ബ്ളാസ്റേഴ്സിന്റെ പതനം അപ്രതീക്ഷിതമല്ല
ബ്ളാസ്റേഴ്സിന്റെ പതനം അപ്രതീക്ഷിതമല്ല
Tuesday, December 1, 2015 11:57 PM IST
കേരള ബ്ളാസ്റേഴ്സിനെ തുടക്കംമുതല്‍ പിന്തുടരുന്നവര്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയും ഈ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നെന്ന്. അവസാന ഹോംമാച്ചില്‍ എഫ്സി ഗോവയോടും തോറ്റു നാണക്കേടിന്റെ അഴങ്ങളിലേക്കു വീണ ബ്ളാസ്റ്റേഴ്സിന്റെ കൂടാരത്തില്‍നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുന്‍നിരയിലേക്കു തിരിച്ചുവരാന്‍ കൂടുതല്‍ പ്രയത്നിക്കേണ്ടിയിരിക്കുന്നു.

ടീമില്‍ അരക്ഷിതാവസ്ഥ

ആദ്യ ഇലവനില്‍ മൈതാനത്തിറങ്ങാനുള്ള മാനദണ്ഡം എന്താണ്? ചോദ്യം ബ്ളാസ്റ്റേഴ്സ് താരങ്ങളോടാണെങ്കില്‍ മറുപടികള്‍ വ്യത്യസ്തമാകും. ഗോളടിക്കുന്നതോ മികച്ച പ്രകടനം നടത്തുന്നതോ അല്ല മറിച്ച്, ചിലരുടെ പ്രീതി പിടിച്ചുപറ്റുന്നതാണ് ടീമിലേക്കുള്ള പ്രവേശനം തീരുമാനിക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനെതിരേ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ ഗോളടിച്ചു തിളങ്ങിയ മുഹമ്മദ് റാഫിയുടെ കാര്യം തന്നെയെടുക്കുക. രണ്ടാം മത്സരത്തില്‍ റാഫിയെ പകരക്കാരനായി പോലും ഇറക്കിയില്ല. നാലാം മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ 15 മിനിറ്റ് മാത്രമാണു കളിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ബ്ളാസ്റേഴ്സ്-ചെന്നൈയിന്‍ എഫ്സി സെമി കണ്ടവരാരും മറക്കില്ല, സന്ദീപ് നന്ദിയെന്ന ഗോളിയെ. എലാനോ ബ്ളൂമറും സ്റ്റീഫന്‍ മെന്‍ഡോസയുമൊക്കെ കയറുപൊട്ടിച്ചു വന്നപ്പോഴും പതറാതെ പിടിച്ചുനിന്ന കാവല്‍ക്കാരന്‍. ഇത്തരമൊരു ട്രാക്ക് റിക്കാര്‍ഡുള്ള താരത്തെ ഇത്തവണ കളത്തിലിറക്കിയത് ഒരേയൊരു കളിയില്‍. മുംബൈ എഫ്സിക്കെതിരായ ആ കളിയിലാകട്ടെ നിരവധി രക്ഷപ്പെടുത്തലുകളുമായി കളംനിറയാനും നന്ദിക്കായി. തൊട്ടടുത്ത കളിയില്‍ വീണ്ടും സൈഡ്ബെഞ്ചില്‍.

ഈ സീസണിലെ ഏറ്റവും മോശം വിദേശതാരങ്ങളിലൊരാളായ സ്റീഫന്‍ ബൈവാട്ടറിനെയായിരുന്നു പോസ്റ്റിനു കീഴില്‍ പരിശീലക സംഘത്തിനു താത്പര്യം. 12 കളികളില്‍ 23 തവണയാണ് ബൈവാട്ടര്‍ എതിരാളികള്‍ക്കു കീഴടങ്ങിയത്. കേരളം തോല്ക്കുകയോ സമനില വഴങ്ങുകയോ ചെയ്ത മിക്ക കളികളിലും ബൈവാട്ടര്‍ വരുത്തിയ പിഴവുകള്‍ വളരെ വലുതായിരുന്നു. എന്നിട്ടും 12 കളികളില്‍ കളത്തിലിറങ്ങാന്‍ ഈ ഇംഗ്ളീഷ് താരത്തിനു സാധിച്ചതെങ്ങനെ. ടീമില്‍ ചേരിതിരിവുണ്െടന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ.

ടീം തെരഞ്ഞെടുപ്പിലെ പാളിച്ച

ഒരുക്കങ്ങളില്‍ തന്നെ തുടങ്ങുന്നു ബ്ളാസ്റേഴ്സിന്റെ പരാജയം. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ മടിച്ച ടീം മാനേജ്മെന്റ് ഒപ്പമുണ്ടായിരുന്നവരെ നിലനിര്‍ത്താനും ശ്രമിച്ചില്ല. ടീമിന് ആവശ്യമുണ്െടങ്കില്‍ പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന ഇയാന്‍ ഹ്യൂമിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാന്‍ പോലും തയാറായില്ല. കോല്‍ക്കത്തയിലെത്തിയ ഹ്യൂം പറന്നുകളിക്കുകയാണ്.

മറ്റു ടീമുകളെല്ലാം വിദേശത്തു പരിശീലനം നടത്തിയപ്പോള്‍ ബ്ളാസ്റ്റേഴ്സ് നാട്ടില്‍ തന്നെ നിന്നു. കാലാവസ്ഥയുമായി ഇണങ്ങിച്ചേരാനാണെന്നായിരുന്നു ന്യായം. ആ വാദം മുഖവിലയ്ക്കെടുക്കാം. മറ്റുള്ളവര്‍ നിലവാരമുള്ള വിദേശടീമുകളുമായി പരിശീലന മത്സരം കളിച്ചപ്പോള്‍ നമ്മുടെ ടീമിനു കിട്ടിയത് ഐ ലീഗിനു പോലും യോഗ്യത കിട്ടാത്ത ഏജീസിനെയും എസ്ബിടിയെയുമൊക്കെ; ബ്രസീലും അര്‍ജന്റീനയുമൊക്കെ ഇന്ത്യയുമായി പരിശീലനമത്സരം കളിക്കുന്നതുപോലെ. ഈ കളികളില്‍ നാലും അഞ്ചും ഗോളൊക്കെ അടിച്ചെങ്കിലും ടീമിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ മനസിലാക്കാനായതുമില്ല.

വീഴ്ചകള്‍ പാഠമാക്കാം

തോല്‍വികള്‍ തന്നെയാണു വലിയ പാഠങ്ങള്‍. മൈതാനത്തു മാത്രമല്ല, ജീവിതത്തിലും. ഇത്തവണത്തെ വീഴ്ച്ചകള്‍ വിലയിരുത്തി അടുത്ത സീസണിനായി ഒരുങ്ങാന്‍ ടീം ശ്രമിക്കണം. ഇത്രയേറെ നിരാശാജനകമായ പ്രകടനമായിരുന്നിട്ടും ആരാധകര്‍ ടീമിനെ ഉപേക്ഷിച്ചിട്ടില്ല. അവസാന മത്സരത്തിലും 30,000ത്തോളം പേര്‍ കളി കാണാനെത്തി. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഗോവയുടെയും ഡല്‍ഹിയുടെയുമെല്ലാം കളി കാണാനെത്തുന്നവരേക്കാള്‍ എത്രയോ അധികം. മലയാളക്കരയില്‍ വീണ്ടും അലയടിച്ച കാല്‍പ്പന്തിന്റെ ആരവം നിലയ്ക്കാതിരിക്കാന്‍ ബ്ളാസ്റേഴ്സ് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.