ഇംഗ്ളണ്ടിനു ത്രസിപ്പിക്കുന്ന ജയം
ഇംഗ്ളണ്ടിനു ത്രസിപ്പിക്കുന്ന ജയം
Wednesday, September 2, 2015 10:04 PM IST
കാര്‍ഡിഫ്: കങ്കാരുക്കളുടെ ഇംഗ്ളീഷ് മണ്ണിലെ ശനിദശ അവസാനിക്കുന്നില്ല. ആഷസിലെ തോല്‍വിക്കുശേഷം ട്വന്റി-20യിലും ഓസ്ട്രേലിയ ഇംഗ്ളണ്ടിനു മുന്നില്‍ കീഴടങ്ങി. അവസാന പന്തു വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ അഞ്ചുറണ്‍സിനായിരുന്നു തോല്‍വി. ഇംഗ്ളണ്ടിനായി ഓള്‍റൌണ്ട് പ്രകടനം നടത്തിയ മോയീന്‍ അലിയാണ് (46 പന്തില്‍ പുറത്താകാതെ 72 റണ്‍സും ഒരുവിക്കറ്റും) കളിയിലെ താരം. സ്കോര്‍: ഇംഗ്ളണ്ട് 20 ഓവറില്‍ അഞ്ചിന് 182, ഓസ്ട്രേലിയ 20 ഓവറില്‍ എട്ടിന് 177.

ടോസ് നേടി ബൌളിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ വഴിയേ കളി നീങ്ങുന്നതാണ് കളിയുടെ ആദ്യ നാലോവര്‍ കണ്ടത്. ജേസണ്‍ റോയിയും (11) അലക്സ് ഹെയ്ല്‍സും (3) പുറത്താകുമ്പോള്‍ സ്കോര്‍ 18. എന്നാല്‍ മോയീനൊപ്പം നായകന്‍ ഇയോണ്‍ മോര്‍ഗന്‍ എത്തിയതോടെ കഥ മാറി. ബൌളര്‍മാരെ കടന്നാക്രമിച്ച ഇരുവരും സ്കോര്‍ അതിവേഗം ഉയര്‍ത്തി. 14-ാമത്തെ ഓവറിലായിരുന്നു ഇംഗ്ളണ്ട് 100 കടന്നത്.ഇതിനിടെ മോര്‍ഗന്‍ 32 പന്തില്‍ സെഞ്ചുറി തികച്ചു. അലി ഈ നേട്ടത്തിലെത്തിയത് 31 പന്തിലും. അവസാന ആറോവറില്‍ പിറന്നത് 78 റണ്‍സാണ്. 39 പന്തില്‍ 74 റണ്‍സെടുത്ത മോര്‍ഗനാണ് ടോപ്സ്കോറര്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 135 റണ്‍സാണ്.


ഞൊടിയിടയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടെങ്കിലും നായകന്‍ സ്റ്റീവ് സ്മിത്തും (53 പന്തില്‍ 90) ഗ്ളെന്‍ മാക്സ്വെല്ലും (44) ചേര്‍ന്നതോടെ ഓസ്ട്രേലിയ ജയം മണത്തു. എന്നാല്‍ സ്മിത്തിനെ ഡേവിഡ് വില്ലി വീഴ്ത്തിയതോടെ കങ്കാരുക്കളുടെ പിടിയയഞ്ഞു. പിന്നാലെയെത്തിയവര്‍ക്കു സ്കോര്‍ നിരക്കുയര്‍ത്താനുമായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നെങ്കിലും അഞ്ചുറണ്‍സകലെ സന്ദര്‍ശകരുടെ പോരാട്ടം അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.