ലങ്കയില്‍ വിരാടകാഹളം
ലങ്കയില്‍ വിരാടകാഹളം
Wednesday, September 2, 2015 10:01 PM IST
കൊളംബോ: ടീം ഇന്ത്യക്ക് പുതുയുഗപ്പിറവി. വിരാട് കോഹ്്ലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ ഇന്ത്യക്കു ടെസ്റ് പരമ്പര. മൂന്നാം ടെസ്റില്‍ 117 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് യംഗ് ഇന്ത്യ സ്വന്തമാക്കിയത്. അമിത് മിശ്ര നുവാന്‍ പ്രദീപിനെ വീഴ്ത്തിയതോടെ 22 വര്‍ഷത്തിനു ശേഷം ലങ്കയില്‍ ഇന്ത്യ പരമ്പര വിജയം നേടി. രണ്ടാം ഇന്നിംഗ്സില്‍ 386 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 85 ഓവറില്‍ 268 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ വിജയത്തിനു മുന്നില്‍ വിലങ്ങുതടിയായി കൃത്യതയോടെ ബാറ്റ് വീശിയ എയ്ഞ്ചലോ മാത്യൂസും(110) കുശാല്‍ പെരേരയും(70) യഥാക്രമം ഇഷാന്തിന്റെയും അശ്വിന്റെയും പന്തില്‍ പുറത്തായതോടെയാണ് ഇന്ത്യ ജയം മണത്തത്.

ടീം സ്പിരിറ്റിന്റെയും നവോന്മേഷത്തിന്റെയും പുതിയ ഊര്‍ജവുമായി മരതകദ്വീപ് പിടിക്കാനെത്തിയ ഇന്ത്യ ആദ്യടെസ്റ്റില്‍ ജയിക്കാമായിരുന്നിട്ടും പരാജയപ്പെട്ടു. എന്നാല്‍, രണ്ടാം ടെസ്റിലും മൂന്നാം ടെസ്റിലും കൂറ്റന്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ വിദേശ പരമ്പരജയംകൂടിയാണിത്. നായകനെന്ന നിലയില്‍ വിരാട് കോഹ്്ലി ഒരു മുഴുനീള പരമ്പരയില്‍ ആദ്യമായി ജയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

മുഹമ്മദ് അസ്ഹറുദ്ദീനു ശേഷം ലങ്കയില്‍ പരമ്പര സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതിയും കോഹ്ലിക്കു സ്വന്തമായി. ടെസ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം കൈവരിക്കാന്‍ ഇഷാന്ത് ശര്‍മയ്ക്ക് ഈ പരമ്പരയിലൂടെ സാധിച്ചു. മാന്‍ ഓഫ് ദ മാച്ചായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയെയും മാന്‍ ഓഫ് ദ സീരീസായി ആര്‍. അശ്വിനെയും തെരഞ്ഞെടുത്തു.

മാത്യൂസ് പ്രതിരോധം

രണ്ടാം ടെസ്റ്റിലെപ്പോലെ ലങ്കയെ എളുപ്പത്തില്‍ ചുരുട്ടിക്കെട്ടി ജയമാഘോഷിക്കാമെന്ന ഇന്ത്യന്‍ മോഹത്തിനുമേല്‍ മാത്യൂസും കൂട്ടരും ശക്തമായ പ്രതിരോധമാണ് കാഴ്ചവച്ചത്. രാവിലെ തുടക്കത്തിലേ ഇഷാന്തിന്റെ പന്തില്‍ മാത്യൂസിന്റെ ഇന്നിംഗ്സ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, നോബോളായത് ഇന്ത്യക്കു തിരിച്ചടിയായി. പിന്നീട് കാര്യമായ അവസരം നല്കാതെയായിരുന്നു ലങ്കന്‍ നായകന്റെ കുതിപ്പ്.

