വിമാനമേറിയ വിജയം; ദേശീയ ജൂണിയര്‍ അത്ലറ്റിക്സില്‍ കേരളത്തിന് കിരീടം
വിമാനമേറിയ വിജയം; ദേശീയ ജൂണിയര്‍ അത്ലറ്റിക്സില്‍ കേരളത്തിന് കിരീടം
Thursday, November 26, 2015 11:20 PM IST
റാഞ്ചി: നമ്മുടെ കുട്ടികള്‍ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കൊടുത്ത വാക്കു പാലിച്ചു. അല്ലെങ്കില്‍ കായിക കേരളത്തിന്റെ വിശ്വാസം പൊന്നോമനകള്‍ കാത്തു. ചരിത്രത്തിലാദ്യമായി വിമാനത്തില്‍ ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോയ കേരളം മടങ്ങുന്നത് കിരീടവുമായി. അവസാന ദിവസം കുതിച്ചു മുന്നേറിയ കേരളം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. 31 വര്‍ഷത്തെ ജൂണിയര്‍ അത്ലറ്റിക്സ് ചരിത്രത്തില്‍ കേരളം ഇത് 21-ാം തവണയാണ് കിരീടവുമായി മടങ്ങുന്നത്. കേരളം 403 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമതെത്തിയ ഹരിയാന 355.5 പോയിന്റിലൊതുങ്ങി. അതേസമയം മിനിയാന്ന് കേരളത്തിനൊപ്പമുണ്ടായിരുന്ന തമിഴ്നാട് 319 പോയിന്റുമായി മൂന്നാം സ്ഥാനത്തായി. സ്വര്‍ണവേട്ടയിലും കേരളം തന്നെ മുന്നില്‍. കേരളത്തിന് 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും ലഭിച്ചു.

ഒരിക്കല്‍ക്കൂടി പെണ്‍കുട്ടികളുടെ മികവിലാണ് റാഞ്ചിയില്‍ കേരളം കിരീടം റാഞ്ചുന്നത്. കേരളം നേടിയ 403 പോയിന്റില്‍ 304 പോയിന്റും ലഭിച്ചത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്‍ കേരളം തന്നെ. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 176 പോയിന്റ് മാത്രം. അണ്ടര്‍ 20 വിഭാഗത്തില്‍ 135 പോയിന്റോടെയും അണ്ടര്‍ 18 വിഭാഗത്തില്‍ 89 പോയിന്റോടെയും അണ്ടര്‍ 16 വിഭാഗത്തില്‍ 66 പോയിന്റോടെയും കേരള പെണ്‍കുട്ടികള്‍ ചാമ്പ്യന്മാരാകുമ്പോള്‍ അവരുടെ മികവ് എത്രത്തോളമെന്നു മനസിലാകും. ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും കേരളത്തിനു ചാമ്പ്യനാകാനായില്ല. അണ്ടര്‍ 20,18, 16 വിഭാഗത്തില്‍ ഹരിയാന ചാമ്പ്യനായപ്പോള്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ഗുജറാത്താണ് ചാമ്പ്യന്‍. പി.ടി. ഉഷ സ്കൂളിന്റെയും കേരളത്തിന്റെയും അഭിമാന താരം ജിസ്ന മാത്യുവിനെ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച അത്ലറ്റായി തെരഞ്ഞെടുത്തു. 200 മീറ്ററിലും 400 മീറ്ററിലും ജിസ്ന സ്വര്‍ണം നേടിയിരുന്നു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ താരത്തേക്കാള്‍ മികച്ച പ്രകടനമായിരുന്നു ജിസ്നയുടേത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ അബ്ദുള്ള അബൂബക്കര്‍ മികച്ച അത്ലറ്റായി. ട്രിപ്പിള്‍ ജംപിലെ മികച്ച പ്രകടനമാണ് അബ്ദുള്ളയ്ക്ക് തിളക്കമായത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ തന്നെ അപര്‍ണ റോയി മികച്ച താരമായി. നേരത്തെ പ്രഖ്യാപിച്ച ടീമില്‍നിന്ന് 63 അത്ലറ്റുകള്‍ പിന്മാറിയിട്ടും കേരളം കിരീടം നേടിയത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിന്റെ നേട്ടത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചു.

