ഉക്ര പാണ്ഡ്യന് ഉദയകുമാര്‍ അവാര്‍ഡ്
ഉക്ര പാണ്ഡ്യന് ഉദയകുമാര്‍ അവാര്‍ഡ്
Friday, September 4, 2015 10:59 PM IST
തിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന കെ. ഉദയകുമാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉദയകുമാര്‍ പുരസ്കാരത്തിന് തമിഴ്നാട് സ്വദേശി ഉക്ര പാണ്ഡ്യന്‍ അര്‍ഹനായി. വോളിബോള്‍ ഫാമിലി ക്ളബ് ഏര്‍പ്പെടുത്തിയ 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 19ന് മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് എസ്. ഗോപിനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

മധുര പുതുപ്പെട്ടി സ്വദേശിയായ ഉക്ര പാണ്ഡ്യന്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കസാഖിസ്ഥാനില്‍ നടന്ന ഏഷ്യാകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിലും ഉക്ര പാണ്ഡ്യന്‍ അംഗമായിരുന്നു. 2013-ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ക്വാളിഫൈയിംഗ് മത്സരം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ചൈനാ ചലഞ്ചേഴ്സ് എന്നീ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. ദേശീയ ഗെയിംസില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കിയ തമിഴ്നാടിന്റെ ക്യാപ്റ്റനായിരുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജരായി ജോലി ചെയ്യുന്നു.ഡോ. സദാനന്ദന്‍, എസ്. ഗോപിനാഥ്, ജി.ഇ. ശ്രീധര്‍, കെ.സി. ഏലമ്മ, സിറിള്‍ സി. വെള്ളൂര്‍, അബ്ദുള്‍ റസാക്ക് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.