തന്ത്രം മാറ്റി ടീം ഇന്ത്യ
തന്ത്രം മാറ്റി ടീം ഇന്ത്യ
Wednesday, October 14, 2015 11:20 PM IST
ഇന്‍ഡോര്‍: ട്വന്റി-20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യ തകര്‍ന്നടിയുമോയെന്ന് ആരാധകര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ജയിച്ചു എന്നു തോന്നിച്ചിടത്തു നിന്നു പരാജയം ചോദിച്ചു വാങ്ങുകയാണ് ടീം ഇന്ത്യ ചെയ്തത്. ഈ പോക്ക് പോയാലോ എന്നതിനു പരമ്പര തൂത്തുവാരിക്കൊണ്ട് ദക്ഷിണാഫ്രിക്ക പോകുമെന്ന് തന്നെയാണ് ഉത്തരം. ബാറ്റിംഗിലും ബൌളിംഗിലും ഇന്ത്യയെ വെല്ലുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക ഈ പര്യടനത്തില്‍ നടത്തുന്നത്. ഇന്ത്യയാകട്ടെ ടീമിലെ പ്രശ്നങ്ങള്‍ പോലും തീര്‍ക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്നു. പ്ളേയിംഗ് ഇലവനെ തെരഞ്ഞെടുത്തതിലും ബാറ്റിംഗ് ഓര്‍ഡറിലും ഇന്ത്യക്ക് പിഴച്ചു. ആദ്യകളിക്കു ശേഷം വിരാട് കോഹ്ലി ഇത് തുറന്നുപറയുകയും ചെയ്തു. മത്സരത്തിനു മുമ്പുതന്നെ പ്ളെയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോഹ്ലിയും ധോണിയും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാണ്‍പൂരിലെ ആദ്യ തോല്‍വിക്ക് ശേഷം ഇന്ന് ഇന്‍ഡോറിലാണ് ഇന്ത്യയുടെ അടുത്ത അങ്കം. ടീമില്‍ പൊളിച്ചു പണിക്കുള്ള സാധ്യത പരിഗണിക്കപ്പെടുന്നുണ്ട്.

വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ തിരിച്ചുവരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രതിഭാധനനായ കളിക്കാരനാണ് കോഹ്ലി. ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് നിരവധിതവണ നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. എന്നാല്‍, സ്വാഭാവികമായ കളിയല്ല കോഹ്ലി കാണ്‍പൂരില്‍ പുറത്തെടുത്ത ത്. ബാറ്റിംഗ് ഓര്‍ഡര്‍ മാറിയതിന്റെ പ്രശ്നം കോഹ്ലിക്ക് ഉണ്ടായിരുന്നു. റണ്‍ ചേസ് ചെയ്യുന്നതില്‍ സ്പെഷലിസ്റായ കോഹ്ലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുതന്നെയാണ് ആരാധകരുടെയും പക്ഷം.

ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍ എന്നു പേരുകേട്ട ധോണിയുടെ പ്രകടനം എല്ലാ അര്‍ഥത്തിലും പരിതാപകരമായിരുന്നു. നിരവധി പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ വിജയിപ്പിച്ചിട്ടുള്ള ധോണിയെ അല്ല ക്രീസില്‍ കണ്ടത്. സ്ളോ ബാറ്റിംഗിന്റെ പേരില്‍ യുവരാജ് സിംഗിനെ ക്രൂശിച്ചിട്ടുള്ള ധോണി അതേ തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു. ആദ്യമത്സരത്തില്‍ അവസാന ഓവറില്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു ജയിക്കാന്‍. എന്നാല്‍, അതുപോലുമെടുക്കാന്‍ ധോണിക്കു കഴിയാതെ പോയെങ്കില്‍ അതിനര്‍ഥം അദ്ദേഹത്തിന്റെ പ്രതിഭ അസ്തമിച്ചു തുടങ്ങിയെന്നാണ്. അവസാന ഓവറുകളിലെ ബൌളിംഗാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. അവസാന ഓവറിലെ റണ്‍ വിട്ടുകൊടുക്കലാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യയെ ശരിക്കും ക്ഷീണിപ്പിച്ചത്. പത്ത് ഓവറില്‍ ദക്ഷിണാഫ്രിക്ക അടിച്ചത് 109 റണ്‍സാണ്. പേസ് ബൌളര്‍മാരെല്ലാം നിരാശപ്പെടുത്തി. ആര്‍ക്കും റണ്ണൊഴുക്ക് തടയാനായില്ല. അമിത് മിശ്രമാത്രമാണ് റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കു കാട്ടിയത്. അശ്വിന്‍ പരിക്കു മൂലം രണ്ടാം മത്സരത്തില്‍ കളിക്കുന്നുമില്ല. പകരം ഹര്‍ഭജന്‍ സിംഗ് ടീമില്‍ ഇടം നേടി.


ഓപ്പണര്‍ എന്ന നിലയില്‍ ശിഖര്‍ ധവാന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്നം. കഴിഞ്ഞ ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ധവാനു പകരം രഹാനയെക്കൊണ്ട് ഓപ്പണ്‍ ചെയ്യിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. 60 റണ്‍സെടുത്ത രഹാനെ മാത്രമാണ് രോഹിതിനു പിന്നില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. മധ്യനിരയില്‍ സുരേഷ് റെയ്നയുടെ പ്രകടനവും ഒട്ടും ആശാവഹമല്ല.

ബാറ്റിംഗിലും ബൌളിഗിലും ശരാശരി പ്രകടനം മാത്രം നടത്തുന്ന ഇന്ത്യന്‍ ടീമിന് മാച്ച് വിന്നിംഗ് കപ്പാസിറ്റി ഇല്ല എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. തളര്‍ന്നുപോയ ടീമിനെ ഉത്തേജിപ്പിക്കുന്നതില്‍ ധോണിയും പരാജയപ്പെടുമ്പോള്‍ പരമ്പര ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ബാലികേറാമലയാകുന്നു. എന്തായാലും തന്ത്രങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയാകും ധോണി ഇന്നു ടീമിനെ ഇറക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.