ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന്
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ഇന്ന്
Monday, October 5, 2015 11:54 PM IST
കട്ടക്ക്: ധര്‍മശാലയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ സമ്മര്‍ദവുമായി ടീം ഇന്ത്യ കട്ടക്കില്‍. പരമ്പര കൈവിട്ടു പോകാതിരിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റിക്കിറങ്ങുന്ന ധോണിക്കും സംഘത്തിനും ആശങ്ക പകരുന്ന മറ്റൊരു ഘടകം കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയാണ്. ഇന്നു കളിക്കിടെയില്‍ മഴ വിരുന്നിനെത്തിയേക്കാമെന്നാണ് കാലവസ്ഥാ പ്രവചനം. രാത്രി ഏഴു മുതലാണ് മത്സരം.

ബൌളര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു ആദ്യ തോല്‍വിക്കുശേഷം ധോണിയുടെ പ്രതികരണം. ടീം മാനേജ്മെന്റിനെ കുഴയ്ക്കുന്നതും ഇതുതന്നെ. ബാറ്റിംഗില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. സെഞ്ചുറിക്കാരന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമെല്ലാം മികച്ച ഫോമില്‍ തന്നെ. മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് ധര്‍മശാലയില്‍ കാര്യമായ റോളില്ലായിരുന്നു താനും. സുരേഷ് റെയ്നയും ശിഖര്‍ ധവാനുമെല്ലാം ഏതു നിമിഷവും ഫോമിലേക്കുയരാന്‍ ശേഷിയുള്ളവരാണ്. പോരാത്തതിനു ബാറ്റ്സ്മാന്‍മാരുടെ പറുദീസയാണ് ബാരാമതിയിലെ പിച്ച്.

ആര്‍. അശ്വിന്‍ ഒഴികെയുള്ള ബൌളര്‍മാരെല്ലാം ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ ചൂടറിഞ്ഞതാണ്. നന്നായി തുടങ്ങിയെങ്കിലും അവസാന ഓവര്‍ അക്ഷര്‍ പട്ടേലിനെയും ചതിച്ചു. സ്ട്രൈക്ക് ബൌളറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭുവനേശ്വര്‍ കുമാറിന്റെ പ്രഹരശേഷി എവിടെയോ പോയി മറഞ്ഞിരിക്കുന്നു. ലക്ഷ്യം അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പായതിനാല്‍ ബൌളിംഗ് യൂണിറ്റില്‍ തൃപ്തികരമല്ല കാര്യങ്ങള്‍. ഇന്ത്യാ എ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശിപാര്‍ശയില്‍ ടീമിലെത്തിയ ശ്രീനാഥ് അരവിന്ദിനും മറ്റൊരു പേസര്‍ മോഹിത് ശര്‍മയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ന് ചില മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഹര്‍ഭജന്‍സിംഗ് ടീമിലെത്തിയേക്കും.


ദീര്‍ഘപരമ്പരയില്‍ ജയത്തോടെ തുടങ്ങുക എപ്പോഴും നിര്‍ണായകമാണ്; പ്രത്യേകിച്ച് ഇന്ത്യയില്‍. ധര്‍മശാല നല്കുന്ന ആത്മവിശ്വാസത്തിലാകും ഫഫ് ഡുപ്ളെസിസും കൂട്ടരും ഇറങ്ങുക. ഇന്ത്യയെപ്പോലെ ബൌളിംഗാണ് സന്ദര്‍ശകര്‍ക്കും ചങ്കിടിപ്പേറ്റുന്നത്. കൈയ്ല്‍ ആബട്ടും കാഗിസോ റബാഡയും ഒഴികെയുള്ളവരെല്ലാം ആദ്യമത്സരത്തില്‍ പരാജയമായിരുന്നു. ഇന്ത്യയെ വെള്ളം കുടിപ്പിക്കുമെന്നു ഭയപ്പെട്ടിരുന്ന ഇമ്രാന്‍ താഹിറിനു നാലോവര്‍ തികച്ചെറിയാന്‍ പോലുമായില്ല.

ബാറ്റിംഗില്‍ കാര്യമായ പ്രശ്നങ്ങളില്ല. ഹാഷിം അംലയും എ.ബി. ഡിവില്യേഴ്സും പതിവുപോലെ മികച്ച തുടക്കം നല്കുന്നു. പരിക്കില്‍ നിന്നു മുക്തനായെത്തിയ ജെ. പി.ഡുമിനിയും ഫോമിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ഔട്ട്ഫീല്‍ഡിന്റെ വേഗത കുറച്ചേക്കാം. എങ്കിലും റണ്ണൊഴുകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.