മഴ മാറിയാല്‍ ഗോള്‍മഴ
മഴ മാറിയാല്‍ ഗോള്‍മഴ
Tuesday, October 6, 2015 12:01 AM IST
ബിജോ സില്‍വറി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ കേരള ബ്ളാസ്റേഴ്സിന്റെ അരങ്ങേറ്റ ത്തിനു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഒരുങ്ങി. നോര്‍ത്ത് ഈസ്റ് യുണൈറ്റഡാണ് എതിരാളികള്‍. രാത്രി ഏഴിനാണ് കിക്കോഫ്.

കടലാസില്‍ ഇത്തവണയും ശക്തരാണ് നോര്‍ത്ത് ഈസ്റ് യുണൈറ്റഡ്. കഴിഞ്ഞ തവണ പക്ഷേ കടലാസിലെ കരുത്തു തുണയായില്ലെന്നു മാത്രം. ഇത്തവണ പ്രധാന മാറ്റങ്ങളോടെയാണ് അവര്‍ എത്തിയിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ കേരള ബ്ളാസ്റ്റേഴ്സിനെ എതിരിടുമ്പോള്‍ മുന്നേറ്റനിരയിലാകും അവരുടെ കരുത്ത്. നേരേമറിച്ച് ബ്ളാസ്റ്റേഴ്സ് പ്രതിരോധമാണ് പ്രധാന ആയുധമാക്കുക. കഴിഞ്ഞ തവണ വടക്കു കിഴക്കുകാര്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലായിരുന്നു. 14 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ജയിക്കാനായുള്ളൂ. ആറു സമനിലകളും അഞ്ചു തോല്‍വികളും വഴങ്ങി. രണ്ടാം സീസണില്‍ പോരായ്മകള്‍ നികത്തിയാണ് ടീം ഒരുങ്ങിയിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്

ദക്ഷിണാഫ്രിക്കയില്‍ നടന്ന പരിശീലനമത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നോര്‍ത്ത് ഈസ്റ് പുറത്തെടുത്തത്. വെനിസ്വേല ദേശീയ ടീം മാനേജരായിരുന്ന സെസാര്‍ ഫരിയാസ് പരിശീലിപ്പിക്കുന്ന ടീമിന്റെ മാര്‍ക്കി സിമാവോ സബ്രോസയാണ്. പോര്‍ച്ചുഗലിനുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് സബ്രോസ. എന്നാല്‍ പരിക്കുമൂലം സബ്രോസ ഇന്നു കളിക്കില്ല. വടക്കുകിഴക്കന്‍ മേഖലയിലെ എട്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്ക് ടീമില്‍ മികച്ച പ്രാതിനിധ്യമുണ്ട്.

ആദ്യസീസണില്‍ സ്പെയിനിന്റെ ലോകകപ്പ് താരമായ യൊഹാന്‍ കാപ്ഡിവില്ലയായിരുന്നു മാര്‍ക്കി താരം. കാപ്ഡിവില്ലയ്ക്കു പകരമായാണ് സിമാവോ സബ്രോസ മാര്‍ക്കി താരമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന സാംബിയന്‍ താരം ക്വാംട്വാനി മതോംഗയേയും നിലനിര്‍ത്തിയിട്ടുണ്ട്. സെനഗല്‍ താരം ഡിയോമന്‍സി കമാറ സ്ട്രൈക്കറായി ടീമിലെത്തുമ്പോള്‍ മുന്നേറ്റനിര സുശക്തം.

പ്രതിരോധത്തില്‍ പോര്‍ച്ചുഗല്‍ താരം മിഗേല്‍ ഗാര്‍സ്യക്കായിരിക്കും മേല്‍നോട്ടം. കഴിഞ്ഞ തവണ ഉജ്വല പ്രകടനം കാഴ്ചവച്ച മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷാകും വല കാക്കുക. സഞ്ജു പ്രഥാന്‍, ഹൊലിചന്‍ നര്‍സറി, സെയ്ത്യസെന്‍ സിംഗ്, ലാല്‍തുമാവിയ റാള്‍ട്ടെ, സിയാം ഹാന്‍ഗലിന്‍, റീഗന്‍ സിംഗ്, യുംനം രാജു, മര്‍ലാന്‍ഗി സുതിംഗ്, സോങ്ങ്മിംഗ്ലിയാന റാള്‍ട്ടെ എന്നീ ഇന്ത്യന്‍ താരങ്ങളും നിരയിലുണ്ട്.

കഴിഞ്ഞ സീസണില്‍ കേരള ബ്ളാസ്റേഴ്സിന്റെ പ്രതിരോധത്തിലെ കരുത്തായിരുന്ന ഫ്രഞ്ചുകാരന്‍ സെന്‍ഡ്രിക് ഹെംഗ്ബര്‍ട്ടിനെയും ചെന്നൈയിന്‍ എഫ്സി ഗോളി ജെന്നാരോ ബ്രസിഗിലിയാനോയേയും സ്വന്തമാക്കിയത് നേട്ടമാകും. ഘാനയില്‍നിന്നുള്ള ഫ്രാന്‍സിസ് ഡാഡ്സെ, റിവര്‍പ്ളേറ്റിന്റെ യൂത്ത് സിസ്റത്തിലൂടെ വളര്‍ന്ന നികോളസ് വെലസ് എന്നിവര്‍ വിദേശനിരയിലെ കരുത്തരാണ്.

