പോസ്റിഗ നിറച്ചു
പോസ്റിഗ നിറച്ചു
Sunday, October 4, 2015 12:21 AM IST
ചെന്നൈയില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍

രണ്ടാം പകുതിയില്‍ ചെന്നൈയുടെ മുറ്റത്ത് ഫ്രഞ്ച് പടയാളി നെഞ്ചുവിരിച്ചെത്തിയത്, സ്വയം കുത്തിമരിക്കാനായിരുന്നു. ബര്‍ണാഡ് മെന്‍ഡിയുടെ ഇരട്ടപ്പിഴവു നല്‍കിയ ആഘാതത്തില്‍ ആതിഥേയസ്വപ്നങ്ങള്‍ക്കു നനഞ്ഞ തുടക്കം. ചാമ്പ്യന്‍ പെരുമയുമായെത്തിയ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത ചെന്നൈയുടെ വിരിമാറില്‍ താണ്ഡവമാടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പതിപ്പിന്റെ ഗോള്‍മഴ പെയ്ത കന്നിയുദ്ധത്തില്‍ നിലവിലെ ചാമ്പ്യന്മാാരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത രണ്ടിനെതിരേ മൂന്നു ഗോളിന് ആതിഥേയരായ ചെന്നൈയിന്‍ എഫ്സിയെ പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഓരോ ഗോള്‍ സമനിലയിലായിരുന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളാണ് അത്ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്. കോല്‍ക്കത്തയ്ക്കായി മാര്‍ക്കീ താരം പോര്‍ച്ചുഗലിന്റെ ഹെല്‍ദര്‍ പോസ്റ്റിഗ ഇരട്ടഗോള്‍(13,70) നേടി. വാല്‍ഡോ എന്ന വാല്‍മിറോ ലോപ്പസ് (76) വകയായിരുന്നു മൂന്നാം ഗോള്‍. ചെന്നൈയിനുവേണ്ടി ജെ.ജെ. ലാല്‍പെഖുലെയും (31) മാര്‍ക്കീ താരം എലാനോയുമാണ് ഗോളുകള്‍ നേടിയത്. കളിയുടെ 79-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാവി ജാറയ്ക്കു ഗോളാക്കാനാകാത്തത് അത്ലറ്റിക്കോയ്ക്കു നാണക്കേടായി.

ആവേശം ആദ്യ വിസില്‍ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നിലവാരമേറിയിരിക്കുന്നു എന്നു വിളിച്ചറിയിക്കുന്ന തുടക്കമായിരുന്നു. ആദ്യസീസണിലും മികച്ച മുന്നേറ്റംകൊണ്ട് ശ്രദ്ധേയരായ ചെന്നൈയിന്‍ ഇത്തവണയും അങ്ങനെതന്നെയെന്നു വ്യക്തമാക്കിക്കൊണ്ടാണു തുടങ്ങിയത്. ആദ്യമിനിറ്റില്‍ തന്നെ ചെന്നൈയിന് അനുകൂലമായ കോര്‍ണര്‍. എടുത്തത് സെറ്റ്പീസുകളുടെ തമ്പുരാനായ എലാനോ ബ്ളൂമര്‍. എന്നാല്‍, എലാനോയുടെ കോര്‍ണര്‍ കണക്ട് ചെയ്തത് എതിര്‍ ടീം പ്രതിരോധക്കാരായിരുന്നു എന്നു മാത്രം.

നാലാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനെ വീഴ്ത്തിയതിന് അത്ലറ്റിക്കോയ്ക്കു ഫ്രീകിക്ക്. എന്നാല്‍, ഹാവി ജാറയുടെ ഫ്രീകിക്ക് പുറത്തേക്ക്. 10-ാം മിനിറ്റില്‍ അപകടകരമായ നീക്കവുമായി ചെന്നൈയിന്‍ വീണ്ടും കളംനിറഞ്ഞു. ഫിക്രുവിന്റെ ഷോട്ട് പക്ഷേ പുറത്തേക്കുപോവുകയായിരുന്നു. മധ്യനിരയില്‍ തകര്‍ത്തുകളിച്ച എലാനോയുടെ ഓരോ നീക്കത്തിനും കാണികളുടെ കൈയടി. സെറ്റ്പീസുകളും ബാക്പാസുകളും ഡ്രിബിളിംഗുകളുമൊക്കെ മികച്ച പ്രതികരണമാണുണ്ടാക്കിയത്.

