സച്ചിന്‍ - വോണ്‍ പോരാട്ടം നവംബറില്‍
സച്ചിന്‍ - വോണ്‍ പോരാട്ടം നവംബറില്‍
Wednesday, October 7, 2015 12:25 AM IST
വാഷിംഗ്ടണ്‍: ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും ഷെയ്ന്‍ വോണിന്റെയും ടീമുകള്‍ വീണ്ടും ക്രിക്കറ്റ് പിച്ചില്‍. അമേരിക്കയിലെ വിവിധ വേദികളില്‍ നടക്കുന്ന ഓള്‍സ്റാര്‍ മാസ്റേഴ്സ് ലീഗിലാണ് ഇരുവരും കളിക്കുന്നത്. നവംബറിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍. വിരമിച്ച 25ലധികം താരങ്ങളാണ്രണ്ടു ടീമിലുമായി അണിനിരക്കുക. അമേരിക്കയിലെ ബേസ്ബോള്‍ സ്റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍. ആദ്യമത്സരം നവംബര്‍ ഏഴിനു ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. പതിനൊന്നിന് ഹൂസ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്റ്റേഡിയത്തിലുമാണ് മറ്റു മത്സരങ്ങള്‍. അമേരിക്കയിലെത്തുന്നത് ജനങ്ങളെ വിനോദിപ്പിക്കാനാണ്. ഒരു ഓര്‍മ നിലനിര്‍ത്താനും മനോഹരവും ഗുണനിലവാരവുമുള്ള ഒരു കളിയിലൂടെ അമേരിക്കന്‍ ജനങ്ങളില്‍ ക്രിക്കറ്റിന്റെ ഓര്‍മ നല്‍കാനുമാണ് തങ്ങള്‍ എത്തുന്നതെന്ന് സച്ചിന്‍ പറഞ്ഞു.


സച്ചിനും വോണിനുമൊപ്പം ക്രിക്കറ്റിലെ മറ്റ് ഇതിഹാസങ്ങളായ പാക്കിസ്ഥാന്റെ വസീം അക്രം, വെസ്റ് ഇന്‍ഡീസിന്റെ ബ്രയന്‍ ലാറ, ദക്ഷിണാഫ്രിക്കയുട ജാക്ക് കാലിസ്, ഇംഗ്ളണ്ടിന്റെ മൈക്കല്‍ വോണ്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധന എന്നിവരുമെത്തും. മൂന്ന് ബേസ്ബോള്‍ സ്റ്റേഡിയങ്ങളും താത്കാലികമായി ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റും. ന്യൂസിലന്‍ഡില്‍നിന്നുള്ള പിച്ച് നിര്‍മാണ വിദഗ്ധരാണ് പിച്ച് തയാറാക്കുന്നത്. ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ സീരീസ് എന്നാണ് മത്സരത്തെ അമേരിക്കയിലെ ക്ളാസിക് സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ചാനലിന്റെ സിഇഒ ബ്രയന്‍ ബെഡോള്‍ വിളിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.