ക്ളാസിക് കോല്‍ക്കത്ത
ക്ളാസിക് കോല്‍ക്കത്ത
Wednesday, October 14, 2015 11:18 PM IST
കോല്‍ക്കത്ത: ഫുട്ബോള്‍ രാജാവ് പെലെയ്ക്കു മുന്നില്‍ ഇന്ത്യന്‍ എല്‍ ക്ളാസിക്കോ അരങ്ങു തകര്‍ത്തു. പറഞ്ഞ വാക്കും ചെയ്ത പ്രതിജ്ഞയും സാള്‍ട്ട് ലേക്കിലെ പൂരപ്പറമ്പില്‍ അക്ഷരംപ്രതി നടപ്പിലാക്കിയ നിലവിലെ ചാമ്പ്യന്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത, കേരളത്തിന്റെ ഹൃദയാഭിലാഷം- കേരള ബ്ളാസ്റ്റേഴ്സിനെ -ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ഫുട്ബോള്‍ രാജാവ് പെലെയ്ക്കു മുന്നില്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത ആദ്യ ഹോം മത്സരത്തില്‍ വിജയിക്കുമ്പോള്‍ നിര്‍ണായകമായത് രണ്ടു പകുതികളുടെയും തുടക്കത്തില്‍ പിറന്ന ഇന്ത്യന്‍- സ്പാനിഷ് ഗോളുകളാണ്. ആറാം മിനിറ്റില്‍ ഇന്ത്യന്‍ താരം അരാറ്റ ഇസുമിയും 53-ാം മിനിറ്റില്‍ സ്പാനിഷ് താരം ഹാവി ജാറയുമാണ് കോല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്. കേരള ബ്ളാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ 80-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ഡഗ്നലിന്റെ വകയായിരുന്നു.

അവസാന 20 മിനിറ്റില്‍ മാത്രം ഉണര്‍ന്നുകളിച്ച കേരള ബ്ളാസ്റേഴ്സ് ഏഴു കോര്‍ണറുകള്‍ സ്വന്തമാക്കിയെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാനായില്ല. പത്തിലേറെ ഗോള്‍ ഷോട്ടുകള്‍ പായിക്കാനും കേരളത്തിനായി. ഈ കളിയെന്തേ നേരത്തെ നടത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് പരിശീലകന്‍ പീറ്റര്‍ ടെയ്ലറാണ്.

കഴിഞ്ഞ രണ്ടു മത്സരത്തിലും മികച്ച കളി പുറത്തെടുത്ത സി.കെ. വിനീതിനെ അവസാന 20 മിനിറ്റില്‍ മാത്രം കളിക്കാനിറക്കിയ ടെയ്ലറിന്റെ തന്ത്രപരമായ പിഴവായിരുന്നു കേരളത്തിന്റെ പരാജയത്തിനുപ്രധാന കാരണമായത്. കേരളത്തിന്റെ മെഹ്താബ് ഹുസൈനു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതു നാണക്കേടായി.

കളിമറന്ന ആദ്യപകുതി

ആദ്യ രണ്ടു മത്സരങ്ങളിലും കേരള ബ്ളാസ്റേഴ്സ് പ്രകടിപ്പിച്ച ആത്മധൈര്യം മൂന്നാം മത്സരത്തില്‍ എവേ പോരാട്ടത്തിനിറങ്ങുമ്പോള്‍ ചോര്‍ന്നുപോയോ എന്ന സംശയമാണ് ആദ്യപകുതിയില്‍ ഉയര്‍ന്നത്. സാള്‍ട്ട് ലേക്ക് സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആവേശത്തിനു നടുവില്‍ ആത്മവിശ്വാസത്തോടെയായിരുന്നു കോല്‍ക്കത്ത തുടങ്ങിയത്. ആദ്യസ്പര്‍ശംതന്നെ ബ്ളാസ്റേഴ്സ് ബോക്സിലേക്കായിരുന്നു. എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നതായിരുന്നു ആ നീക്കം. മാര്‍ക്കീ താരം ഹെല്‍ദര്‍ പോസ്റ്റിഗയടക്കമുള്ളവര്‍ ഇല്ലാതിരുന്നിട്ടും മികച്ച ഒത്തിണക്കം കാണിച്ച അവര്‍ ആറാം മിനിറ്റില്‍ത്തന്നെ ബ്ളാസ്റ്റേഴ്സിന്റെ നെഞ്ചു തകര്‍ത്തു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടിക്കൊണ്ട് ജപ്പാന്‍ സ്വദേശിയായ ഇന്ത്യന്‍ താരം അരാറ്റ ഇസുമിയാണ് കോല്‍ക്കത്തയുടെ ഹൃദയം കവര്‍ന്ന്, കേരളത്തിന്റെ ഹൃദയം തകര്‍ത്തത്. ബോക്സില്‍ മുന്‍ ബ്ളാസ്റേഴ്സ് താരം ഇയാന്‍ ഹ്യൂം പ്രകടിപ്പിച്ച മികവാണ് ഗോളില്‍ കലാശിച്ചത്. പ്രതിരോധക്കാരെ സമര്‍ഥമായി കബളിപ്പിച്ച് ഹ്യൂം തൊടുത്ത ഷോട്ട് ബ്ളാസ്റ്റേഴ്സ് ഗോളി ബേവാട്ടറുടെ കൈകളില്‍ തട്ടി ഇസുമിയുടെ മുന്നിലേക്ക്. തക്കംപാര്‍ത്തിരുന്ന ഇസുമി ബ്ളാസ്റേഴ്സ് പ്രതിരോധ ഭടന്‍ ഗുര്‍വീന്ദറെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. ഇതുവരെ അത്രമികവില്‍ കളിക്കാതിരുന്ന കോല്‍ക്കത്തയുടെ ഫോമിലേക്കുള്ള കയറ്റമാണ് ഇവിടെ കാണാനായത്. അത്ലറ്റിക്കോയുടെ ഗോളില്‍ സന്തോഷിച്ച് ഫുട്ബോള്‍ രാജാവ് പെലെ പുഞ്ചിരി തൂകി.

