ചരിത്രംരചിച്ച് താരക്കൈമാറ്റം
ചരിത്രംരചിച്ച് താരക്കൈമാറ്റം
Thursday, September 3, 2015 11:26 PM IST
ലണ്ടന്‍/മാഡ്രിഡ്: യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളിലെ താരക്കൈമാറ്റം സെപ്റ്റംബര്‍ ഒന്നിന് അവസാനിച്ചപ്പോള്‍ പതിവുപോലെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് തന്നെ മുന്നില്‍. താരമാര്‍ക്കറ്റില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കാണ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഒഴുകിയത്. 870 ദശലക്ഷം പൌണ്ടാണ് (ഏകദേശം 8801 കോടി രൂപ) ഈ സമ്മറില്‍ 20 ക്ളബ്ബുകളായി ചെലവഴിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ നാലു ശതമാനം വര്‍ധനവ്. 835 ദശലക്ഷം പൌണ്ടായിരുന്നു(8447 കോടി രൂപ) കഴിഞ്ഞതവണ ചെലവിട്ടത്.

പ്രീമിയര്‍ ലീഗിലെ വന്‍കിട ടീമുകളായ മാഞ്ചസ്റര്‍ യുണൈറ്റഡ്, സിറ്റി, ചെല്‍സി, ആഴ്സണല്‍ എന്നീ ടീമുകള്‍ ചേര്‍ന്ന് മൊത്തം ചെലവാക്കിയ തുകയുടെ 40 ശതമാനവും ചെലവഴിച്ചു. ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുന്ന ദിനത്തില്‍ 90 ദശലക്ഷം പൌണ്ടാണ്(910 കോടി രൂപ) പ്രീമിയര്‍ ലീഗില്‍ ഒഴുകിയത്. അര്‍ജന്റീനയുടെ പ്രതിരോധതാരം റാമിരോ ഫ്യൂണസ് മോറിയെ എവര്‍ടണ്‍ 9.5 ദശലക്ഷം പൌണ്ടിന് റിവര്‍പ്ളേറ്റില്‍നിന്ന് ്സ്വന്തമാക്കിയതും സെല്‍റ്റിക്കില്‍നിന്ന് വിര്‍ജിന്‍ വാന്‍ ഡിജ്ക്കിനെ സതാംപ്ടണ്‍ 11.5 ദശലക്ഷം പൌണ്ടിനു സ്വന്തമാക്കിയതുമാണ് അവസാന ദിനത്തിലെ ഉയര്‍ന്ന ഡീല്‍.

മുതല്‍മുടക്കിന്റെ കാര്യത്തില്‍ മാഞ്ചസ്റര്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ സിറ്റി മുന്നിലെത്തി. ഈ സീസണില്‍ അവര്‍ 154 ദശലക്ഷം പൌണ്ട്(ഏകദേശം 1558 കോടി രൂപ— മുടക്കിയപ്പോള്‍ ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയിനെ റിക്കാര്‍ഡ് തുകയ്ക്കു ടീമിലെത്തിച്ചു. 55 ദശലക്ഷം പൌണ്ടിനാണ് (556 കോടി രൂപ) ജര്‍മന്‍ ക്ളബ് വുള്‍ഫ്സ്ബര്‍ഗില്‍നിന്ന് ഡിബ്രുയിന്‍ സിറ്റിയിലെത്തിയത്. ലിവര്‍പൂള്‍ താരം റഹിം സ്റെര്‍ലിംഗിലായി അവര്‍ 49 ദശലക്ഷം പൌണ്ട് (495 കോടി രൂപ) മുടക്കി. അതേസമയം, യുവേഫ നിയമം തെറ്റിച്ചതിലൂടെ സിറ്റിക്ക് 16.3 ദശലക്ഷം പൌണ്ട് (164 കോടി രൂപ) പിഴയൊടുക്കേണ്ടതായും വന്നു.

മാഞ്ചസ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്. 115 ദശലക്ഷം പൌണ്ടാണ് (1163 കോടി രൂപ) അവര്‍ ഈ സീസണില്‍ ചെലവിട്ടത്. ഫ്രഞ്ച് കൌമാരതാരം ആന്റണി മാര്‍ഷ്യലിലെ 36 ദശലക്ഷം പൌണ്ട് (364 കോടി രൂപ) മുടക്കി ഫ്രഞ്ച് ക്ളബ് മോണക്കോയില്‍നിന്ന് ടീമിലെത്തിച്ചത് ഏവരെയും അദ്ഭുതപ്പെടുത്തി. യൂറോപ്പിന്റെ ചരിത്രത്തില്‍ ഒരു ടീനേജര്‍ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഈ പത്തൊമ്പതുകാരനു ലഭിക്കുന്നത്. പ്രീമിയര്‍ ലീഗ് ഈ സീസണിലെ മികച്ച മൂന്നാമത്തെ വിലകൂടിയ താരം കൂടിയാണ് ആന്റണി മാര്‍ഷ്യലിന്റേത്. ഡെഡ്ലൈന്‍ ദിനത്തിലെ ഏറ്റവും വലിയ കൂടുമാറ്റമാണിത്.

നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു നടക്കാതെ പോയ മാഞ്ചസ്റ്റര്‍ നിരയിലേക്ക് വാന്‍ ഗാന്‍ എത്തിക്കുന്ന താരമാണ് മാര്‍ഷ്യല്‍. ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റൈഗര്‍, മെഫിസ് ഡെപെ എന്നിവരും ഇത്തവണ ചുവന്ന കുപ്പായമണിയും.


ചെല്‍സിയും ലിവറും മോശമാക്കിയില്ല

ട്രാന്‍സ്ഫര്‍ ജാലകം വലിയ രീതിയില്‍ ഉപയോഗിക്കാന്‍ തയാറാകാത്ത ടീമാണ് ഹൊസെ മൌറീഞ്ഞോയുടെ ചെല്‍സി. എങ്കിലും 72 ദശലക്ഷം പൌണ്ട് മുടക്കിയ ചെല്‍സി റഡമേല്‍ ഫല്‍കാവോയെ മോണക്കോയില്‍നിന്നും പെഡ്രോയെ ബാഴ്സലോണയില്‍നിന്നും കൂടാരത്തിലെത്തിച്ചു. ലിവര്‍പൂള്‍ 88 ദശലക്ഷം പൌണ്ട് (890 കോടി രൂപ) വാരിയെറിഞ്ഞപ്പോള്‍ ടീമിലെത്തിയത് ബ്രസീല്‍ താരം റോബര്‍ട്ടോ ഫെര്‍മിനോയും ക്രിസ്റ്റ്യന്‍ ബെന്റക്കെയും ജയിംസ് മില്‍നറുമാണ്. റഹിം സ്റെര്‍ലിംഗിന്റെ കാശ് ഉപയോഗിച്ചാണ് ഈ വന്‍കിട താരങ്ങളെ ലിവര്‍ സ്വന്തമാക്കിയത്.

കാര്യമായി കാശെറിയാതെ ഏവരെയും അദ്ഭുതപ്പെടുത്തിയ മുന്‍നിര ടീം ആഴ്സണലാണ്. കേവലം 13 ദശലക്ഷം പൌണ്ടാണ്(131 കോടി രൂപ) ആഴ്സിന്‍ വെംഗറുടെ ടീം മുടക്കിയത്. ചെല്‍സി ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കിനെ ടീമിലെത്തിച്ചതു മാത്രമാണ് എടുത്തു പറയാനുള്ളത്.

സ്പെയിനും ഇറ്റലിയും തിളങ്ങിയില്ല

എല്ലാക്കാലത്തും ട്രാന്‍സ്ഫര്‍ കാലത്ത് പണമെറിയുന്ന ടീമുകളാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും. എന്നാല്‍, ഓഗസ്റ്റ് 31ന് അവരുടെ ജാലകം അടയ്ക്കുമ്പോള്‍ കേവലം 400 മില്യണ്‍ പൌണ്ടാണ്(ഏകദേശം 4046 കോടി രൂപ) ചെലവഴിച്ചത്. ഇതില്‍ 88 ദശലക്ഷം പൌണ്ടും ചെലവഴിച്ചത് അത്ലറ്റിക്കോ മാഡ്രിഡാണ്. ചെല്‍സി താരം ഡേവിഡ് ലൂയിസിനെ 170 കോടി രൂപയ്ക്ക് അത്ലറ്റിക്കോ സ്വന്തമാക്കി.

ബാഴ്സലോണയാകട്ടെ രണ്ടു താരക്കൈമാറ്റം മാത്രമാണ് ഈ സീസണില്‍ നടത്തിയത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ടര്‍ക്കിഷ് താരം അര്‍ദ ടുറാനെ 261 കോടി രൂപയ്ക്ക് ബാഴ്സ ടീമിലെത്തിച്ചു. സെവിയ്യ താരം സ്പാനിഷ് താരം അലക്സ് വിദാലിനെ സ്വന്തമാക്കിയതാണ് രണ്ടാമത്തെ കൈമാറ്റം. റയല്‍ മാഡ്രിഡാകട്ടെ, നാലു പേരെയാണ് സ്വന്തമാക്കിയത്. പോര്‍ട്ടോയുടെ ബ്രസീല്‍ താരം ഡാനിലോയ്ക്കായി 234 കോടി രൂപ റയല്‍ മുടക്കി. ക്രൊയേഷ്യന്‍ താരം മത്തേയു കൊവാസിക്കിനെ ഇന്റര്‍ മിലാനില്‍നിന്ന് സ്വന്തമാക്കാന്‍ റയല്‍ ചെലവഴിച്ചത് 223 കോടി രൂപയാണ്.

ഇറ്റലിയിലെ സീരീ എ 450 ദശലക്ഷം പൌണ്ടും(4562 കോടി രൂപ) ബുണ്ടസ് ലിഗ 290 ദശലക്ഷം പൌണ്ടും (2940 കോടി രൂപ) ലീഗ് വണ്‍ 220 ദശലക്ഷം പൌണ്ടുമാണ് (2230 കോടി രൂപ) ഈ സീസണില്‍ ചെലവഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.