പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ
പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ
Friday, August 28, 2015 10:14 PM IST
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടെസ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് കൊളംബോ സിംഹളീസ് സ്പോട്സ് ക്ളബ്ബ് ഗ്രൌണ്ടില്‍ ഇന്ന് തുടക്കമാകും. രണ്ടു ടീമുകളും പരമ്പര ജയത്തിനാകും മൂന്നാം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യക്കാണെങ്കില്‍ ഒരു ടെസ്റ് പരമ്പര നേട്ടം അത്യാവശ്യമാണ്. അതു വിദേശത്താണെങ്കില്‍ അതിനു കൂടുതല്‍ മാധുര്യമേറും. ഇന്ത്യ വിദേശത്ത് പരമ്പര നേടിയിട്ട് നാലു വര്‍ഷമായി. ശ്രീലങ്കയിലാകട്ടെ, 22 വര്‍ഷവും. സ്വന്തം നാട്ടില്‍ ഒരു പരമ്പര കൂടി തോല്‍ക്കാന്‍ ശ്രീലങ്കയ്ക്കു പ്രയാസമാണ്. പാക്കിസ്ഥാനോട് തോറ്റതിന്റെ ക്ഷീണം ഇന്ത്യക്കെതിരെ തീര്‍ക്കാനാകും എയ്ഞ്ചലോ മാത്യൂസും കൂട്ടരും ഇറങ്ങുന്നത്. 2011ല്‍ വെസ്റ് ഇന്‍ഡീസില്‍ നേടിയ 1-0ന്റെ ടെസ്റ് പരമ്പര ജയത്തിനുശേഷം ഒരു വിദേശ പരമ്പരയ്ക്കായാണ് നായകന്‍ വിരാട് കോഹ്ലിയും യുവ സംഘവും കാത്തിരിക്കുന്നത്. ഇന്ത്യ ഒരു ടെസ്റ് പരമ്പര നേടിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. 2013 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതായിരുന്നു അവസാന ടെസ്റ് പരമ്പര ജയവും. അതിനുശേഷം നടന്ന പരമ്പരകളില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ളണ്ട്, ഓസ്ട്രേലിയ എന്നിവരോട് തോറ്റു. ബംഗ്ളാദേശിനെതിരെയുള്ള ഏക ടെസ്റ് സമനിലയാകുകയും ചെയ്തു. പരമ്പരയിലെ ആദ്യ ടെസ്റ് കൈപ്പിടിയില്‍ ഒതുക്കാമായിരുന്ന ജയം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിംഗിലൂടെ നഷ്ടമാക്കി. രണ്ടാം ടെസ്റില്‍ ഇന്ത്യന്‍ ജയം 278 റണ്‍സിനായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ചരിത്രം ലങ്കയ്ക്ക് അനുകൂലമാണ്.

ഇന്ത്യയുടെ ശ്രീലങ്കന്‍ മണ്ണിലെ അവസാന രണ്ടു ടെസ്റ് പരമ്പരയിലും ജയം ആതിഥേയര്‍ക്കായിരുന്നു. 2001ല്‍ ആദ്യമായി ഇന്ത്യയെ സ്വന്തം നാട്ടില്‍ 2-1ന് പരാജയപ്പെടുത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റില്‍ ലങ്ക ജയിച്ചു. രണ്ടാം ടെസ്റില്‍ ഇന്ത്യ ജയത്തോടെ തിരിച്ചുവന്നു. കൊളംബോയില്‍ നടന്ന മൂന്നാം ടെസ്റില്‍ ലങ്ക ജയം ആവര്‍ത്തിച്ചു പരമ്പര സ്വന്തമാക്കി. ഇന്ത്യക്കെതിരെയുള്ള പരമ്പര ജയത്തിനു പ്രധാന പങ്കുവഹിച്ചത് മുത്തയ്യ മുരളീധരന്‍ എന്ന ഇതിഹാസ സ്പിന്നറായിരുന്നു. 2008ലും ഇന്ത്യ ശ്രീലങ്ക സന്ദര്‍ശിച്ചു. അപ്പോള്‍ ഇന്ത്യയെ കാത്തിരുന്നത് മുരളീധരനു പുറമെ ശ്രീലങ്കയുടെ മറ്റൊരു രഹസ്യായുധം അജാന്ത മെന്‍ഡിസ് എന്ന സ്പിന്നര്‍ കൂടിയായിരുന്നു. ആദ്യ ടെസ്റില്‍ ഇന്ത്യ മുരളീധരന്റെയും മെന്‍ഡിസിന്റെയും സ്പിന്നിനു മുന്നില്‍ കറങ്ങി വീണു ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ടെസ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു പരമ്പരയില്‍ ഒപ്പമെത്തി. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടെസ്റില്‍ ലങ്ക ഒരുക്കിയ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തോറ്റു. ഈ പരമ്പരയിലും ദുര്‍ഗതി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്. സംഗക്കാര-ജയവര്‍ധന യുഗത്തിനുശേഷം ആദ്യമായാണ് ലങ്ക ടെസ്റില്‍ ഇറങ്ങുന്നത്.


ഇന്നു തുടങ്ങുന്ന നിര്‍ണായക ടെസ്റില്‍ ഇറങ്ങുമ്പോള്‍ രണ്ടു ടീമിനും ആശങ്കകളുണ്ട്. മുരളി വിജയിയെയും വിക്കറ്റ്കീപ്പര്‍ വൃദ്ധിമന്‍ സാഹയെയും പരിക്കിനെത്തുടര്‍ന്ന് ഇന്ത്യക്കു നഷ്ടമായി. ഇതോടെ ചെതേശ്വര്‍ പുജാരയും നമന്‍ ഓജയും ടീമില്‍ ഇടംപിടിക്കുമെന്ന് ഉറപ്പായി. ഓജയുടെ ടെസ്റിലെ അരങ്ങേറ്റമാകും ഇത്. ലേകേഷ് രാഹുലിനൊപ്പം പൂജാര ഓപ്പണ്‍ ചെയ്യുമെന്ന് കോഹ്ലി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നഷ്ടവും ലങ്ക ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനോടും നാട്ടില്‍ പരാജയപ്പെട്ടിരുന്നു. ശ്രീലങ്കയ്ക്കാണെങ്കില്‍ ബാറ്റ്സ്മാന്മാരുടെയും ബൌളര്‍മാരുടെയും സ്ഥിരതയില്ലായ്മ വലിയ പ്രശ്നമാണ്. സംഗക്കാര ഒഴിച്ചിട്ടിരിക്കുന്ന മൂന്നാം നമ്പര്‍ സ്ഥാനത്ത് ആര് എന്ന ചോദ്യം ലഹിരു തിരുമനെയിലും ഉപുല്‍ തരംഗയിലുമാണ് എത്തി നില്‍ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.