പുതുചരിത്രം കുറിച്ച് ഡേ - നൈറ്റ് ടെസ്റ്
പുതുചരിത്രം കുറിച്ച് ഡേ - നൈറ്റ് ടെസ്റ്
Friday, November 27, 2015 11:17 PM IST
അഡ്ലെയ്ഡ്: ടെസ്റ് ക്രിക്കറ്റില്‍ പുതുചരിത്രമെഴുതുന്ന ഡേ നൈറ്റ് മത്സരം ഇന്ന്. ടെസ്റ് ചരിത്രത്തിലെ ആദ്യ രാപകല്‍ മത്സരം ഇന്ന് അഡ്ലെയ്ഡില്‍ ആരംഭിക്കും. ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മത്സരത്തിലാണ് പിങ്ക് പന്ത് ആദ്യമായി ഉപയോഗിക്കുന്നത്. ഫ്ളഡ്ലിറ്റ് വെളിച്ചത്തിലുള്ള മത്സരം, അതു ക്രിക്കറ്റ് പരീക്ഷണത്തിന്റെ മറ്റൊരു കാലഘട്ടത്തിനുള്ള ആദ്യ ചുവടാകും.

ഏകദിന ഡേ-നൈറ്റ്, ട്വന്റി-20 എന്നീ പരീക്ഷണങ്ങള്‍ വിജയിച്ച ശേഷമാണു ക്രിക്കറ്റിന്റെ സ്ഥായീഭാവമായ ടെസ്റിലേക്കും പരീക്ഷണത്തിന്റെ കൈ നീളുന്നത്. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ടെസ്റ് പരമ്പരയിലെ മൂന്നാം ടെസ്റാണ് ഡേ നൈറ്റ് പോരാട്ടത്തിലൂടെ ചരിത്രത്തില്‍ ഇടംപിടിക്കുക. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ടിക്കറ്റ് വിറ്റഴിഞ്ഞു. പകല്‍-രാത്രി ടെസ്റ് കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചുവപ്പിനു പകരം പിങ്ക് പന്താണ് ഉപയോഗിക്കുന്നതെന്നതാണു പകല്‍-രാത്രി മത്സരത്തിന്റെ പ്രധാന പ്രത്യേകത. ലോകത്തിന്റെ വിവിധ കോണുകളില്‍ ഡേ നൈറ്റ്, പിങ്ക് ബോള്‍ ടെസ്റ് അരങ്ങേറിയിരുന്നു.

2010നുശേഷം കൌണ്ടിയിലും അബുദാബിയിലും ഓസ്ട്രേലിയയിലും പരീക്ഷണാര്‍ഥം ഇത്തരം മത്സരങ്ങള്‍ നടന്നു. ഇതേത്തുടര്‍ന്നാണ് ആദ്യ രാജ്യാന്തര പോരാട്ടത്തിന് ഐസിസി അംഗീകാരം നല്കിയത്.


അതേസമയം, ക്രിക്കറ്റിന്റെ സ്വഭാവിക ഭംഗി നശിപ്പിക്കാന്‍ മാത്രമേ ഇത്തരം പരീക്ഷണത്തിലൂടെ സാധിക്കുകയുള്ളൂവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടെസ്റിന് കാണികള്‍ കുറയുന്ന സാഹചര്യത്തില്‍ ഈ ആശയം മികച്ചതാണെന്നും അഭിപ്രായമുണ്ട്. സാധാരണ ടെസ്റ്റ് മത്സരത്തിനിടെയുള്ള ചായ, ഉച്ചഭക്ഷണ ഇടവേളകള്‍ ചായ, അത്താഴ ഇടവേളകളായി മാറും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക. ആദ്യ സെഷന്‍ പ്രാദേശിക സമയം രണ്ടു മുതല്‍ നാലു വരെ. രണ്ടാം സെഷന്‍ 4.20 മുതല്‍ 6.20 വരെ. തുടര്‍ന്ന് ഡിന്നര്‍ ബ്രേക്ക്. മൂന്നാം സെഷന്‍ ഏഴു മുതല്‍ രാത്രി ഒമ്പതു വരെയും നടക്കും.



1877ല്‍ ഇംഗ്ളണ്ടും ഓസ്ട്രേലിയയും തമ്മില്‍ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയതിനു ശേഷം നിര്‍ണായകമായ നിരവധി മാറ്റങ്ങള്‍ മത്സരത്തില്‍വന്നു. 1935ല്‍ ബോഡിലൈന്‍ ബൌളിംഗ് നിരോധിക്കപ്പെട്ടു. 1948ല്‍ ആദ്യ അഞ്ചു ദിന ടെസ്റ് നടന്നു. ഓവറില്‍ ആറു പന്ത് എറിയണം എന്ന് 1980ല്‍ നടപ്പാക്കി.

1992ല്‍ തേഡ് അമ്പയര്‍ തീരുമാനം സ്വീകരിക്കപ്പെട്ടു. 2009ല്‍ ഡിആര്‍എസ് സംവിധാനം നിലവില്‍വന്നു. എന്തായാലും പുതിയ പരീക്ഷണം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.