ഫൈനല്‍ ടെസ്റ് നാളെ മുതല്‍
Thursday, August 27, 2015 11:18 PM IST
കൊളംബോ: സംഗക്കാരാനന്തര യുഗത്തിലേക്കു ശ്രീലങ്കന്‍ ക്രിക്കറ്റും കോഹ്ലിയുടെ കീഴില്‍ ആദ്യ പരമ്പര വിജയം മോഹിച്ച് ഇന്ത്യയും. കൊളംബോ പ്രേമദാസ സ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ടെസ്റ് പരമ്പരയിലെ അവസാന പോരാട്ടം. ഇരുടീമും പരമ്പരയില്‍ 1-1നു ഒപ്പമെന്നതിനാല്‍ മത്സരം കടുക്കും.

പരിക്കുമൂലം രണ്ടു പ്രധാന താരങ്ങളെ നഷ്ടപ്പെട്ടതാണ് ഇന്ത്യയെ അലട്ടുന്നത്. ഓപ്പണര്‍ മുരളി വിജയും വിക്കറ്റ്കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് പരിക്കേറ്റവര്‍. ഇവര്‍ക്കു പകരം ടീമിലെത്തിയ നമന്‍ ഓജ ഉറപ്പായും കളിക്കും. കരുണ്‍ നായരോ ചേതേശ്വര്‍ പൂജാരയോ ആകും വിജയിക്കു പകരമെത്തുക. ആദ്യ രണ്ടു ടെസ്റുകളില്‍ കളിക്കാതിരുന്ന പൂജാര ഇന്നിംഗ്സ് തുറക്കാന്‍ അനുയോജ്യനാണെന്നു ക്യാപ്റ്റന്‍ കോഹ്ലി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

അരങ്ങേറാന്‍ കരുണ്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നര്‍ഥം. ബൌളിംഗില്‍ കാര്യമായ വേവലാതികളില്ല. ആര്‍. അശ്വിനും അമിത് മിശ്രയും എതിരാളികളെ കറക്കിവീഴ്ത്തുന്നതില്‍ വിജയിക്കുന്നു. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റെടുത്തു തങ്ങളുടേതായ സംഭാവന നല്കുന്നു. മറുവശത്ത് കുമാര്‍ സംഗക്കാരയുടെ വന്‍ വിടവ് ആരു നികത്തുമെന്ന വലിയ ചോദ്യത്തിനു ഉത്തരം തേടിയാകും ലങ്ക ഭാഗ്യമൈതാനത്തിറങ്ങുക. ഉപുല്‍ തരംഗയെ അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിനിടെ അതിലേറെ തവണ ടീമില്‍ വരികയും പുറത്താകുകയും ചെയ്ത താരമാണ് തരംഗ. 2004ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ സുനാമിയില്‍ വീടും സ്വന്തക്കാരെയും നഷ്ടപ്പെട്ട തരംഗയെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിച്ചതു സംഗക്കാരയായിരുന്നു. രണ്ടാംവരവിനു വഴിയൊരുക്കിയ അതേ താരത്തിന്റെ പകരക്കാരനാകുകയെന്ന അപൂര്‍വതയും തരംഗയുടെ തിരിച്ചുവരവിനുണ്ടായി.


തുടക്കത്തില്‍ ബാറ്റ്സ്മാന്‍മാരെയും പിന്നീട് സ്പിന്നര്‍മാരെയും അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചാണ് കൊളംബോയിലേത്. വര്‍ഷങ്ങളായി ആതിഥേയരുടെ ഭാഗ്യഗ്രൌണ്ടും ഇതുതന്നെ. ഇത്തവണയും പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാകില്ല. രണ്ടു ടീമിലെയും സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കുമെന്നു സാരം.

ആത്മവിശ്വാസം പകര്‍ന്നത് ദ്രാവിഡ്: കരുണ്‍

കൊളംബോ: ദേശീയ ടീമിലേക്കുള്ള യാത്രയില്‍ രാഹുല്‍ ദ്രാവിഡാണ് തനിക്കേറെ ആത്മവിശ്വാസമേകിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍. ബാറ്റിംഗിലും കളിയോടുള്ള സമീപനത്തിലും ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ ഏറെ പ്രയോജനം ചെയ്തു. ശ്രീലങ്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ നമന്‍ ഓജയ്ക്കൊപ്പം എത്തിയതായിരുന്നു കരുണ്‍. ‘അദ്ദേഹം എന്റെ ബാറ്റിംഗ് ശൈലിയില്‍ കാര്യമായ മാറ്റം വരുത്തിയില്ല. എന്നാല്‍ ഒരു യുവ താരത്തിനു വേണ്ട ശരിയായ ആത്മവിശ്വാസം പകര്‍ന്നുനല്കി. നിങ്ങള്‍ ഇപ്പോള്‍ കളിക്കുന്നതുപോലെ കരിയറിലുടനീളം കളിക്കുകയെന്നാണ് ദ്രാവിഡ് പറഞ്ഞിട്ടുള്ളത്- മലയാളി വേരുകളുള്ള താരം ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയിര്‍ ലീഗില്‍ ദ്രാവിഡിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇന്ത്യന്‍ എ ടീമില്‍ വന്‍മതിലിന്റെ പരിശീലനത്തിലും കരുണ്‍ കളിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.