ഇംഗ്ളണ്ടിനു സൂപ്പര്‍ ജയം
Wednesday, December 2, 2015 11:32 PM IST
ഷാര്‍ജ: സൂപ്പര്‍ ഓവറിലെ ഉജ്വലവിജയത്തോടെ പാക്കിസ്ഥാനെതിരേ ഇംഗ്ളണ്ടിന് ട്വന്റി-20 പരമ്പര. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യരണ്ടിലും ഇംഗ്ളണ്ടിനായിരുന്നു വിജയം. ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇരുടീമും തുല്യ സ്കോര്‍നേടിയപ്പോള്‍ വേണ്ടിവന്നത് സൂപ്പര്‍ ഓവര്‍.

സൂപ്പര്‍ ഓവറില്‍ ഇംഗ്ളണ്ടിനുവേണ്ടി പന്തെറിഞ്ഞത് ക്രിസ് ജോര്‍ദാനായിരുന്നു. ക്രിസിന്റെ ഉജ്വല ബൌളിംഗില്‍ പാക്കിസ്ഥാനു നേടാനായത് വെറും മൂന്നുറണ്‍സ് മാത്രം. എന്നാല്‍, നാലു പന്തുകളില്‍ ഇംഗ്ളണ്ട് പാക് സ്കോര്‍ മറികടന്നു.

വിജയത്തോടെ ട്വന്റി-20 റാങ്കിംഗില്‍ ഇംഗ്ളണ്ട് നാലാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം, രണ്ടാംസ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാന്‍ ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സ്കോര്‍: 20 ഓവറില്‍ ഇംഗ്ളണ്ട് 154/8, പാക്കിസ്ഥാന്‍ 154/7


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 20 ഓവറില്‍ ജെയിംസ് വിന്‍സിന്റെയും (46), വോക്സിന്റെയും (37) മികവില്‍ 154 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ഷൊയ്ബ് മാലിക്കിന്റെ (75) തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വിജയം വരിക്കുമെന്നു കരുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഇംഗ്ളണ്ടിന്റെ സ്കോറായ 154ല്‍ത്തന്നെ പാക് സ്കോറും അവസാനിച്ചു. പാക്കിസ്ഥാനുവേണ്ടി അഫ്രീദി 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.

പരമ്പരയിലെ ആദ്യമത്സരത്തില്‍ 14 റണ്‍സിനും രണ്ടാം മത്സരത്തില്‍ മൂന്നുറണ്‍സിനുമായിരുന്നു ഇംഗ്ളണ്ടിന്റെ വിജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.