ചെന്നൈ, രാജസ്ഥാന്‍ പ്രതിനിധികള്‍ക്കു ക്ഷണമില്ല
Wednesday, August 5, 2015 11:17 PM IST
മുംബൈ: ജസ്റ്റീസ് ലോധ കമ്മീഷന്റെ ഐപിഎല്‍ വാതുവയ്പ് വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലേക്ക് ചെന്നൈ സൂപ്പര്‍കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് പ്രതിനിധികള്‍ക്കു ക്ഷണമില്ല. ബിസിസി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള, ട്രഷറര്‍ അനിരുദ്ധ ചൌധരി, ഐപിഎല്‍ ഗവേണിംഗ് കൌണ്‍സില്‍ അംഗം സൌരവ് ഗാംഗുലി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മറ്റു ഫ്രാഞ്ചൈസി പ്രതിനിധികള്‍ക്കു ക്ഷണമുണ്ട്. ഇതിനുശേഷം ടിവി സംപ്രേഷണക്കരാറുകാര്‍, ഓഹരി ഉടമകള്‍, സ്പോണ്‍സര്‍മാര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയുമുണ്ടാകും.

അടുത്തവര്‍ഷത്തെ ഐപിഎല്‍ സീസണ്‍ വിജയകരമാക്കുന്നതിനെപ്പറ്റി സംസാരിക്കാനാണ് ചര്‍ച്ചയെന്നാണ് രാജീവ് ശുക്ള യോഗത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു. ലീഗിന്റെ നടത്തിപ്പില്‍ സ്പോണ്‍സര്‍മാര്‍ സംതൃപ്തരാണെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. എന്നാല്‍ ഐപിഎലിനു മേല്‍ ചാര്‍ത്തപ്പെട്ട ഒത്തുകളി ലീഗെന്ന പ്രതിഛായയില്‍ സ്പോണ്‍സര്‍മാര്‍ അതൃപ്തരാണെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.


കളിക്കാര്‍ക്കും വേണ്ട ഭിന്നതാല്പര്യം

ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം കളിക്കാരുടെയും ഭിന്നതാല്പര്യത്തിനു തടയിടാന്‍ ബിസിസിഐ നടപടി തുടങ്ങി. ഇത് സംബന്ധിച്ചു കളിക്കാരുമായി സമീപഭാവിയില്‍ കരാറൊപ്പിട്ടേക്കുമെന്നു സൂചനയുണ്ട്. ഇത്തരത്തിലൊരു കരാര്‍ വന്നാല്‍ എം.എസ്. ധോണി അടക്കമുള്ള താരങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ക്കിതു കനത്ത തിരിച്ചടിയാകും. കായികതാരങ്ങളുമായി കരാറുള്ള റിതി സ്പോര്‍ട്സിന്റെ ഉടമയാണ് ധോണി. ക്രിക്കറ്റ് അക്കാദമികള്‍ നടത്തുന്ന ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് അടക്കമുള്ളവരെയും ഇത് ബാധിക്കും. നിലവില്‍ കരാറില്‍ ഒപ്പിടാന്‍ താരങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തരമൊരു തീരുമാനം ഉടനുണ്ടായേക്കും.

ചെന്നൈ എം.എ. ചിദംബരം സ്റേഡിയം, ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയങ്ങളിലെ പിച്ചിനെക്കുറിച്ചുള്ള പരാതികളും യോഗത്തില്‍ ചര്‍ച്ചയാകും. ഈ രണ്ടു സ്റ്റേഡിയങ്ങളും നിലവില്‍ ടെസ്റ്റ് വേദികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.