ചാമ്പ്യന്‍പട്ടത്തിലേക്കു രണ്ടാംദിനവും കോട്ടയത്തിന്റെ കുതിപ്പ്
ചാമ്പ്യന്‍പട്ടത്തിലേക്കു രണ്ടാംദിനവും കോട്ടയത്തിന്റെ കുതിപ്പ്
Saturday, February 6, 2016 11:52 PM IST
തിരുവനന്തപുരം: സ്പെഷല്‍ ഒളിമ്പിക്സ് കേരള സ്റേറ്റ് അത്ലറ്റിക് മീറ്റ് 2016-ന്റെ രണ്ടാംദിനവും അക്ഷര നഗരിയുടെ കുതിപ്പു തുടരുന്നു. ഇന്നലെ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 529 പോയിന്റുകളുമായി കോട്ടയം ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി.

327 പോയിന്റുകളുമായി തിരുവനന്തപുരവും 259 പോയിന്റുകളുമായി എറണാകുളവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഹൈജംപ്, ലോംഗ് ജംപ്, ഷോട്ട്പുട്ട്, ട്രാക്ക് ഇവന്റുകള്‍ എന്നിവയാണ് ഇന്നലെ നടന്ന പ്രധാന മത്സരങ്ങള്‍. മത്സരങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ സംഘാടന മികവ് സഹായിച്ചു.

ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളില്‍ വിവിധ ഉപവിഭാഗങ്ങളായി തിരിഞ്ഞുള്ള മത്സരങ്ങള്‍ നടത്തുക ശ്രമഫലമായ കാര്യമാണ്. എന്നാല്‍ അധ്യാപകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമങ്ങള്‍ സ്പെഷല്‍ കായിക മേള മികവുറ്റതാക്കി.

ഉച്ചകഴിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്പെഷല്‍ ഒളിമ്പിക്സില്‍ മികട്ട പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന താരങ്ങളെ അനുമോദിക്കാന്‍ എല്‍എന്‍സിപിഇയില്‍ എത്തിയിരുന്നു.ഭിന്നശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

വൈസ് പ്രിന്‍സിപ്പല്‍ പരിശീലകയായി; മെഡലുകള്‍ വാരിക്കൂട്ടി കൊച്ചുമിടുക്കര്‍

തിരുവനന്തപുരം : കൊല്ലം നീണ്ട കര പ്രതീക്ഷാ സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ക്ക് സ്പെഷല്‍ ഒളിമ്പിക്സിന്റെ രണ്ടാം ദിനം പ്രതീക്ഷകള്‍ പൂവണിഞ്ഞ ദിനമായി. ഇവരുടെ പ്രതീക്ഷകള്‍ ട്രാക്കില്‍ സമ്മാനവര്‍ഷം ചൊരിഞ്ഞപ്പോള്‍ അതില്‍ മതിമറന്നു സന്തോഷിച്ചത് ഇവരുടെ പരിശീലകയും സ്പെഷല്‍ സ്കൂളിലെ വൈസ് പ്രിന്‍സിപ്പലുമായ സിസ്റര്‍ സെലിന്‍ ജോസഫും.


ഇന്നലെ നടന്ന വിവിധ ട്രാക്ക് ഇവന്റുകളില്‍ പ്രതീക്ഷാ സ്കൂളിലെ കുട്ടികളാണ് മിക്കതിലും ഒന്നാമതെത്തിയത്. 100 മീറ്ററില്‍ വിവിധ വിഭാഗങ്ങളിലായി അനൂപ്, ചാള്‍സ്, ലോലാക്, വൈശാഖ്, മേരിദാസ് എന്നിവരാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയത്. ഇവരില്‍ ചിലര്‍ മറ്റു കായിക ഇനങ്ങളിലും ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പ്രതീക്ഷാ സ്പെഷല്‍ സ്കൂളില്‍ നിന്നും 22 ഭിന്നശേഷിക്കാരായ കുട്ടികളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയത്.

നാളുകള്‍ നീണ്ട ചിട്ടയായ പരിശീലനമാണ് ഇവരുടെ വിജയങ്ങള്‍ക്കു പിന്നിലെന്നു പരിശീലകയായ സിസ്റര്‍ സെലിന്‍ പറഞ്ഞു.

മത്സരത്തിന് എത്തേണ്ട അവസാന മാസങ്ങളില്‍ ഇവര്‍ക്ക് മികച്ച പരിശീനം ഒരുക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള കോച്ച് എമില്‍ സ്റ്റാന്‍ലിയുടെ സേവനവും ഇവര്‍ക്കു ലഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ മഹിമ, സിസ്റര്‍ പ്രിന്‍സി, അധ്യാപികയായ സ്മിത എന്നിവരും കുട്ടികളുടെ പരിശീലനത്തിന് സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

പോയിന്റ് നില

കോട്ടയം - 529
തിരുവനന്തപുരം - 327
എറണാകുളം - 259
തൃശൂര്‍ - 189
വയനാട് - 125
ഇടുക്കി - 120
മലപ്പുറം - 115
പാലക്കാട് - 84
പത്തനംതിട്ട - 82
കോഴിക്കോട് - 65
ആലപ്പുഴ - 62
കൊല്ലം - 58
കണ്ണൂര്‍ - 51
കാസര്‍ഗോഡ്-49
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.