ഫിഫയില്‍ നവീകരണത്തിനു മുന്നൊരുക്കമോ?
ഫിഫയില്‍ നവീകരണത്തിനു മുന്നൊരുക്കമോ?
Wednesday, December 2, 2015 11:30 PM IST
ജോസ് കുമ്പിളുവേലില്‍

സൂറിച്ച്: കോടികളുടെ കോഴയാരോപണത്തിന്റെ പേരില്‍ ഉഴുതുമറിച്ച ഫിഫയുടെ ഇതുവരെയുള്ള ചെയ്തികള്‍ക്ക് മാറ്റം വരുത്താനുള്ള മുഖ്യലക്ഷ്യവുമായി ഫിഫ എക്സക്യൂട്ടീവ് ഇന്ന് സൂറിച്ചില്‍ സമ്മേളിക്കുമ്പോള്‍ എന്തൊക്കെ കോളിളക്കങ്ങളാവാം ഉണ്ടാകുന്നതെന്നു കാതോര്‍ക്കുകയാണ് കായിക ലോകം.

അഞ്ചുകൊല്ലം മുമ്പ് ഇതുപോലൊരു സമ്മേളനത്തിലാണ് കൃത്യമായിപറഞ്ഞാല്‍, 2010 ഡിസംബര്‍ രണ്ടിനു നടന്ന ഫിഫ എക്സിക്യൂട്ടീവിലാണ് 2018-ലെയും 2022-ലെയും ലോകകപ്പ് വേദി നറുക്കെടുപ്പിലൂടെ തീരുമാനിച്ചത്. അന്ന് ഇംഗ്ളണ്ടിനെയും നെതര്‍ലന്‍ഡിനെയും ബല്‍ജിയത്തെയും സ്പെയിനിനെയും പോര്‍ച്ചുഗലിനെയും നോക്കുകുത്തിയാക്കി റഷ്യ 2018 ലെ ലോകകപ്പ് വേദി കൈയടക്കിയത്.

ഇതുവരെയുള്ള ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ എന്ന ഗള്‍ഫ് രാജ്യത്തിനും ലോകകപ്പ് വേദി കൈവന്നു.

2022 ലെ ആതിഥേയരായി ഓസ്ട്രേലിയെയും ജപ്പാനെയും എന്തിന് യുഎസിനെയും പിന്‍തള്ളി ഖത്തര്‍ ആ പദവി കൈപ്പിടിയിലൊതുക്കിയതോടെ കായിക ലോകത്തിന്റെ നിറുകയില്േക്കുയര്‍ന്നത് എണ്ണയുടെ പുകച്ചുരുളുകള്‍ വാനോളം ഉയര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങളുടെ അഭിമാനമാണ്. പ്രത്യേകിച്ച് ഖത്തര്‍ എന്ന ചെറിയ അതിസമ്പന്ന രാജ്യത്തിന്റെ പെരുമയാണ്.

എന്നാല്‍, ഏതാണ്ട്് നാലു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ രണ്ടു രാജ്യങ്ങളുടെയും ആതിഥേയത്വങ്ങള്‍ ലോകത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെട്ടു. ഒടുവില്‍ കള്ളങ്ങളുടെ, കോഴക്കഥകളുടെ സത്യാവസ്ഥകള്‍ ഒന്നൊന്നായി ചുരുള്‍ നിവര്‍ന്നു.

കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണസമിതിയുടെ അവസാനത്തെ സമ്മേളനമാണ് ഡിസംബര്‍ രണ്ട്, മൂന്ന്, തീയതികളില്‍ നടക്കുന്നത്. ആകെയുള്ള 24 അംഗ എക്സികൂട്ടീവില്‍ ആരോപണത്തിന്റെ പേരില്‍ പുറത്തു നില്‍ക്കുന്ന ഏഴു പേരൊഴിച്ച് മറ്റംഗങ്ങള്‍ പങ്കെടുക്കും.

1998 മുതല്‍ ഫിഫയുടെ പ്രസിഡന്റ് സ്ഥാനം കൈയടക്കിവച്ചിരുന്ന ജോസഫ് സെപ് ബ്ളാറ്ററുടെ കള്ളക്കളികള്‍ 2015 മെയ് മാസം പുറത്തുവന്നതോടെ ലോകഫുട്ബോളിന്റെ വിശ്വാസ്യതയുടെ ചട്ടുകം ചുട്ടുപൊള്ളാന്‍ തുടങ്ങി.

