യുവതാരങ്ങള്‍ ലങ്കന്‍ കരുത്ത്: ജയസൂര്യ
യുവതാരങ്ങള്‍ ലങ്കന്‍ കരുത്ത്: ജയസൂര്യ
Tuesday, August 4, 2015 11:37 PM IST
കൊച്ചി: വരാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ടെസ്റ് പരമ്പര കടുപ്പമേറിയതായിരിക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ. യുവ താരങ്ങളാണെങ്കിലും ശ്രീലങ്കയെ തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ല. സ്വന്തം നാട്ടില്‍ സിംഹള ടീം കൂടുതല്‍ കരുത്തരാണെന്നതിനാല്‍ പരമ്പര വീറും വാശിയുമേറിയതാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സ്വകാര്യ ഷോറൂം ഉദ്ഘാടനത്തിനെത്തിയ ജയസൂര്യ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പരിചയസമ്പന്നരുടെ നീണ്ട നിരതന്നെയാണ് ഇന്ത്യയുടെ കരുത്ത്. സിംബാബ്വേ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താനും ടീമിന് സാധിച്ചിട്ടുണ്െടന്നും സനത് ജയസൂര്യ പറഞ്ഞു.

ചെറുപ്പം തന്നെയാണ് ലങ്കന്‍ ടീമിന്റെ കരുത്ത്. അവസരം ലഭിച്ചാല്‍ ഇവര്‍ മികച്ച താരങ്ങളാകും. ക്രിക്കറ്റില്‍ ബംഗ്ളാദേശിന്റെ സമീപകാലത്തെ പ്രകടനം ആശാവഹമാണ്. നേപ്പാള്‍, മ്യാന്‍മര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളവരാണ്. ബംഗ്ളാദേശിന്റെ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നില്‍ സ്കൂള്‍ തലം മുതല്‍ കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണെന്നും പ്രഫഷണലിസം നടപ്പാക്കിയാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് കൂടുതല്‍ വളരുമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. മലയാളി പേസ് ബൌളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവയ്പ് കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ വിസമ്മതിച്ചു. കോടതിയുടെയും ബിസിസിഐയുടെയും പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി. ഒത്തുകളിയില്‍ നിന്ന് താരങ്ങളെ ബോധവത്കരിക്കാന്‍ ശ്രീലങ്കന്‍ ബോര്‍ഡ് ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്തുന്നുണ്െടന്ന് ജയസൂര്യ അറിയിച്ചു. ഇത്തവണത്തെ ആഷസ് ടെസ്റ് ആവേശകരമാണെന്നും ട്വന്റി-20യെക്കാള്‍ തനിക്കിഷ്ടം ടെസ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.