അമേരിക്കന്‍ വീഴ്ച; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു കൊടിയിറങ്ങി
അമേരിക്കന്‍ വീഴ്ച; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു കൊടിയിറങ്ങി
Monday, August 31, 2015 12:00 AM IST
ബെയ്ജിംഗ്: ഒമ്പതുദിവസം നീണ്ടുനിന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി. ലോക അത്ലറ്റിക് രംഗത്തെ വന്‍ ശക്തിയായിരുന്ന അമേരിക്കയുടെ കിതപ്പിനും കെനിയയുടെയും ജമൈക്കയുടെയും കുതിപ്പിനും വേദിയായ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനായ റഷ്യ കൂപ്പുകുത്തി.

47 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ കെനിയന്‍ അത്ലറ്റുകള്‍ 16 മെഡലുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ജമൈക്ക ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ 12 മെഡലുകള്‍ സ്വന്തമാക്കി. റഷ്യയില്‍ 2013ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്ക ഇത്തവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആറു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവും നേടിയ അവര്‍ ആകെ 18 മെഡലുകള്‍ നേടി.

കഴിഞ്ഞ തവണ ഏഴു സ്വര്‍ണമുള്‍പ്പെടെ 17 മെഡലുകള്‍ സ്വന്തമാക്കിയ റഷ്യക്ക് ഇത്തവണ ലഭിച്ചത് രണ്ടു സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍ മാത്രമാണ്. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കെനിയയാണ് ഇത്തവണ ഒന്നാമതെത്തിയത്. ആതിഥേയരായ ചൈന കഴിഞ്ഞ തവണത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തി ഒരു സ്വര്‍ണവും ഏഴു വെള്ളിയും ഒരു വെങ്കലവുമടക്കം ഒമ്പതു മെഡലുകള്‍ നേടി. കഴിഞ്ഞ തവണ മൂന്നു മെഡലുകള്‍ മാത്രം സ്വന്തമാക്കിയ അവര്‍ക്ക് ഒരു സ്വര്‍ണം പോലുമില്ലായിരുന്നു. അതേസമയം, ലോകചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജിനു ശേഷം ഒരു മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്നം ഇനിയും പൂവണിഞ്ഞില്ല. ഒരു മെഡല്‍പോലുമില്ലാതെയാണ്17 അംഗ ഇന്ത്യന്‍ സംഘം ബെയ്ജിംഗ് വിടുന്നത്. ടിന്റു ലൂക്കയും ഒ.പി. ജയ്ഷയും ലളിത ബാബറും ഒളിമ്പിക് യോഗ്യത നേടിയതുമാത്രമാണ് ആശ്വാസം.

റിലേയില്‍ ജമൈക്കയും അമേരിക്കയും

ഇന്നലെ അവസാനം പുരുഷ, വനിതാ 4-400 മീറ്റര്‍ റിലേ ആവേശം കൊള്ളിച്ചു. വനിതാ വിഭാഗത്തില്‍ ജമൈക്കയും പുരുഷ വിഭാഗത്തില്‍ അമേരിക്കയും സ്വര്‍ണം സ്വന്തമാക്കി. ആദ്യംനടന്ന വനിതാ ഫൈനലില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന അമേരിക്കയെ അട്ടിമറിച്ച് ജമൈക്ക പൊന്നണിഞ്ഞു. ടീം 3 മിനിറ്റ് 19.13 സെക്കന്‍ഡില്‍ റിലേ പൂര്‍ത്തിയാക്കി. അമേരിക്ക (3:19.44) രണ്ടാമതും ബ്രിട്ടന്‍ മൂന്നാമതുമെത്തി. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ജമൈക്കയുടേത്. പുരുഷ വിഭാഗത്തില്‍ ഏവരും പ്രതീക്ഷിച്ചപോലെ അമേരിക്ക പൊന്നണിഞ്ഞു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് അമേരിക്കന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. സമയം 2:57.82. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് വെള്ളിയും ബ്രിട്ടന് വെങ്കലവും ലഭിച്ചു.


അത്യന്തം ആവേശകരമായ പുരുഷന്മാരുടെ ഹൈജംപില്‍ വന്‍തോക്കുകളെ അട്ടിമറിച്ച് കാനഡയുടെ ഡെറക് ഡ്രോയിന്‍ (2.34 മീറ്റര്‍) സ്വര്‍ണം നേടി. ചൈനയുടെ ഗൌവേയി സാംഗ് (2.33) വെള്ളി സ്വന്തമാക്കിയപ്പോള്‍ യുക്രെയ്ന്റെ ബോദാന്‍ ബൊന്‍ഡാരെംഗോ (2.33)യുടെ വകയാണ് വെള്ളി. അതേസമയം റിക്കാര്‍ഡ് താരം മുത്താസ് എസ് ബാര്‍ഷിമിന് (2.33) നാലാമതെത്താനേ സാധിച്ചുള്ളൂ.

വനിതാ ജാവലിന്‍ ത്രോയില്‍ ജര്‍മനിക്കാണ് സ്വര്‍ണം. 67.69 മീറ്റര്‍ കണ്െടത്തിയ കത്രീന മോളിറ്റര്‍ ഒന്നാമതെത്തിയപ്പോള്‍ ചൈനയുടെ ഹ്യുഹ്യു ലിയു (66.13) വെള്ളിയും ദക്ഷിണാഫ്രിക്കയുടെ സുനേറ്റ വില്‍ജിയോന്‍ (65.79) വെങ്കലവും നേടി.

വനിതാ 5000 മീറ്ററില്‍ എത്യോപ്യന്‍ മേധാവിത്വം

വനിതകളുടെ 5000 മീറ്ററില്‍ മൂന്നു മെഡലുകളും എത്യോപ്യയിലേക്ക്. ലോക ചാമ്പ്യന്‍ ഗാന്‍സെബെ ഡിബാബെയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി അല്‍മാസ് അയാന ഒന്നാമതും(14:26.83) സെന്‍ബെറെ ടഫേരി(14:44.07) വെള്ളിയും നേടി. പുതിയ ചാമ്പ്യന്‍ഷിപ് റിക്കാര്‍ഡോടെയാണ് അയാന പൊന്നണിഞ്ഞത്.

പുരുഷന്മാരുടെ 1500 മീറ്ററില്‍ ആദ്യ രണ്ടു മെഡലും കെനിയയ്ക്കാണ്. അബ്സല്‍ കിപ്രോപ് (3:34.40) സ്വര്‍ണവും എലിജാ മോണ്േടാനെയി മനന്‍ഗോയി(3:34.63) വെള്ളിയും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.