മനംകവര്‍ന്ന് രജനിയും സച്ചിനും
മനംകവര്‍ന്ന് രജനിയും സച്ചിനും
Sunday, October 4, 2015 12:25 AM IST
സ്വന്തം ലേഖകന്‍

ചെന്നൈ: ഇന്ത്യന്‍ കലകളുടെ സംഗമവേദിയായി ഉദ്ഘാടന വേദി. ഇന്ത്യന്‍ സിനിമാ, സംഗീതരംഗങ്ങളിലെ സെലിബ്രിറ്റികളും കായികരംഗം കണ്ട വലിയ പ്രതീകവും സംഗമിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പതിപ്പിന്റെ കൊടിയേറ്റം സൂപ്പര്‍ സ്റൈലില്‍. വൈകുന്നേരം അഞ്ചോടെ ആരംഭിച്ച ചടങ്ങുകളെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്‍, സൂപ്പര്‍ സ്റാര്‍ രജനീകാന്ത്, ബോളിവുഡ് താരരാജാവ് അമിതാഭ് ബച്ചന്‍, സ്വപ്നസുന്ദരി ഐശ്വര്യ റായി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട കലാരൂപങ്ങളുടെ വര്‍ണാഭമാര്‍ന്ന അവതരണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

കഥകളിയും മോഹിനിയാട്ടവും ഭരതനാട്യവും അടക്കമുള്ള കലാരൂപങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ അണിനിരന്നു. കലകളുടെ ഗംഭീര സിംഫണിക്കു ശേഷം പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ നൃത്തം കാണികളെ ഹരംകൊള്ളിച്ചു. തുടര്‍ന്നായിരുന്നു ടീമുകളെ പരിചയപ്പെടുത്തിയത്. ഓരോ ടീമിന്റെയും പേരെഴുതിയ വലിയ വൃത്താകൃതിയിലുള്ള തുണികളുമായി സ്കൂള്‍കുട്ടികള്‍ മൈതാനത്തിന്റെ വിവിധ മൂലകളില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഉദ്ഘാടനമത്സരത്തില്‍ മാറ്റുരയ്ക്കുന്ന രണ്ടു ടീമിന്റെയും മാര്‍ക്കീ താരങ്ങളും ഉടമകളും വേദിയിലെത്തി. ചെന്നൈയിന്‍ നായകന്‍ എലാനോയും അത്ലറ്റിക്കോ മാര്‍ക്കീ താരം ഹെല്‍ദര്‍ പോസ്റ്റിഗയെയും ഇരുവശത്തുമായി നിര്‍ത്തി ചെന്നൈയിന്‍ ടീം ഉടമ അഭിഷേക് ബച്ചന്‍പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു ബോളിവുഡ് താരറാണി ഐശ്വര്യ റായിയുടെ നൃത്തച്ചുവടുകള്‍. ഐശ്വര്യ അഭിനയിച്ച ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ക്ക് നൃത്തംവച്ച ഐശ്വര്യ കാണികളുടെ മനംകവര്‍ന്നു.


തുടര്‍ന്നായിരുന്നു കേരള ബ്ളാസ്റ്റേഴ്സിന്റെ ഉടമ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വരവ്. സച്ചിന്‍... സച്ചിന്‍... വിളികളാല്‍ മുഖരിതമായ സ്റ്റേഡിയത്തിലെ ഗാലറികളിലേക്കു നോക്കി സച്ചിന്‍ കൈ വീശി. ഐഎസ്എല്‍ സംഘാടകരായ ഐഎംജി റിലയന്‍സിന്റെ മേധാവികളില്‍ ഒരാളായ നിത അംബാനി സംസാരിച്ചു. എല്ലാ ടീമുകള്‍ക്കും നിത വിജയാംശംസകള്‍ നേര്‍ന്നു. സ്റ്റേഡിയത്തെ ഇളക്കി മറിച്ചുകൊണ്ട് തമിഴ്നാട് ഏറ്റവും കൂടുതല്‍ ആഘോഷിച്ച സെലിബ്രിറ്റി മൈതാനം വലംവച്ചുകൊണ്ട് തുറന്ന വാഹനത്തില്‍ അതാ വരുന്നു. കളിക്കുള്ള പന്തുമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് വേദിയിലോക്ക്. അതുവരെയുണ്ടായിരുന്ന ശബ്ദകോലാഹലങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയായിരുന്നു.

വേദിയില്‍നിന്ന് സച്ചിനെയും നിതയെയും ഐശ്വര്യയെയും ആലിംഗനം ചെയ്ത രജനി പന്ത് നിതയ്ക്കു കൈമാറി. കമോണ്‍ ഇന്ത്യ ലെറ്റ്സ് ഫുട്ബോള്‍...നിതയുടെ നാവില്‍നിന്ന് ഈ വാചകം ഉയര്‍ന്നതോടെ ഐഎസ്എല്‍ രണ്ടാം പതിപ്പിന് ഔദ്യോഗിക തുടക്കമായി. തുടര്‍ന്ന് വര്‍ണമഴ പെയ്യിച്ച് വെടിക്കെട്ടും കരിമരുന്നു പ്രയോഗവും.

സച്ചിനും രജനിയും തുറന്ന വാഹനത്തില്‍ സ്റേഡിയത്തിനു വലംവച്ചത് ആരാധകര്‍ക്ക് പുതിയ അനുഭവമായി. പിന്നീട് അരണിക്കൂര്‍ നേരത്തെ നിശബ്ദത.. മെലഡിയുടെ ഉസ്താദ് ഓസ്കര്‍ ജേതാവ് എ.ആര്‍. റഹ്്മാനായുള്ള കാത്തിരിപ്പായിരുന്നു അത്. അദ്ദേഹവും വേദിയിലെത്തി. ദേശീയ ഗാനത്തിന് ചുണ്ടുനല്‍കി അദ്ദേഹവും പിന്‍വലിഞ്ഞതോടെ ഫുട്ബോളിനു സമയമായി. ലെറ്റ്സ് ഫുട്ബോള്‍...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.