കേരള ബ്ളാസ്റേഴ്സ്

കഴിഞ്ഞവര്‍ഷം ഫൈനലില്‍ കോല്‍ക്കത്തയോടു തോറ്റ് രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സ് ടീമിന്റെ പുതിയ വിദേശനിരയെക്കുറിച്ച് പൊതുവേ മതിപ്പു പോരാ. കഴിഞ്ഞ തവണയും അതു തന്നെയായിരുന്നു സ്ഥിതിയെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. എന്നിട്ടും ഫൈനലിലെത്തി. നിര്‍ണായക മത്സരങ്ങളില്‍ കൈയ്യും മെയ്യും മറന്ന് കളിച്ചാണ് ബ്ളാസ്റേഴ്സ് ഫൈനല്‍ വരെ എത്തിയത്.

സെമിഫൈനലില്‍ ചെന്നൈയിന്‍ എഫ്സിയെ അട്ടിമറിച്ച കളി പുറത്തെടുക്കാനായാല്‍ ഇത്തവണയും കറുത്ത കുതിരകള്‍ മറ്റാരുമാകില്ല. സ്റീഫന്‍ പിയേഴ്സണ്‍ സ്ട്രൈക്കര്‍മാരായിരുന്ന ഇയാന്‍ ഹ്യൂം സി.എസ്. സബീത്ത് തുടങ്ങിയവര്‍ ഇത്തവണ ടീമിലില്ല. മനോഹര ഗോളിലൂടെ കാണികളെ കോരിത്തരിപ്പിച്ച മലയാളി താരം സുശാന്ത് മാത്യുവും ഇല്ല. മാര്‍ക്കി താരമായിരുന്ന ഡേവിഡ് ജയിംസിനു പകരമെത്തിയ കാര്‍ലോസ് മര്‍ച്ചേന പരിക്കുമൂലം നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം കളിക്കില്ല.

ഇംഗ്ളണ്ടിന്റെ ദേശീയ ടീമിനു വേണ്ടി കളിക്കുകയും പിന്നീട് ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത 62കാരനായ പീറ്റര്‍ ടെയ്ലറാണ് മുഖ്യപരിശീലകന്‍. കഴിഞ്ഞ തവണ തന്ത്രങ്ങള്‍ക്ക് രൂപംകൊടുത്ത സഹപരിശീലകന്‍ ട്രവന്‍ മോര്‍ഗനും ഒപ്പമുണ്ട്.


പ്രതിരോധത്തില്‍ മര്‍ച്ചേനയ്ക്കു പുറമേ ഇംഗ്ളണ്ടില്‍നിന്നുള്ള പീറ്റര്‍ റെമഗ, മര്‍ക്കസ് വില്യംസ്, ബ്രസീലുകാരന്‍ ബ്രൂണോ പെറോണ്‍ എന്നീ വിദേശതാരങ്ങളാണുള്ളത്. അന്റോണിയോ ജെര്‍മെയ്ന്‍, പോര്‍ച്ചുഗല്‍ താരം ജാവോ കോയിമ്പ്ര, ടീമില്‍ നിലനിര്‍ത്തിയ സ്പെയിന്‍കാരന്‍ വിക്ടര്‍ ഹെരേര ഫോര്‍ഡസ എന്നിവരാണ് മധ്യനിരയിലെ വിദേശികള്‍.

പ്രതിരോധത്തില്‍ ഇന്ത്യന്‍ താരങ്ങളായ സൌവിക് ഡേ, സന്ദേശ് ജിംഗാന്‍, ഗുര്‍വിന്ദര്‍സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവരും മധ്യനിരയില്‍ ഇഷ്ഫാക് അഹമ്മദ്, പീറ്റര്‍ കാര്‍വാലോ, മെഹ്താബ് ഹുസൈന്‍, സി.കെ. വിനീത്, ഇരുപതുകാരനായ ശങ്കര്‍ സംപിഗിരാജ് എന്നിവരുമുണ്ട്. ഗോള്‍പോസ്റ്റിനു കീഴെ സന്ദീപ് നന്ദിക്കായിരിക്കും പ്രഥമ പരിഗണന.

ഇംഗ്ളണ്ടുകാരന്‍ സ്റീഫന്‍ ബൈവാട്ടറും യുവതാരം ഷില്‍ട്ടണ്‍ പോളും പകരക്കാരാകും. സന്നാഹ മത്സരങ്ങളില്‍ ഷില്‍ട്ടണ്‍ പോള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മലയാളി താരം മുഹമ്മദ് റാഫിയും മന്‍ദീപ് സിംഗും ഇന്ത്യന്‍ സ്ട്രൈക്കര്‍മാരാണ്. ഇംഗ്ളണ്ടുകാരന്‍ ക്രിസ് ഡാഗ്നലും ഇംഗ്ളണ്ടുകാരനായ വിംഗര്‍ സാഞ്ചെസ് വാട്ടുമാണ് മുന്നേറ്റനിരയിലെ മറ്റുള്ളവര്‍.