ആദ്യഗോള്‍ വീണതിന്റെ ആത്മവിശ്വാസത്തില്‍ കോല്‍ക്കത്ത നിരന്തരം ആക്രമണങ്ങള്‍ നടത്തി. ബ്ളാസ്റ്റേഴ്സിന്റെ ആക്രമണങ്ങളാകട്ടെ, കോല്‍ക്കത്തന്‍ ബോക്സിനു വെളിയില്‍ നിരാശാജനകമായി അവസാനിക്കുകയായിരുന്നു. ഇതിനിടെ, പ്രതിരോധത്തില്‍ അമ്പേ പരാജയമായിരുന്ന ഗുര്‍വീന്ദര്‍ സിംഗിനെ പിന്‍വലിക്കാന്‍ കോച്ച് പീറ്റര്‍ ടെയ്ലര്‍ നിര്‍ബന്ധിതനായി. പകരമെത്തിയത് രമണ്‍ദീപ് സിഗാണ്.


38-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ ഒരു ഷോട്ട് മാത്രമാണ് അത്ലറ്റിക്കോ ഗോളിക്ക് പണിയുണ്ടാക്കിയത്. മധ്യനിരയില്‍ ഭാവനയോടെയുള്ള ഒരു നീക്കവും നടത്താനാകാത്ത ബ്ളാസ്റ്റേഴ്സിന്റെ തന്ത്രങ്ങള്‍ പാളുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സി.കെ. വിനീതിനു പകരം സൌമിക് ഡേയായിരുന്നു ഇടതുവിംഗറായി കളിച്ചത്. എന്നാല്‍, അദ്ദേഹം ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. സാള്‍ട്ട്ലേക്കില്‍ ആദ്യപകുതിയില്‍ ഒന്നും ചെയ്യാനാകാതെ ബ്ളാസ്റേഴ്സ് കൂടാരത്തിലേക്ക്.

മാറ്റത്തോടെ രണ്ടാം പകുതി

ആദ്യപകുതിയില്‍ അമ്പേ പരാജയമായിരുന്ന ഹൊസു പ്രീറ്റോയെ മാറ്റി പുള്‍ഗയെ മധ്യനിരയിലിറക്കിയ ടെയ്ലര്‍ കേരളത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍, ബ്ളാസ്റേഴ്സ് വലയില്‍ വീണ്ടും ഗോളടിച്ചുകൊണ്ടാണ് രണ്ടാം പകുതിയെ അത്ലറ്റിക്കോ വരവേറ്റത്. 53-ാം മിനിറ്റില്‍ സ്പാനിഷ് താരം ഹാവി ജാറയുടെ വകയായിരുന്നു അത്ലറ്റിക്കോ ജയമുറപ്പിച്ച ഗോള്‍. ഇയാന്‍ ഹ്യൂം, ബോര്‍ഹ ഫെര്‍ണാണ്ടസ്, ജാറ എന്നിവരുടെ ഉജ്വലമായ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇയാന്‍ ഹ്യൂം നല്‍കിയ മികച്ച പാസ് സ്വീകരിച്ച ജാറ ലോകോത്തര ഡിഫന്‍ഡര്‍മാരായ പീറ്റര്‍ റാമേജിനെയും ബ്രൂണോ പെറോണിനെയും വെട്ടിച്ച് വലയിലേക്കു പായിച്ചു. കേരള ബ്ളാസ്റേഴ്സ് വീണ്ടും ഞെട്ടി. കേരള താരങ്ങള്‍ പലപ്പോഴും എതിരാളികളെ ഫൌള്‍ ചെയ്യുന്ന കാഴ്ചയും ആരാധകരുടെ മുഖം ചുളിപ്പിച്ചു.

