മുണ്ടു മുറുക്കി ബ്ളാസ്റേഴ്സ് എത്തി
മുണ്ടു മുറുക്കി ബ്ളാസ്റേഴ്സ് എത്തി
Sunday, October 4, 2015 12:30 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: മുണ്ടും ഷര്‍ട്ടുമണിഞ്ഞ് തനി കേരളീയ വേഷത്തിലാണ് പീറ്റര്‍ ടെയ്ലറിന്റെ നേതൃത്വത്തില്‍ കേരള ബ്ളാസ്റേഴ്സ് ടീം ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാനെത്തിയത്. ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ എത്തിയ ടീമംഗങ്ങളെ കഥകളി വേഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ചെണ്ടമേളം സ്വീകരണത്തിന് കൊഴുപ്പേകി. ഇംഗ്ളണ്ടില്‍ നിന്നുള്ള ഗോള്‍കീപ്പര്‍ സ്റീഫന്‍ ബൈവാട്ടറും പ്രതിരോധ നിരയിലെ പീറ്റര്‍ റെമേഗയും വേഷമാറ്റം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന സ്പെയിനില്‍ നിന്നുള്ള മധ്യനിരതാരം വിക്ടര്‍ ഹെരേര ഫോര്‍ഡോസ, മറ്റു സംസ്ഥാനങ്ങളിലെ താരങ്ങള്‍ എന്നിവര്‍ മുണ്ടിനെ സ്വന്തം വേഷമായി സ്വീകരിച്ച മട്ടിലായിരുന്നു. ടീം ഒത്തിണക്കത്തോടെ കളിക്കുമെന്ന് പരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍ പറഞ്ഞു. പരിക്കേറ്റ മാര്‍ക്കീ താരം കാര്‍ലോസ് മര്‍ച്ചേന ആദ്യ മത്സരത്തില്‍ ഉണ്ടാകില്ല. ഉടന്‍ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. സെമിഫൈനല്‍ വരെ എത്തുക എന്നത് ഓരോ ടീമിനും വലിയ വെല്ലുവിളി ആയിരിക്കും. ഇത്തവണ കപ്പുയര്‍ത്തുകയാകും ടീമിന്റെ ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. മികച്ച താരങ്ങളെയും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ഫുട്ബോള്‍ താരങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നവരാണ്. മിക്കവരും കഴിഞ്ഞ ടൂര്‍ണമെന്റില്‍ കളിച്ചവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഐഎസ്എലില്‍ പന്തു തട്ടുകയെന്ന് മലയാളി താരം മുഹമ്മദ് റാഫി വ്യക്തമാക്കി. ആരാധകരുടെ ആത്മാര്‍ഥതയ്ക്ക് വിജയം കൊണ്ടു സമ്മാനം നല്‍കും. അത്ലറ്റികോ ഡി കോല്‍ക്കത്തയിലെയും ബ്ളാസ്റേഴ്സിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. രണ്ടും രണ്ടു തരം ടീമാണ്. ശക്തമായ മുന്നൊരുക്കം തന്നെയാണ് നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ് യുണൈറ്റഡുമായുള്ള പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങാനാവുമെന്നും റാഫി പ്രതീക്ഷ പ്രകടിപ്പിച്ചു.


ആക്രമണനിര ശക്തമാണെന്നും സ്കോറിംഗില്‍ ഇത്തവണ പ്രശ്നമില്ലെന്നും മറ്റൊരു മലയാളി താരം സി.കെ വിനീത് പറഞ്ഞു. മര്‍ച്ചേനയുടെ മടങ്ങി വരവ് എപ്പോഴെന്നത് സംബന്ധിച്ചു ടീം മാനേജ്മെന്റ് പറയുമെന്നും വിനീത് പ്രതികരിച്ചു. രണ്ടാം തവണയും ടീമില്‍ തന്നെ നിലനിര്‍ത്തിയതില്‍ ഏറെ സന്തോഷമുണ്െടന്ന് വിക്ടര്‍ ഹെരേര പറഞ്ഞു. ടീം മാനേജ്മെന്റിന്റെയും കാണികളുടെയും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

പ്രമുഖ പ്രീമിയം ആഡംബര പ്രോപ്പര്‍ട്ടി ഡവലപ്പറായ പ്രൈം മെറീഡിയന്‍ കേരള ബ്ളാസ്റേഴ്സിന്റെ പ്രധാന സ്പോണ്‍സറാകാനുള്ള കരാറില്‍ ഒപ്പിട്ടു. ഐഎസ്എലില്‍ കേരള ബ്ളാസ്റേഴ്സ് കളിക്കാരുടെ ഷോര്‍ട്സില്‍ പ്രൈം മെറീഡിയന്റെ ലോഗോ പ്രദര്‍ശിപ്പിക്കും. ടീമിനോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിരേന്‍ ഡിസില്‍വ, പ്രൈം മെറീഡിയന്‍ മാനേജിംഗ് ഡയറക്ടര്‍ രവി ശങ്കര്‍ എന്നിവരുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.