നോക്കൌട്ടിലേക്കു കണ്ണെറിഞ്ഞ് കേരളം
നോക്കൌട്ടിലേക്കു കണ്ണെറിഞ്ഞ് കേരളം
Tuesday, December 1, 2015 11:56 PM IST
പെരിന്തല്‍മണ്ണ: നോക്കൌട്ട് പ്രതീക്ഷകളുമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇറങ്ങുന്നു. ശക്തരായ ഹിമാചല്‍പ്രദേശാണ് എതിരാളികള്‍. ഇരുടീമിനും നോക്കൌട്ട് റൌണ്ടില്‍ കടക്കാന്‍ ജയം അനിവാര്യമാണ്. ഹിമാചലിനെതിരേ വിജയിച്ചാല്‍ കേരളം ക്വാര്‍ട്ടറിലെത്തും. ബിപുല്‍ ശര്‍മയാണ് സന്ദര്‍ശകരെ നയിക്കുന്നത്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സൌരാഷ്ട്രയെ കഴിഞ്ഞ മത്സരത്തില്‍ 45 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഏഴു മത്സരങ്ങളില്‍നിന്നായി 25 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ജാര്‍ഖണ്ഡിനോടു മാത്രമാണു പരാജയപ്പെട്ടത്.

രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ മികച്ച ബൌളര്‍മാരുടെ പട്ടികയില്‍ 42 വിക്കറ്റെടുത്ത കേരളത്തിന്റെ കെ. മോനിഷ് നാലാം സ്ഥാനത്താണ്. സൌരാഷ്ട്രയുമായി നടന്ന മത്സരത്തില്‍ മോനിഷായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഇതുവരെ നടന്ന കളികളില്‍നിന്നും 682 റണ്‍സെടുത്ത രോഹന്‍ പ്രേം സീസണിലെ മികച്ച ബാറ്റ്സ്മാന്മരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബാറ്റിംഗില്‍ വി.എ. ജഗദീഷും ഫോമിലാണ്. സഞ്ജു വി. സാംസണ്‍ മങ്ങിക്കളിക്കുന്നതു മാത്രമാണ് കേരളത്തെ പിന്നോട്ടടിക്കുന്നത്. ടീം നിര്‍ണായകഘട്ടത്തില്‍ നില്‍ക്കേ സഞ്ജു മികവിലേക്കുയരുമെന്നാണ് കോച്ച് കെ. ബാലചന്ദ്രന്റെ പ്രതീക്ഷ.

ഒരുപറ്റം പ്രതിഭാധനരായ താരങ്ങളുമായാണ് ഹിമാചലിന്റെ വരവ്. ഓള്‍റൌണ്ടര്‍ റിഷി ധവാന്‍, യുവതാരം അങ്കുഷ് ബെയ്ന്‍സ്, റോബിന്‍ ബിസ്റ്റ്, ബിപുല്‍ ശര്‍മ തുടങ്ങി ഒറ്റയ്ക്കു കളി നിയന്ത്രിക്കാന്‍ ശേഷിയുള്ളവരുടെ നിരയാണ് അവരുടേത്. ധര്‍മശാലയിലെ പിച്ചുമായി സാമ്യമുള്ളതാണ് ഇവിടത്തെ പിച്ചും. അതുകൊണ്ട് തന്നെ ഹോംഗ്രൌണ്ടിന്റെ ആനുകൂല്യം കേരളത്തിനു എത്രമാത്രം മുതലെടുക്കാനാകുമെന്നു കണ്ടറിയണം. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന റിഷി ധവാനാകും കരുതിയിരിക്കേണ്ട താരം. ഫാസ്റ് ബൌളറെന്ന നിലയിലും മധ്യനിരയില്‍ ബാറ്റുകൊണ്ടും ശ്രദ്ധേയ പ്രകടനങ്ങള്‍ റിഷി ഇതിനകം നടത്തിയിട്ടുണ്ട്. ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ട താരം കൂടിയാണ് ഈ 25കാരന്‍.


കേരളാ ടീം: സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍) വി.എ. ജഗദീഷ്, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, എം.ഡി. നിധീഷ്, കെ. മോനിഷ്, ബേസില്‍ തമ്പി, ഫാബിദ് ഫാറൂഖ് അഹമ്മദ്, നിയാസ് നിസാര്‍, സന്ദീപ് വാര്യര്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, അഹമ്മദ് ഫര്‍സീന്‍, അക്ഷയ് കോടോത്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനൂപ് എസ്. മനോഹരന്‍.

ഹിമാചല്‍പ്രദേശ് ടീം: ബിപുല്‍ ശര്‍മ, അങ്കുഷ് ബെയ്ന്‍സ്, അങ്കുഷ് ബേദി, റോബിന്‍ ബിസ്റ്റ്, പ്രശാന്ത് ചോപ്ര, റിഷി ധവാന്‍, പരസ് ദോഗ്ര, നിഖില്‍ ഗാങ്താ, പങ്കജ് ജയ്സ്വാള്‍, റോഹിത് മോറെ, വരുണ്‍ ശര്‍മ, ആകാശ് വസിഷ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.