ബ്ളാസ്റേഴ്സ് കട്ടപ്പുക
ബ്ളാസ്റേഴ്സ് കട്ടപ്പുക
Friday, November 27, 2015 11:15 PM IST
മുംബൈ: ഇല്ല. ഉയിര്‍ത്തെണീല്‍ക്കാന്‍ വലിയ ചിറകുകളുള്ള ഫിനിക്സ് പക്ഷിയായില്ല കേരള ബ്ളാസ്റേഴ്സ്. ഊണിനും ഉറക്കത്തിലും മഞ്ഞപ്പടയെ നെഞ്ചോടു ചേര്‍ത്ത ആരാധകരുടെ പ്രാര്‍ഥനകളും തുണച്ചില്ല. മുംബൈ സിറ്റിക്കെതിരേ 1-1 സമനിലയോടെ കേരള ബ്ളാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി കാണാതെ പുറത്ത്. രണ്ടു കളികള്‍ ബാക്കിയുണ്െടങ്കിലും അവസാന സ്ഥാനത്തുള്ള ബ്ളാസ്റേഴ്സിനു സാധ്യതകളൊന്നും അവശേഷിക്കുന്നില്ല. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25-ാം മിനിറ്റില്‍ സ്പാനിഷ് താരം അക്വിലേറയിലൂടെ ആതിഥേയരാണ് ആദ്യ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ അന്റോണിയോ ജര്‍മനിലൂടെ തിരിച്ചടിച്ചെങ്കിലും വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നേടാന്‍ അതൊന്നും മതിയായില്ല.

12 കളികളില്‍ നിന്ന് 12 പോയിന്റാണ് ബ്ളാസ്റ്റേഴ്സിനുള്ളത്. മുംബൈയ്ക്കു 13 പോയിന്റും. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ ഡി കോല്‍ക്കത്ത (20 പോയിന്റ്) ഉള്‍പ്പെടെ ഒരു ടീമും പ്ളേ ഓഫ് ഉറപ്പിച്ചിട്ടില്ല. അടുത്ത രണ്ടു കളിയും ജയിച്ചാല്‍ മുംബൈക്കു നേരിയ സാധ്യതയുണ്ട്.

ഒന്നാംസ്ഥാനത്തു നില്‍ക്കുന്നവരെപ്പോലെയാണ് ബ്ളാസ്റ്റേഴ്സ് കളി തുടങ്ങിയത്. നീക്കങ്ങളില്‍ മൂര്‍ച്ചയോ ജയിക്കണമെന്ന ആവേശമോ കണ്ടില്ല. ഗോളി സ്റ്റീഫന്‍ ബൈവാട്ടറിനെ കരയ്ക്കിരുത്താനുള്ള തീരുമാനം മാത്രമാകും ബ്ളാസ്റേഴ്സ് ആരാധകരെ സന്തോഷിപ്പിച്ചത്. ടീം മാനേജ്മെന്റിന്റെ തെറ്റായ നടപടികള്‍ക്കെതിരേ കൊച്ചിയിലെ അവസാന ഹോം മത്സരത്തില്‍ കറുത്ത തുണി കൊണ്ട് വായ്മൂടി കെട്ടി എത്തുമെന്ന ആരാധകര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ബൈവാട്ടേഴ്സിനെ പോലെ ചില മാനസപുത്രന്മാര്‍ ഫോമിലല്ലെങ്കില്‍ പോലും തുടര്‍ച്ചയായി ആദ്യ ഇലവനില്‍ കളിക്കുന്നത് വിമര്‍ശനമുയര്‍ത്തിയിരുന്നു. തകര്‍പ്പന്‍ സേവുകളുമായി ബൈവാട്ടേഴ്സിനെക്കാള്‍ മികച്ചവന്‍ താനെന്നു സന്ദീപ് നന്ദി തെളിയിക്കുകയും ചെയ്തു.


ഹോംഗ്രൌണ്ടില്‍ മുംബൈയുടെ പ്ളാനിംഗിന് അനുസരിച്ചായിരുന്നു കാര്യങ്ങള്‍. സന്ദേശ് ജിങ്കനടക്കമുള്ള പ്രതിരോധം കളി മറന്നതോടെ കളി കേരള പോസ്റ്റിലായി. സുനില്‍ ഛേത്രിയും സുഭാഷ് സിംഗും സോണി നോര്‍ദെയുമെല്ലാം അനായാസം പന്തുമായി മുന്നേറുകയും ചെയ്തു. കേരള മുന്നേറ്റമാകട്ടെ പന്ത് കിട്ടാതെ പൂരപ്പറമ്പില്‍ വേണ്ടപ്പെട്ടവരെ കിട്ടാതെ അലയുന്ന കുട്ടികളെപ്പോലെയായി. സ്ട്രൈക്കര്‍മാരായ ക്രിസ് ഡഗ്നലിനും അന്റോണിയോ ജര്‍മനും ആദ്യ പകുതിയില്‍ മുംബൈ ഗോള്‍മുഖത്ത് ഒരു ചലനവും സൃഷ്ടിക്കാനായില്ല. കോര്‍ണറില്‍ നിന്നായിരുന്നു മുംബൈയുടെ ഗോള്‍.

സോണി നോര്‍ദെയുടെ കിക്ക് സ ന്ദീപ് നന്ദി തട്ടിയകറ്റിയെങ്കിലും അവസരം കാത്തുനിന്ന അക്വിലേറൊയുടെ ഷോട്ട് പീറ്റര്‍ റെമേജിന്റെ കാലുകളില്‍ ഉരസി വലയിലേക്ക്. ഗോള്‍ വീണതോടെ കേരളം കൂടുതല്‍ തളര്‍ന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ നടത്തിയ ചില മുന്നേറ്റങ്ങളാണ് സമനില ഗോളിനു വഴിവച്ചത്. മുംബൈ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിനു വഴിവച്ചത്. ദീപക് മണ്ഡലിന്റെ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള സുഭാഷ് സിംഗിന്റെ ശ്രമം പാളി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അന്റോണിയോ ജര്‍മന്റെ കാലുകളിലായിരുന്നു പന്തെത്തിയത്. നിലംതൊടും മുമ്പേ തകര്‍പ്പന്‍ ഷോട്ടിലൂടെ ജര്‍മന്‍ പന്ത് വലയിലെത്തിച്ചു. അവസാന നിമിഷം വിജയത്തിനായി ബ്ളാസ്റേഴ്സ് പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.