വെടിയില്ല, പുക മാത്രം
വെടിയില്ല, പുക മാത്രം
Sunday, October 11, 2015 11:52 PM IST
ബിജോ സില്‍വറി

കൊച്ചി: മഞ്ഞക്കടലിരമ്പിയാര്‍ത്തെങ്കിലും ഇക്കുറി കൊച്ചിയില്‍ ബ്ളാസ്റേഴ്സിന് വിജയം കണ്െടത്താനായില്ല. ശക്തരായ മുംബൈ സിറ്റി എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചതില്‍ സച്ചിന്റെ ടീമിന് ആശ്വസിക്കാം. ആദ്യ പകുതിയില്‍ മുംബൈ കളം നിറഞ്ഞ് കളിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ബ്ളാസ്റേഴ്സ് തിങ്ങി നിറഞ്ഞ ഗാലറികളില്‍ ആവേശം പകര്‍ന്നു. പ്രതിരോധം ശക്തമാക്കിയ ബ്ളാസ്റ്റേഴ്സ് തോല്‍ക്കാതിരിക്കാനാണ് ശ്രമിച്ചത്. ആദ്യമത്സരത്തില്‍ തോറ്റ മുംബൈ വിജയം തേടിയാണ് എത്തിയതെങ്കിലും നിക്കൊളാസ് അനല്‍ക്കയുടെ ടീമിന് ലക്ഷ്യം കണ്െടത്താനായില്ല. മുഹമ്മദ് റാഫിയില്ലാതെയാണ് ബ്ളാസ്റേഴ്സ് ഇറങ്ങിയത്. മലയാളി താരം സി.കെ. വിനീതിന്റെ മികച്ച ചില പ്രകടനങ്ങള്‍ കാണികള്‍ക്ക് ആവേശമുണ്ടാക്കി.

കിക്കോഫില്‍നിന്നു തന്നെ മുംബൈ ആക്രമിക്കാന്‍ തുടങ്ങി. രണ്ടാം മിനിറ്റില്‍ തന്നെ ഹെയ്തി താരം സോണി നോര്‍ഡേ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പുറത്തേക്കാണ് പോയത്. ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ ഒരു ഷോട്ടും പുറത്തേക്കു പറന്നു. സോണി നോര്‍ഡെയെ ഗുര്‍വീന്ദര്‍ സിംഗ് വീഴ്ത്തിയതിന് ബോക്സിനു പുറത്തു വച്ചു ലഭിച്ച കിക്ക് സോണി നോര്‍ഡെ പോസ്റ്റിനുള്ളിലേക്ക് തിരിച്ചു വിട്ടു. സിംഗം സുഭാഷ് സിംഗ് ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ദുര്‍ബലമായ ഷോട്ട് സ്റ്റീഫന്‍ ബൈവാട്ടര്‍ കയ്യിലൊതുക്കി.

വിംഗിലൂടെയുള്ള സോണിയുടെ മുന്നേറ്റങ്ങളായിരുന്നു ഒന്നാം പകുതിയില്‍ മുംബൈ ആക്രമണങ്ങളുടെ സവിശേഷത. രണ്ടാം പകുതിയില്‍ സോണിയെ ബ്ളാസ്റ്റേഴ്സ് പ്രതിരോധം വരിഞ്ഞുകെട്ടി. തുടര്‍ച്ചയായി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുംബൈക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ല. മറുഭാഗത്ത് ബ്ളാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ പലതും മധ്യനിരക്ക് അപ്പുറം കടന്നുമില്ല. ആദ്യ പകുതിയുടെ മുപ്പതു മിനിറ്റുകള്‍ക്കു ശേഷമാണ് ബ്ളാസ്റേഴ്സ് ഗോളടിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയത്.

ബ്ളാസ്റേഴ്സ് കരുതലോടെ ചില മുന്നേറ്റങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തി. വിക്ടര്‍ ഹെറോറോ തൊടുത്ത ഒരു ലോംഗ് റേഞ്ചര്‍ ദേബ്ജിത് മജുംദാര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 25-ാം മിനിറ്റില്‍ ബോക്സിന് അടുത്തുനിന്നു ലഭിച്ച ഫ്രീകിക്ക് പെറോണ്‍ മുംബൈയുടെ പ്രതിരോധ മതിലിലേക്കാണ് അടിച്ചത്.

