ഗോവന്‍ പടയോട്ടം
ഗോവന്‍ പടയോട്ടം
Monday, October 5, 2015 11:51 PM IST
പനാജി: സീക്കോയുടെ ഗോവ പടയോട്ടം ആരംഭിച്ചു. സാക്ഷാല്‍ റോബോര്‍ട്ടോ കാര്‍ലോസ് കളത്തിലിറങ്ങിയിട്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനു ഗോവന്‍ ജയത്തെ തടഞ്ഞുനിര്‍ത്താനായില്ല. രണ്ടു ഗോള്‍ ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കാനും എഫ്സി ഗോവയ്ക്കായി. മൂന്നാം മിനിറ്റില്‍ ഡല്‍ഹിയുടെ സൌമിക് ചക്രവര്‍ത്തിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഗോവ, ഒന്നാംപകുതിയുടെ അവസാന നിമിഷം ബ്രസീലില്‍ നിന്നുള്ള റെയിനാള്‍ഡോയിലൂടെ രണ്ടാം ഗോളും നേടി.

4-3-3 ഫോര്‍മേഷനില്‍ കളിച്ച ഗോവയ്ക്കു തന്നെയായിരുന്നു കളിയില്‍ ആധിപത്യം. റെയിനാള്‍ഡോ, മന്ദര്‍റാവു ദേശായി, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കായിരുന്നു ആക്രമണച്ചുമതല. റിച്ചാര്‍ഡ് ഗ്രാഡ്സിയെ മാത്രം മുന്‍നിര്‍ത്തിയായിരുന്നു ഡല്‍ഹിയുടെ മുന്നേറ്റം. രണ്ട് തുറന്ന അവസരങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ ഡല്‍ഹി നിരാശപ്പെടുത്തി.

ചെറിയ മഴയത്ത് കളി ചൂടുപിടിക്കുന്നതിനു മുമ്പേ ഗോള്‍ വീണത് അവരെ തളര്‍ത്തി; സെല്‍ഫ് ഗോളായതിനാല്‍ പ്രത്യേകിച്ചും. ലിയോ മൌറയായിരുന്നു ഗോവയുടെ താരം. മധ്യനിരയില്‍ കളി നിയന്ത്രിച്ച ഈ ബ്രസീലുകാരന്‍ നല്കിയ പാസുകള്‍ പലപ്പോഴും ഡല്‍ഹി പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. നല്ലൊരു മുന്നേറ്റം നടത്താന്‍ ഡല്‍ഹിക്കു 12 മിനിറ്റു വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ മലുഡ ബോക്സിലേക്കു നീട്ടി നല്കിയ പന്ത് സ്വീകരിക്കാന്‍ സഹതാരങ്ങളാരും ഇല്ലായിരുന്നു. ഒരു ഗോള്‍ ലീഡില്‍ ആദ്യപകുതി അവസാനിച്ചേക്കുമെന്നു കരുതിയിരിക്കെയാണ് ഗോവ വീണ്ടും വലകുലുക്കുന്നത്. ഡല്‍ഹി പ്രതിരോധം എത്ര ദുര്‍ബലമാണെന്ന വെളിപ്പെടുത്തലായി ഈ ഗോള്‍. ജോഫ്രിയുടെ ഫ്രീകിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റെയിനാള്‍ഡോ അനായാസം വലയിലെത്തിച്ചു.


സൈഡ്ലൈനില്‍ നിന്നു റോബര്‍ട്ടോ കാര്‍ലോസ് കളത്തിലിറങ്ങുന്നതിനാണ് രണ്ടാംപകുതി സാക്ഷ്യം വഹിച്ചത്. ഇന്ത്യയില്‍ ആദ്യമായി പന്തു തട്ടിയ ബുള്ളറ്റ് മാന്‍ ഗാലറികളുടെ ആര്‍പ്പുവിളികളോടെയാണ് എത്തിയത്. പ്രതിഭയ്ക്കു പോറലേറ്റിട്ടില്ലെന്നു സാക്ഷ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ കാര്‍ലോസിനുമായില്ല.

ഇന്ന് മഹാരാഷ്ട്ര ഡര്‍ബിയില്‍ മുംബൈ സിറ്റിയും പൂന സിറ്റിയും ഏറ്റുമുട്ടും. കഴിഞ്ഞ തവണ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നവരാണ് ഇരുടീമും. മികച്ച മുന്നൊരുക്കത്തോടെയാണ് നിക്കോളസ് അനെല്‍ക്കയുടെ മുംബൈ എത്തുന്നത്. സുനില്‍ ഛേത്രിയുടെ സാന്നിധ്യവും അവര്‍ക്കു ഗുണംചെയ്യും. മറുവശത്ത് പുതിയ താരങ്ങളുടെ നിരയാണ് പൂനയുടേത്. പൂനയുടെ ഹോംഗ്രൌണ്ടായ ശിവ് ഛത്രപതി സ്റേഡിയത്തിലാണ് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.