ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടെസ്റ് നാളെ മുതല്‍
ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടെസ്റ് നാളെ മുതല്‍
Wednesday, December 2, 2015 11:31 PM IST
ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയുടെ തമ്മിലുള്ള ടെസ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കേട്ല മൈതാനത്ത് ആരംഭിക്കും. ചരിത്രമുറങ്ങുന്ന കോട്ലയില്‍ ഇറങ്ങുമ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലാണ്. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ മികച്ച ഫോമിലാണ്.

മൊഹാലിയിലെയും നാഗ്പൂരിലെയും പോലെ സ്പിന്‍ പിച്ചാണ് ഇവിടെയുമൊരുക്കിയിരിക്കുന്നത്. ഗ്രൌണ്ടിന്റെ മോശമായ അവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി അധികൃതര്‍ കഠിന പ്രയത്നമായിരുന്നു. അതിനു പുറമേ വിനോദ നികുതി അടയ്ക്കാത്തതിനാല്‍ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് കോട്ലയില്‍ ക്രിക്കറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രശ്നത്തില്‍ ഇടപെട്ട കോടതി അടയ്ക്കാനുള്ള തുക അടച്ചതിനുശേഷം ക്രിക്കറ്റ് നടത്താന്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്‍ഓസി നല്‍കിയത്.

ടെസ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്ക മാത്രമായാണ് ഇവിടെ കളിക്കാത്തത്. അതുകൊണ്ട് അതവര്‍ക്കു പുതിയ അനുഭവമായിരിക്കും. 1948ലായിരുന്നു ഇവിടെ ആദ്യം ടെസ്റ് നടന്നത്. ജോണ്‍ ഗോഡാര്‍ഡിന്റെ നേതൃത്വത്തിലെത്തിയ വിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. പിന്നീട് 1952ല്‍ പാക്കിസ്ഥാനെതിരേ നടന്ന ടെസ്റില്‍ ഏഴാം വിക്കറ്റില്‍ ഹേമു അധികാരിയും ഗുലാം അഹമ്മദും ചേര്‍ന്ന് നേടിയ 109 റണ്‍സ് മറക്കാനാവാത്തതാണ്.

കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ 1969ല്‍ മിന്നും ജയം ആഘോഷിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്റെ റിക്കാര്‍ഡ് സുനില്‍ ഗാവസ്കര്‍ മറികടന്നത് ഈ വേദിയിലാണ്. 1983ലായിരുന്നു ഇത്. ഗാവസ്കറുടെ സെഞ്ചുറി റിക്കാര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറികടന്നതും ഇതേ വേദിയില്‍ത്തന്നെ. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലവും ഓര്‍മിക്കുന്ന അനില്‍കുബ്ളെയുടെ അസാമാന്യ പ്രകടനം ഈ വേദിയിലാണ്. പാക്കിസ്ഥാനെതിരേ ഒരിന്നിംഗിസിലെ 10 വിക്കറ്റും നേടി കുംബ്ളെ റിക്കാര്‍ഡിട്ടത് ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല. പുതിയ ചരിത്രത്തിനു കാതോര്‍ക്കുന്ന ക്രിക്കറ്റ് പ്രണയികള്‍ക്ക് എന്തെല്ലാമായിരിക്കും കോട്ല കാത്തുവച്ചിരിക്കുന്നത്. കാത്തിരുന്നു കാണാം.


നാലാം ടെസ്റിലും സ്റെയിനില്ല

ന്യൂഡല്‍ഹി: നാലാം ടെസ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ് ബൌളര്‍ ഡെയ്ല്‍ സ്റെയ്ന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ് മത്സരത്തിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. അതിനെത്തുടര്‍ന്ന് നാഗ്പുര്‍ ടെസ്റില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഇന്നലെ നടന്ന പരിശീലനത്തില്‍ സ്റെയ്ന്‍ പങ്കെടുത്തില്ല. അദ്ദേഹം പരിക്കില്‍ നിന്നു പൂര്‍ണമായി മോചിതനായിട്ടില്ലെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഇതോടെ ഫിറോസ് ഷാ കോട്ലയില്‍ നാളെ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ് പരമ്പരയിലെ അവസാന മത്സരത്തിലും സ്റെയിന്‍ കളിക്കില്ലെന്ന് ഉറപ്പായി. പരിക്കേറ്റ കയില്‍ ആബട്ടും കളിക്കുന്നില്ല. നാലു മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യയിറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.