ഹ്യൂസിന്റെ ഓര്‍മയില്‍ ക്രിക്കറ്റ് ലോകം
Saturday, November 28, 2015 10:50 PM IST
അഡ്ലെയ്ഡ്: കളിക്കിടെ മരിച്ച ഓസ്ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മയില്‍ ക്രിക്കറ്റ് ലോകം. ഹ്യൂസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് ലോക ക്രിക്കറ്റിലെ ചരിത്രപരമായ ഡേ നൈറ്റ് ടെസ്റ് അഡ്ലയ്ഡില്‍ തുടങ്ങിയത്. ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റിനു മുന്‍പ് താരങ്ങള്‍ പ്രിയ താരത്തെ അനുസ്മരിച്ച് മൌനം ആചരിച്ചു. ഈ സമയം ഡിസ്പ്ളേ ബോര്‍ഡില്‍ അദ്ദേഹത്തിന്റെ ചിത്രം തെളിഞ്ഞു.

25-കാരനായ ഹ്യൂസ് ഓസ്ട്രേലിയയിലെ ഫസ്റ് ക്ളാസ് മത്സരത്തിനിടെയാണ് പന്ത് തലയില്‍കൊണ്ട് മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25-നായിരുന്നു സംഭവം. ന്യൂ സൌത്ത് വെയ്ല്‍സിനെതിരായ മത്സരത്തില്‍ തെക്കന്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി 63 റണ്‍സോടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബൌണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്ക് കൊണ്ടത്. പന്തു കൊണ്ടതിനു പിന്നാലെ കളിക്കളത്തില്‍ വീണ ഹ്യൂസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.


ഹ്യൂസിനോടുള്ള ആദരസൂചകമായി കൈയില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞാണ് മൂന്നാം ടെസ്റിനു താരങ്ങള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഹ്യൂസിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ വിവിധ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.