11-ാം മിനിറ്റില്‍ അത്ലറ്റിക്കോ നായകന്‍ ബോര്‍ഹ ഫെര്‍ണാണ്ടസിന്റെ ഗോളിലേക്കുള്ള ഷോട്ട് ദുര്‍ബലമായി. പന്ത് ഗോളി ബെറ്റെയുടെ കൈകളില്‍.13-ാം മിനിറ്റില്‍ ചാമ്പ്യന്മാര്‍ കാത്തിരുന്ന നിമിഷമെത്തി. അത്ലറ്റിക്കോയുടെ ഫ്രീകിക്ക് ഷോട്ടിനായി നീങ്ങിയ ചെന്നൈയിന്‍ ഗോളി എഡല്‍ ബെറ്റെ പ്രതിരോധതാരം മെയ്ല്‍സണുമായി കൂട്ടിയിടിച്ചു വീണു. ഇതോടെ പന്ത് കൈയില്‍നിന്നു വഴുതി. തക്കം പാര്‍ത്തിരുന്നു അത്ലറ്റിക്കോയുടെ മാര്‍ക്കീ താരം പോസ്റ്റിഗ പന്ത് വലയിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പതിപ്പിലെ ആദ്യഗോള്‍ അങ്ങനെ പോര്‍ച്ചുഗീസ് ലോകകപ്പ് താരത്തിന്റെ പേരിലായി.

തൊട്ടടുത്ത മിനിറ്റില്‍ ചെന്നൈയിന്റെ കോര്‍ണര്‍. എന്നാല്‍, ഗോളിലേക്കു വഴിതിരിച്ചുവിടാന്‍ ആളുണ്ടായില്ല. 15-ാം മിനിറ്റില്‍ ഫിക്രുവിന്റെ ഷോട്ട് പോസ്റ്റില്‍ തൊട്ടു തൊട്ടില്ല എന്ന കണക്കേ പുറത്തേക്ക്. എലാനോയുടെ പാസ് മാര്‍ക്ക് ചെയ്യപ്പൊതെ നിന്ന ഫിക്രുവിലേക്ക്. ഫിക്രുവിന്റെ ഷോട്ട് പുറത്തേക്ക്. 21-ാം മിനിറ്റില്‍ ഫിക്രു ഒറ്റയ്ക്കു മുന്നേറി. എന്നാല്‍, ദുര്‍ബലമായ ഷോട്ട് അത്ലറ്റിക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.

എലാനോ- ഫിക്രു- ലാല്‍പെഖുലെ ത്രയത്തിന്റെ ഭാവനാസമ്പന്നമായ നീക്കമാണ് ചെന്നൈയിന്റെ സീസണിലെ ആദ്യഗോളില്‍ കലാശിച്ചത്. ബോക്സിനു പുറത്തുനിന്ന് എലാനോ നല്‍കിയ പാസില്‍ ഫിക്രുവിന്റെ ഹെഡര്‍ അത്ലറ്റിക്കോ ഗോളി അമരീന്തര്‍ സിംഗിന്റെ ദേഹത്തു തട്ടി ലാല്‍പെഖുലെയുടെ മുന്നിലേക്ക് ഖുലെയുടെ ഷോട്ട് 31-ാം മിനിറ്റില്‍ വലയുടെ ഇടതുമൂലയില്‍. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യഗോള്‍. കഴിഞ്ഞ സീസണിലും ചെന്നൈയിന്‍ താരമായിരുന്നു ആദ്യഗോള്‍ നേടുന്ന ഇന്ത്യക്കാരന്‍. ബല്‍വന്ത് സിംഗിനായിരുന്നു ആ നിയോഗം. 42-ാം മിനിറ്റില്‍ മുന്‍ ബ്ളാസ്റേഴ്സ് താരം ഹ്യൂമിന്റെ മികച്ച ഒരു പാസ് ബോക്സിലേക്ക്. എന്നാല്‍, പാസ് പ്രതീക്ഷിക്കാതിരുന്ന പോസ്റ്റിഗ ഓടിക്കയറാന്‍ മറന്നു. പന്ത് ചെന്നൈയിന്‍ പ്രതിരോധത്തിലേക്ക്. 44-ാം മിനിറ്റില്‍ വീണ്ടും ചെന്നൈയിനും എലാനോയ്ക്കും ഫ്രീകിക്ക്. ബല്‍ജിത് സിംഗാണ് എലാനോയെ ഫൌള്‍ ചെയ്തത്. നേരത്തേ ഒരു മഞ്ഞക്കാര്‍ഡ് കണ്ട ബല്‍ജിത്തിനെ റഫറി താക്കീതു ചെയ്തു. 45-ാം മിനിറ്റില്‍ എലാനോയുടെ പാസില്‍ മെയ്ല്‍സന്റെ ഹെഡര്‍ പുറത്തേക്ക്. ആദ്യപകുതി അങ്ങനെ 1-1ന് അവസാനിച്ചു.


മെന്‍ഡിയുടെ പിഴ, വലിയ പിഴ

അത്ലറ്റിക്കോയുടെ മുന്നേറ്റങ്ങളോടെയണ് രണ്ടാംപകുതിയുടെ തുടക്കം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍. ചെന്നൈയിന്‍ നിരയില്‍ പ്രശസ്ത ഡിഫന്‍ഡര്‍ ബര്‍ണാഡ് മെന്‍ഡി എത്തി. 62-ാം മിനിറ്റില്‍ ഫിക്രുവിനെ പിന്‍വലിച്ച് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സ്റീവന്‍ മെന്‍ഡോസയെ കളിത്തിലിറക്കിയതോടെ ചെന്നൈയിന്‍ നയം വ്യക്തമാക്കി. മെന്‍ഡോസയുടെ ആദ്യ ടച്ച് തന്നെ ചെന്നൈയിന് അനുകൂലമായ കോര്‍ണറില്‍ കലാശിച്ചു. കോര്‍ണര്‍ എടുത്തതും മെന്‍ഡോസ. എന്നാല്‍, ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ആര്‍ക്കുമായില്ല.