എതിരാളികള്‍ ശക്തര്‍: പീറ്റര്‍ ടെയ്ലര്‍

നോര്‍ത്ത് ഈസ്റ് ടീം ശക്തരാണെന്നും കരുതിയാണിറങ്ങുന്നതെന്നും ബ്ളാസ്റ്റേഴ്സ് കോച്ച് പീറ്റര്‍ ടെയ്ലര്‍. വളരെ നന്നായി സെലക്ഷന്‍ നടത്തിയിട്ടുള്ള ടീമാണവരുടേത്. മികച്ച കളിക്കാരുമുണ്ട്. കഴിഞ്ഞ തവണ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാനക്കാരായി എന്നതു കാര്യമാക്കേണ്ട. മികച്ച എതിരാളികളായാണ് അവരെ ഞങ്ങള്‍ കാണുന്നത്. മാര്‍ക്കീ താരം കാര്‍ലോസ് മര്‍ച്ചേന പരിക്കില്‍ നിന്നു മെല്ലെ മോചിതനായി വരുന്നു. അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. മാര്‍ക്കീ താരം മത്സരത്തില്‍ ഇല്ലാത്തതില്‍ ഒരു സമ്മര്‍ദ്ദവുമില്ല. മാര്‍ക്കീ താരങ്ങള്‍ എല്ലാ മത്സരത്തിലും കളിക്കണമെന്നു നിര്‍ബന്ധമില്ല. മറ്റു മാര്‍ക്കീ താരങ്ങളും അങ്ങനെയൊക്കെയാണ്. കഴിഞ്ഞ തവണ സ്ട്രൈക്കര്‍മാര്‍ പരാജയമായിരുന്നുവെന്ന് വിലയിരുത്തുന്നത് ശരിയല്ല. ഗോളടിച്ചില്ലെങ്കില്‍ ഫൈനല്‍ വരെ എത്തുമായിരുന്നില്ലല്ലോ. ഇത്തവണ ടീം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറയാം. പരിശീലന മത്സരങ്ങള്‍ ഇന്ത്യയിലായത് ഗുണം ചെയ്തു. കളിക്കാര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളും കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ഇതു സഹായിച്ചു. സന്ദേശ് ജിംഗാന്‍ ആദ്യകളികളിലില്ലാത്തത് തിരിച്ചടിയാകില്ല- ടെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.

വന്നതു ജയിക്കാന്‍ തന്നെ: ഫാരിയാസ്

ഇന്നു നടക്കുന്നത് ശക്തമായ മത്സരമായിരിക്കുമെന്നു നോര്‍ത്ത് ഈസ്റ് എഫ്സിയുടെ പരിശീലകന്‍ സെസാര്‍ ഫാരിയസ് വ്യക്തമാക്കി. ബ്ളാസ്റേഴ്സ് മികച്ച ടീമാണ്. കഴിഞ്ഞ തവണ അവരത് തെളിയിച്ചിട്ടുണ്ട്. ഏതു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കുന്ന ഘടകങ്ങള്‍ അവര്‍ക്കുണ്ട്. നോര്‍ത്ത് ഈസ്റ്റ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്നവരാണ്. മറ്റു പല സംസ്ഥാനങ്ങളേയും പോലെ പരിശീലന സൌകര്യങ്ങളില്ലാത്തവരാണ് ഈ മേഖലയിലെ കളിക്കാര്‍. എന്നിട്ടും ചെറുപ്പക്കാര്‍ നല്ല കളിയാണ് പുറത്തെടുക്കുന്നത്. പ്രതിഭാസമ്പന്നമാണ് ഇവിടം. ഐഎസ്എലില്‍ ഇതു വളരെയേറെ ഗുണം ചെയ്യും. മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് ഭാവി താരമാണ്.

കഴിഞ്ഞ സീസണില്‍ എന്തു സംഭവിച്ചു എന്നത് ഇപ്പോള്‍ പ്രസക്തമല്ല. ഈ സീസണില്‍ നന്നായി കളിക്കുക എന്നതാണ് പ്രധാനം. കേരളത്തിലെ കാലാവസ്ഥ, നോര്‍ത്ത് ഈസ്റിലെ കാലാവസ്ഥ എന്നൊന്നും ഫുട്ബോളിലില്ല. ഏതു സാഹചര്യത്തിലും നന്നായി കളിക്കുക. അതാണു ഫുട്ബോള്‍. അതുകൊണ്ട് കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട കാര്യം കളിക്കാര്‍ക്കില്ല. ഞങ്ങള്‍ കുറച്ചു സമയം ഇവിടെ ചെലവഴിക്കാന്‍ വന്നവരല്ല. നന്നായി കളിക്കാന്‍ തന്നെയാണ് എത്തിയിരിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.