില്‍ ഭൂരിഭാഗവും അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമിനൊപ്പമായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ച ജര്‍മനിയുടെ ടിഎസ്വി 1860 മ്യൂണിക് അവസരം പാഴാക്കിയില്ല. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാര്‍ബറി ജര്‍മനിയുടെ ഫെലിക്സ് ബാഷ്മിഡിനെ ബോക്സിനുള്ളില്‍ ഫൌള്‍ ചെയ്യുകയായിരുന്നു. ജര്‍മനിയുടെ ഫെലിക്സ് വെബര്‍ എടുത്ത സ്പോട് കിക്ക് അര്‍ജന്റീനയുടെ ഗോളി ഫെറാറോ തട്ടിയകറ്റി. റീബൌണ്ട് ചെയ്ത പന്ത് ജര്‍മനിയുടെ ഫെലിക്സ് ബാഷ്മിഡ് ഇടങ്കാലുകൊണ്ട് തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളാക്കിമാറ്റി.

24-ാം മിനിറ്റില്‍ സിമോണ്‍ സെഫറിന്‍സിലൂടെ ജര്‍മനിയുടെ രണ്ടാം ഗോള്‍ പിറന്നു. വലതു വശത്ത് നിന്ന് ആഞ്ചലോ മേയര്‍ നീട്ടി നല്‍കിയ പാസ് സ്വീകരിച്ച നിക്കോളസ്, പന്ത് ഫെലിക്സ് ബാഷ്മിഡിന് കൈമാറി. ഫെലിക്സ് കൈമാറിയ പന്ത് നിയന്ത്രണത്തിലാക്കിയ സിമോണ്‍ പോസ്റ്റിന് പതിനഞ്ച് വാര അകലെവച്ച് പോസ്റ്റിലേക്കൊരു ബുള്ളറ്റ് ഷോട്ട്. അര്‍ജന്റീനയുടെ ആരാധകരെപ്പോലും കോരിത്തരിപ്പിച്ച ഇടിവെട്ട് ഷോട്ട് അര്‍ജന്റീനയുടെ വലകുലുക്കി. ആദ്യപകുതിയില്‍ രണ്ട് ഗോള്‍ നേടി ജര്‍മനി പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി അര്‍ജന്റീന ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ ജര്‍മന്‍ പോസ്റ്റിലേക്ക് ഇരമ്പിക്കയറുകയായിരുന്നു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനയെ ഭാഗ്യം തുണച്ചില്ല. 77-ാം മിനിറ്റില്‍ ജര്‍മനിയുടെ ഫാബിയന്‍ നല്‍കിയ പാസ് നിക്കോളസിന് പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യന്‍ കോപ്പല്‍ പെനാല്‍റ്റി ബോക്സിന്റെ ഇടതുവശത്തു നിന്നും തകര്‍പ്പനൊരു ഷോട്ടിലൂടെ മൂന്നാമത്തെ ഗോളും നേടി. ഇത് അര്‍ജന്റീനയുടെ പെട്ടിയില്‍ അടിച്ച അവസാന ആണിയായിരുന്നു. പിന്നീട് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ബാല്യം അര്‍ജന്റീനയ്ക്കില്ലായിരുന്നു. അര്‍ജന്റീനയുടെ ഗോളി ഫെറാറോയ്ക്ക് മൂന്നുവട്ടവും കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ മത്സരത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ജര്‍മനിയുടേത്.


അന്നും എതിരാളികള്‍ അര്‍ജന്റീനയായിരുന്നു. ഒരു ഗോളിന് വിജയിച്ച് ലോക കിരീടം ചൂടിയ ജര്‍മനി ഇന്നലെ മൂന്ന് ഗോള്‍നേടി വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. അര്‍ജന്റീനയുടെ ഔദ്യോഗിക ജേഴ്സിയണിഞ്ഞാണ് ഇന്നലെ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം നാഗ്ജി കപ്പിനിറങ്ങിയത്. കടും നീല ജേഴ്സിയണിഞ്ഞാണ് ജര്‍മനിയുടെ ചുണക്കുട്ടികള്‍ ഗ്രൌണ്ടിലെത്തിയത്. ആദ്യ മിനിറ്റില്‍തന്നെ ജര്‍മനിയുടെ ഫെലിക്സ് ബാഷ്മിഡിനെ ഫൌള്‍ ചെയ്തതിന് അര്‍ജന്റീനയുടെ പെഡ്രോ സോസയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. നിരവധി ഫൌളുകളാണ് അര്‍ജന്റൈന്‍ താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തതില്‍ രണ്ടും അര്‍ജന്റീനക്കാര്‍ക്കാണ് ലഭിച്ചത്. 49ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഫ്രാങ്കോ വലതുവിംഗില്‍ നിന്നും തൊടുത്ത ഷോട്ടാണ് ജര്‍മന്‍ ഗോളിയെ ആദ്യമായി പരീക്ഷിച്ചത്. ജര്‍മനിയുടെ മുന്‍ ഗോള്‍കീപ്പര്‍ ഒലിവര്‍കാന്റെ അതേ തന്‍മയത്വത്തോടെയായിരുന്നു ഗോള്‍ കീപ്പര്‍ കൈഫ്രിറ്റ്സ് ഇന്നലെ ജര്‍മന്‍ വല കാത്തുസൂക്ഷിച്ചത്. നാല് തവണ ഗോളെന്നുറച്ച നീക്കങ്ങളാണ് കൈഫ്രിറ്റ്സ് സമര്‍ഥമായി രക്ഷപ്പെടുത്തിയത്. 60-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ റോഡ്രിഗോ രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പോസ്റ്റിനടുത്തുവച്ച് അടിച്ച ബുള്ളറ്റ് ഷോട്ട് നൂറുശതമാനം ഗോളാണെന്നാണ് കാണികള്‍ പ്രതീക്ഷിച്ചത്.

ആര്‍പ്പുവിളികളുമായി കാണികള്‍ ചാടിയെഴുന്നേറ്റെങ്കിലും കൈഫ്രിറ്റ്സിന്റെ മാന്ത്രിക കരങ്ങള്‍ പന്ത് നെഞ്ചോട് ചേര്‍ത്തു. അവസാന മിനിറ്റുകളില്‍ അര്‍ജന്റീന പലരേയും മാറിമാറി പരീക്ഷിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയ്ക്ക് പോസ്റ്റിനരികെ വച്ച് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്രി സ്റ്യന്‍ അമ്രില്ലയ്ക്ക് ഗോളാക്കാനായില്ല. മൂന്ന് ഗോള്‍ വഴങ്ങി തോല്‍വിയേറ്റുവാങ്ങിയെങ്കിലും ആരാധകരെ ഒട്ടും നിരാശരാക്കാതെ മികച്ച പോരാട്ടമാണ് അര്‍ജന്റീന നടത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ എഫ്സി റാപ്പിഡ് ബുക്കാറസ്റ്, യുക്രെയിന്റെ എഫ്സി വോലിയന്‍ ലുറ്റ്സ്കിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.