വിനീതിന്റെ വരവ്

സ്റാര്‍ട്ടിംഗ് ലൈനപ്പില്‍ പീറ്റര്‍ ടെയ്ലര്‍ക്കു പറ്റിയ പിഴവ് അദ്ദേഹം തിരുത്തിയപ്പോഴേക്കും സമയം വല്ലാതെ വൈകിയിരുന്നു. 70-ാം മിനിറ്റില്‍ സൌമിക് ഡേയ്ക്കു പകരം മലയാളിയുടെ പ്രിയതാരം സി.കെ. വിനീത് മൈതാനത്തേക്ക്. ഈ മാറ്റം ബ്ളാസ്റേഴ്സിനെ ചില്ലറയൊന്നുമല്ല സഹായിച്ചത്. നിരന്തര മുന്നേറ്റങ്ങളിലൂടെ ബ്ളാസ്റേഴ്സ് കുതിച്ചു. നീക്കങ്ങള്‍ക്കെല്ലാം വിനീത് ആസൂത്രകനായി. തുടര്‍ച്ചയായ കോര്‍ണറുകള്‍ കേരളത്തിനു ലഭിച്ചു. അതിനിടെ, കേരളം കാത്തിരുന്ന മുഹൂര്‍ത്തവുമെത്തി. 80-ാം മിനിറ്റില്‍ കേരളത്തിനു ഗോള്‍.

പീറ്റര്‍ റാമേജിന്റെ ഉയര്‍ത്തിയുള്ള ലോംഗ് പാസില്‍ ബോക്സില്‍ നിലയുറപ്പിച്ച സി.കെ. വിനീതിലേക്ക് വിനീതിന്റെ ഉജ്വല ഹെഡര്‍ കൈപ്പടിയിലൊതുക്കുന്നതില്‍ അത്ലറ്റിക്കോ ഗോളി യുവാന്‍ കാലറ്റിയോണ്‍ പരാജയപ്പെട്ടു. ഗോള്‍ ലൈനോടു ചേര്‍ന്ന നിന്ന ക്രിസ്റ്റഫര്‍ ഡാഗ്നലിന് പന്ത് വലയിലാക്കാന്‍ അധികം വിയര്‍ക്കേണ്ടി വന്നില്ല.

ഗോള്‍ വീണതോടെ കേരളം ഉണര്‍ന്നു കളിച്ചു. നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍കൊണ്ട് കളി സമ്പന്നമായി. ഏതു നിമിഷവും കേരളത്തിന്റെ രണ്ടാം ഗോള്‍ വീഴുമെന്ന അവസ്ഥ. എന്നാല്‍, അത്ലറ്റിക്കോ ഗോളി യുവാന്റെ അതിസമര്‍ഥമായ ഇടപെടലുകളും സേവുകളും അവര്‍ക്കു തുണയായി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കേരളത്തിന്റെ ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന്‍ തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡ് നേടി; ഒപ്പം ചുവപ്പുകാര്‍ഡുമായി മൈതാനം വിട്ടു.

ഇതോടെ കളിയുടെ രസച്ചരടു പൊട്ടി. അനാവശ്യമായ ഫൌളായിരുന്നു അത്. സമനില ഗോളിന് അവസാന നിമിഷംവരെ പോരാടിയെങ്കിലും കേരളത്തിന്റെ മുന്നേറ്റത്തെ സമര്‍ഥമായി തടയാന്‍ അത്ലറ്റിക്കോ പ്രതിരോധത്തിനായി. അങ്ങനെ ഈ സീസണില്‍ കേരളത്തിന് ആദ്യ തോല്‍വി. ഹോം ഗ്രൌണ്ടില്‍ കേരളത്തോടു പരാജയപ്പെട്ടില്ല എന്ന റിക്കാര്‍ഡ് കാത്തുസൂക്ഷിക്കാനും അത്ലറ്റിക്കോയ്ക്കായി. വിജയത്തോടെ പോയിന്റ് നിലയില്‍ കോല്‍ക്കത്ത ഒന്നാമതെത്തി. അവര്‍ക്ക് ഇപ്പോള്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.