ബ്ളാസ്റ്റേഴ്സ് മധ്യനിരയില്‍ വിക്ടര്‍ വിയര്‍ത്തു കളിച്ചെങ്കിലും മുഹമ്മദ് റാഫിക്കു പകരമിറങ്ങിയ സ്ട്രൈക്കര്‍ മന്‍ദീപ് സിംഗിന് പന്തെത്തിക്കുന്നതില്‍ മറ്റുള്ളവര്‍ പരാജയപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിനെതിരേയുളള മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ആദ്യപകുതി. പന്തടക്കത്തിലും പാസുകളിലും മുന്നിട്ടു നിന്ന മുംബൈ കളിയുടെ 74 ശതമാനം നേരത്തും ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതി ബ്ളാസ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണു തുടങ്ങിയത്. പ്രതിരോധത്തില്‍ നിന്നും ബ്രസീല്‍ താരം ബ്രൂണോ പെറോണ്‍ മധ്യനിരയിലേക്ക് കയറിക്കളിച്ചതോടെ മുന്നേറ്റ നിരയ്ക്കു പന്തു ലഭിക്കാന്‍ തുടങ്ങി. വിനീതും രാഹുല്‍ ബെക്കെയും വിംഗുകളിലൂടെയും മുന്നേറാന്‍ തുടങ്ങിയതോടെ കളി ചൂടു പിടിച്ചു. മുംബൈ പരുക്കന്‍ കളി പുറത്തെടുത്തു. ക്രിസ് ഡാഗ്നലിനെ ചവിട്ടി വീഴ്ത്തിയതിന് മുംബൈ നായകന്‍ ഫ്രാന്റ്സ് ബെര്‍ട്ടിന് മഞ്ഞക്കാര്‍ഡ്. വിക്ടറിന്റെ ഫ്രീകിക്ക് ബോക്സിലേക്ക് പറന്നെത്തി. പക്ഷേ പീറ്റര്‍ റാമേജിന് ലഭിക്കുന്നതിനു മുമ്പ് ഗോളി ദേബ്ജിത് മജുംദാര്‍ പിടിച്ചെടുത്തു. 56-ാം മിനിറ്റില്‍ മെഹ്്താബ് ഹുസൈന് നല്ലൊരു അവസരം ലഭിച്ചു. പക്ഷേ ഹുസൈന്റെ ഷോട്ട് മുംബൈ പോസ്റ്റിനു മുകളിലൂടെ പോയി. നിറം മങ്ങിയ മന്‍ദീപ് സിംഗിനു പകരം ഇഷ്ഫാക് അഹമ്മദിനെ ഇറക്കി പീറ്റര്‍ ടെയ്ലര്‍ വീണ്ടും ബ്ളാസ്റ്റേഴ്സ് ആക്രമണം ശക്തിപ്പെടുത്തി. ഡാഗ്നലിന്റെ ഒന്നാന്തരമൊരു ക്രോസില്‍ കാല്‍വയ്ക്കാന്‍ വിനീതിനു കഴിഞ്ഞില്ല. 73ാം മിനിറ്റില്‍ ഡാഗ്നലിനു പകരം സാഞ്ചസ് വാട്ടിനെ ഇറക്കി. പ്രത്യാക്രമണത്തിലായിരുന്നു ഈ സമയം മുംബൈയുടെ ശ്രദ്ധ. മൂന്ന് ബ്ളാസ്റേഴ്സ് പ്രതിരോധക്കാരെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കയറിയ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ കാലുകളില്‍ നിന്നും പന്ത് റാഞ്ചിയെടുത്ത് സ്റീഫന്‍ ബൈവാട്ടര്‍ അപകടമൊഴിവാക്കി. മറുഭാഗത്ത് പന്തുമായി മുംബൈ ബോക്സിനുള്ളിലേക്ക് കുതിച്ചു കയറിയ സാഞ്ചസ് വാട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുന്നോട്ട് ഓടിക്കയറി ഗോളി മജുംദാര്‍ പന്ത് പിടിച്ചെടുത്തു. 84-ാം മിനിറ്റിലാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ ഫ്രെഡറിക് പിനോക്കെയെ അനല്‍ക്ക കളത്തിലിറക്കിയത്.


സോണി നോര്‍ഡെയുടെ ഒന്നാന്തരമൊരു ക്രോസ് പിനോക്കെ ബോക്സിനു തൊട്ടടുത്തു നിന്ന് പായിച്ചെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗോളി മാത്രം മുന്നല്‍ നില്‍ക്കേ സോണി നോര്‍ഡെ പുറത്തേക്കടിച്ചു കളഞ്ഞു. വിജയ ഗോളിനായി അവസാന നിമിഷങ്ങളില്‍ മുംബൈ കിണഞ്ഞു ശ്രമിച്ചെങ്കിലും പിഴവുകളും ബ്ളാസ്റേഴ്സ് പ്രതിരോധ മികവും അവര്‍ക്കതു നിഷേധിച്ചു.

ബ്ളാസ്റ്റേഴസ് ആദ്യ ഇലവനില്‍ കഴിഞ്ഞ തവണത്തെ ഗോളടിക്കാരായ മുഹമ്മദ് റാഫിയെയും ജോസു കുറിയാസിനേയും ഉള്‍പ്പെടുത്തിയിരുന്നില്ല. മധ്യനിരയില്‍ പീറ്റര്‍ കാര്‍വാലോയ്ക്കു പകരം വിക്ടര്‍ ഹെറോറോയും റാഫിക്കു പകരം മന്‍ദീപ് സിംഗും ഇറങ്ങി. ഗുര്‍വീന്ദര്‍ സിംഗിനെ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. നാലു മാറ്റങ്ങളോടെയാണ് മുംബൈ ഇറങ്ങിയത്.

13ന് ചാമ്പ്യന്‍മാരായ അത്ലറ്റികോ ഡി കോല്‍ക്കത്തയുമായാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബ്ളാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരവുമാണിത്. 18 ന് വീണ്ടും കൊച്ചിയില്‍. ഡല്‍ഹി ഡൈനാമോസാണ് എതിരാളികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.