അഞ്ചാംതവണയും പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ബ്ളാറ്ററിന് ആ സ്ഥാനത്തു നിന്നും പടിയിറങ്ങേണ്ടി വന്നു. ഒപ്പം ഒരുപാടുകാലം നിഴല്‍പോലെ കൂടെയുണ്ടായിരുന്ന വിശ്വസ്തന്‍ എന്നു പേരെടുത്ത യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനി, കൂടാതെ ഏഴ് ഫിഫ കമ്മിറ്റിയംഗങ്ങളും നടപടികള്‍ക്ക് വിധേയരായി.


എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി മറ്റൊന്നാണ്. ഫിഫയില്‍ തികച്ചും ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്ന മുറവിളി സംഘടനയ്ക്ക് അകത്തു നിന്നും പുറത്തുനിന്നും ഉണ്ടായതോടെ ഫിഫയ്ക്കു പുതിയ മുഖം നല്‍കാനുള്ള ശ്രമത്തിലാണ് എക്സിക്യൂട്ടീവിലെ മറ്റംഗങ്ങള്‍. റിഫോം കമ്മീഷന്‍ ചെയര്‍മാന്‍ ഫ്രാന്‍സ്വാ കറാര്‍ഡിന്റെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുന്നത്. ഫിഫ പ്രസിഡന്റിന് പ്രായപരിധിയും കാലാവധിയും നിശ്ചയിക്കണമെന്ന നിര്‍ദേശം 2014 ല്‍ കമ്മറ്റി അപ്പാടെ തള്ളിയിരുന്നെങ്കിലും അതിനിയും തുറക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അംഗങ്ങളില്‍ പലരും. എന്നാല്‍ ഫിഫയുടെ ഘടനയില്‍ മാറ്റം വരണമെന്നുള്ള അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ചര്‍ച്ചചെയ്യപ്പെടും.അതുപോലെ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഉടച്ചുവാര്‍ക്കലും പ്രതീക്ഷിക്കാം.

അജന്‍ഡയിലെ പുതിയ നിര്‍ദേശങ്ങള്‍

സ്വതന്ത്രമായ ഒരു റിഫോം കമ്മീഷന്‍ രൂപീകര്ിക്കുക.ഒരു ബോര്‍ഡിന്റെ കീഴില്‍ സമയപരിധി നല്‍കി ഒരാളെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുക.

ഭരണഘടനയ്ക്ക് പുതിയ മാറ്റം വരുത്തി സ്റാറ്റസ്, കോഡ് എന്നിവയും പ്രാവര്‍ത്തിക നിയമവും കൊണ്ടുവരിക. അംഗത്വം, റഫറന്‍സ് കമ്മിറ്റി എന്നിവയ്ക്ക് പുതിയ ആധികാരികത നല്‍കുക. പുതിയ ഒരു സീനിയര്‍ എക്സിക്യൂട്ടീവ് തസ്തിക സൃഷ്ടിക്കുക.

സസ്പെന്‍ഷനില്‍ നില്‍ക്കുന്ന ബ്ളാറ്റര്‍, പ്ളറ്റീനി, ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കെ തുടങ്ങിയ ഏഴു പേര്‍ സമ്മേളനത്തില്‍ ഉണ്ടാവില്ല.

ആരോപണത്തിന്റെ പേരില്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച വോള്‍ഫ്ഗാങ് നീഴ്സ്ബാഹ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഡിഎഫ് ബി അറിയിച്ചിരിക്കുന്നത്. കൂടാതെ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജര്‍മന്‍ ഫുട്ബോള്‍ കൈസര്‍ ഫ്രന്‍സ് ബെക്കന്‍ബോവര്‍ക്കും ഇതുവരെ വിലക്കില്ല എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ഖത്തര്‍ വേദി നിര്‍മാണത്തെപ്പറ്റി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഫിഫയെ വെട്ടിലാക്കിയിരിക്കയാണ് ഏറ്റവും ഒടുവിലായി അംനെസ്റി ഇന്റര്‍നാഷണലാണ് വിമര്‍ശനവുമായി രംഗത്തു വന്നത്. വിദേശികളെ അടിമകളാക്കിയാണ് വേദി കെട്ടിപ്പടുക്കുന്നതെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അംനെസ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

അടുത്ത ഫിഫ എക്സിക്യൂട്ടീവ് 2016 ഫെബ്രുവരി 24നാണ് ചേരുക. 26ന് നടക്കുന്ന അസാധാരണ ഫിഫ കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.