മൂന്നിന് 67 എന്നനിലയില്‍കൌശല്‍ സില്‍വയെ കളി തുടങ്ങി മൂന്നാം ഓവറില്‍ തന്നെ ആതിഥേയര്‍ക്കു നഷ്ടമായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ ചേതേശ്വര്‍ പൂജാരയ്ക്കു ക്യാച്ച് നല്കിയായിരുന്നു ഓപ്പണറുടെ പുറത്താകല്‍. 50 പന്തില്‍ 27 റണ്‍സായിരുന്നു സില്‍വയുടെ സമ്പാദ്യം. ഉപനായകന്‍ ലഹിരു തിരിമനെയ്ക്കും ആയുസ് കുറവായിരുന്നു. തട്ടിയും മുട്ടിയും 47 പന്തുകള്‍ നേരിട്ട തിരിമാനെ 38-ാം ഓവറില്‍ മടങ്ങി. അശ്വിനു മത്സരത്തിലെ ആദ്യ വിക്കറ്റ്. 12 റണ്‍സായിരുന്നു തിരിമാനെയുടെ സമ്പാദ്യം. ലങ്ക അഞ്ചിന് 107. ഗാലറിയും ലങ്കന്‍ ഡ്രസിംഗ് റൂമും ദയനീയ തോല്‍വി ഉറപ്പിച്ച സമയം. എന്നാല്‍ സനത് ജയസൂര്യയുടെ ബാറ്റിംഗ് ശൈലി ഓര്‍മിപ്പിക്കുന്ന കുശാല്‍ പെരേര ക്രീസിലെത്തിയതോടെ കളി മാറി. കുമാര്‍ സംഗക്കാര വിരമിച്ച ഒഴിവില്‍ ടീമിലെത്തിയ പെരേര അനായാസമാണ് ബൌളര്‍മാരെ നേരിട്ടത്. ആദ്യ ഇന്നിംഗ്സില്‍ ലങ്കയുടെ ടോപ്സ്കോററായിരുന്ന ഇടംകൈയന്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞുതുടങ്ങി. മറുവശത്ത് ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി മാത്യൂസും ചേര്‍ന്നതോടെ റണ്ണൊഴുക്ക് വേഗത്തിലായി. മാത്യൂസ് ഇതിനിടെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ലഞ്ചിനു പിരിയുമ്പോള്‍ അഞ്ചിന് 134 റണ്‍സെന്നനിലയിലായിരുന്നു ലങ്ക.


ലഞ്ചിനുശേഷം മാത്യൂസും പെരേരയും ആക്രമിച്ചു കളിച്ചതോടെ കളി ആവേശകരമായി. ജയം തന്നെയാണ് ലക്ഷ്യമെന്ന സൂചനയോടെയായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. 68-ാം ഓവറില്‍ ലങ്ക 200 കടന്നു. ഇതിനിടെ പെരേ 50 പിന്നിട്ടു. 89 പന്തില്‍ നിന്നായിരുന്നു പെരേര തുടര്‍ച്ചയായ രണ്ടാം അര്‍ധശതകം പിന്നിട്ടത്. ചായയ്ക്കു തൊട്ടുമുമ്പ് മാത്യൂസിന്റെ സെഞ്ചുറി പിറന്നു. 217 പന്തില്‍ നിന്നാണ് മാത്യൂസ് മൂന്നക്കം കടന്നത്. 77-ാം ഓവറില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. 70 റണ്‍സെടുത്ത പെരേര അശ്വിനു മുന്നില്‍ വീണു. അനാവശ്യ റിവേഴ്സ് സ്വീപ്പിനുള്ള പെരേരയുടെ ശ്രമം രോഹിത് ശര്‍മയുടെ കൈയിലൊതുങ്ങി. പിന്നീടായിരുന്നു നിര്‍ണായക വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇഷാന്ത് ശര്‍മ കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. എയ്ഞ്ചലോ മാത്യൂസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കിയതോടെ കളി ഇന്ത്യയുടെ പക്കലേക്ക്. പിന്നെയെല്ലാം ചടങ്ങു മാത്രമായി. ഇന്ത്യക്കു വേണ്ടി അശ്വിന്‍ നാലും ഇഷാന്ത് മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.