അവസാന ദിവസം കത്തിക്കയറി

മീറ്റിന്റെ അവസാന ദിനത്തിലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കേരളത്തിനു കിരീടം സമ്മാനിച്ചത്. 11 സ്വര്‍ണവും ഒമ്പതു വെള്ളിയും മൂന്നു വെങ്കലവുമാണ് കേരളം ഇന്നലെ കഴുത്തിലണിഞ്ഞത്. അത്യന്തം ആവേശം വിതറിയ 200 മീറ്ററില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 20, 18 വിഭാഗങ്ങളില്‍ കേരളമാണ് ഒന്നാമതെത്തിയത്. അണ്ടര്‍ 20 വിഭാഗത്തില്‍ എം. അഖില (25.01 സെക്കന്‍ഡ്)യും അണ്ടര്‍ 18 വിഭാഗത്തില്‍ ജിസ്ന മാത്യുവും(24.65) സ്വര്‍ണം നേടി. ജിസ്ന നേരത്തെ 400 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.


അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഉഷ സ്കൂളിലെ തന്നെ അബിത മേരി മാനുവല്‍ (2:10.18) പൊന്നണിഞ്ഞു. ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പെണ്‍ ആധിപത്യമായിരുന്നു ദൃശ്യമായത്. ജൂണിയര്‍ പെണ്‍കുട്ടികള്‍, അണ്ടര്‍ 18 വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനാണു സ്വര്‍ണം. അണ്ടര്‍ 20 വിഭാഗത്തില്‍ ജറിന്‍ ജോസഫും (1:02.92) അണ്ടര്‍ 18 വിഭാഗത്തില്‍ പി.ഒ. സയനയുമാണ്(1:03.17) റാഞ്ചിയില്‍ പൊന്നുരുക്കിയത്. അണ്ടര്‍ 18 വിഭാഗത്തില്‍ വെള്ളിയും അര്‍ഷിതയിലൂടെ(1:04.53) കേരളത്തിനു ലഭിച്ചു. ജൂണിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപിലും ഹൈ ജംപിലും കേരളം സ്വര്‍ണം നേടി. മീറ്റിലെ മികച്ച താരമായ അബ്ദുള്ള അബൂബക്കര്‍ 15.83 മീറ്റര്‍ കണ്െടത്തിയാണ് ട്രിപ്പിളില്‍ സ്വര്‍ണം ചാടിയെടുത്തത്. ലോംഗ് ജംപില്‍ 7.51 മീറ്റര്‍ കണ്െടത്തിയ എല്‍. സിറാജുദ്ദീന്‍ പൊന്നണിഞ്ഞു.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗം ട്രിപ്പിളിലും കേരളത്തിനാണ് സ്വര്‍ണം. കേരളത്തിന് അഭിമാനമായി കെ. ആല്‍ഫി ലൂക്കോസ് (12.24) സ്വര്‍ണമണിഞ്ഞു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍. അലീഷയും സ്വര്‍ണം സ്വന്തമാക്കി.

4-400 മീറ്റര്‍ റിലേയില്‍ ജൂണിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ കേരളം സ്വന്തമാക്കി. ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള താരങ്ങളായ തോമസ് പൌലോസ്, വിഷ്ണു എന്‍. നായര്‍, പി. ജിജുലാല്‍, സനു സാജന്‍ എന്നിവരുടെ സംഘം 3 മിനിറ്റ് 16.70 സെക്കന്‍ഡില്‍ ഓടിയെത്തി. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെരേസ ജോസഫ്, ഷഹര്‍ബാന സിദ്ദിഖ്, ജറിന്‍ ജോസഫ് തുടങ്ങിയവരുടെ സംഘം സ്വര്‍ണം നേടി. സമയം- 3:47.46.

വെള്ളി നേടിയവര്‍

അശ്വിന്‍ ആന്റണി (അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസ്), ആഗ്നല്‍ തോമസ്((അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസ്), അലീന വിന്‍സന്റ്(അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണ്‍), തെരേസ ജോസഫ് (അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 800 മീറ്റര്‍), അതുല്യ ഉദയന്‍(അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800), സ്മൃതിമോള്‍ രാജേന്ദ്രന്‍ (ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്), കെ.ജെ. ജോഫിന്‍(അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോംഗ് ജംപ്), എന്‍. പി. സംഗീത(അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപ്), അര്‍ഷിത(അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്)

വെങ്കലം നേടിയവര്‍

ജ്യോതി പ്രസാദ്(അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 200 മീറ്റര്‍), കെ.എം. നിബ(അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 200 മീറ്റര്‍, ലിബിയ ഷാജി(അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.