മികച്ച മുന്നേറ്റങ്ങള്‍ക്കിടയിലും ചെന്നൈയിന്‍ വീണ്ടും ഗോള്‍ വഴങ്ങി. അതും പ്രതിരോധത്തിന്റെ വലിയ പിഴവ്. ബെര്‍ണാഡ് മെന്‍ഡിയായിരുന്നു ഇത്തവണ അത്ലറ്റിക്കോയുടെ രണ്ടാം ഗോളിനു വഴിവച്ചത്. മെന്‍ഡി നല്‍കിയ ബാക് ഹെഡര്‍ പാസ് പിഴച്ചു. പന്ത് ബോക്സില്‍ നിലയുറപ്പിച്ച പോസ്റ്റിഗയുടെ പാദങ്ങളിലേക്ക്. തെല്ലൊന്നു ചാടിനിവര്‍ന്ന് തൊടുത്ത ഷോട്ട് ബെറ്റെയെ മറികടന്ന് വലയില്‍. അപ്രതീക്ഷിതമായി ചെന്നൈയിന്‍ വലയില്‍ രണ്ടാം ഗോളും. ഗോള്‍ നേടിയ പോസ്റ്റിഗ പരിക്കു പറ്റി വീണു. പകരം സ്പെയിനില്‍നിന്നുള്ള വാല്‍ഡസ് എന്ന വാല്‍മിറോ ലോപ്പസ് കളത്തില്‍.

ഹ്യൂമിന്റെ അത്യുഗ്ര അസിസ്റിലാണ് അത്ലറ്റിക്കോയുടെ മൂന്നാം ഗോള്‍ പിറന്നത്. മൈതാനത്തിന്റെ ഇടതുമൂലയിലൂടെ കുതിച്ച ഹ്യൂം ഉയര്‍ത്തി നല്‍കിയ പന്ത് ചെന്നു താഴ്ന്നത് പോസ്റ്റിഗയ്ക്കു വാല്‍മിറോ ലോപ്പസിന്റെ തലയില്‍. മുന്നോട്ട് ആഞ്ഞൊന്നു കുതിച്ച ലോപ്പസ് പന്ത് വലയിലാക്കി. അത്ലറ്റിക്കോ 3, ചെന്നൈയിന്‍ 1.

രണ്ടു മിനിറ്റിനു ശേഷം അത്ലറ്റിക്കോയ്ക്കു പെനാല്‍റ്റി. ഇത്തവണയും പിഴവ് മെന്‍ഡിയുടേതായിരുന്നു. ബോക്സില്‍ മെന്‍ഡി പന്ത് ഹാന്‍ഡില്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. പെനാല്‍റ്റിയെടുത്ത ഹാവി ജാറയുടെ ഷോട്ട് ലോകോത്തര ഗോള്‍ കീപ്പര്‍ കാമറൂണിന്റെ എഡല്‍ ബെറ്റെ തടുത്തു. മത്സരം അത്ലറ്റിക്കോയ്ക്കെന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതിനിടെ ചെന്നൈയിനു പെനാല്‍റ്റി. ചെന്നൈയിന്റെ ജെജെ തൊടുത്ത ഒരു ഷോട്ട് ബോക്സില്‍വച്ച് അര്‍ണബ് മൊണ്ടാല്‍ ഹാന്‍ഡില്‍ ചെയ്തു എന്ന കാരണത്താലാണ് പെനാല്‍റ്റി വിധിച്ചത്. സ്പോട് കിക്കെടുത്ത എലാനോയ്ക്കു പിഴച്ചില്ല. പന്ത് വലയില്‍. തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍.

നായയിറങ്ങി, കളി മുടക്കി

മത്സരത്തിന്റെ കിക്കോഫിനു മുമ്പ് നായ ഗ്രൌണ്ടിലെത്തിയതു കണ്ടപ്പോള്‍ തോന്നിയത്, കേരളത്തില്‍ മാത്രമല്ല, അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളുള്ളത് ഇങ്ങു ചെന്നൈയിലുമുണ്ട്. ഒരു പട്ടിയുടെ വരവ് നഷ്ടപ്പെടുത്തിയത് നാലു മിനിറ്റാണ്. സെക്യൂരിറ്റിക്കാര്‍ ആഞ്ഞുശ്രമിച്ചിട്ടും എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ എന്ന ഭാവത്തില്‍ നടന്ന പട്ടിയെ വലയിലാക്കാനായില്ല. ഒടുവില്‍ പട്ടി തന്നെ പുറത്തേക്കു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.