നേട്ടം ആവര്‍ത്തിക്കാന്‍ ചെല്‍സി
നേട്ടം ആവര്‍ത്തിക്കാന്‍ ചെല്‍സി
Monday, August 3, 2015 10:57 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് മാത്രം. ചെല്‍സി, മാഞ്ചസ്റര്‍ യുണൈറ്റഡ,് മാഞ്ചസ്റര്‍ സിറ്റി, ആഴ്സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ അത് കരുത്തരുടെ പോരാട്ടമാകും. പ്രീമിയര്‍ ലീഗ് തുടങ്ങിക്കഴിഞ്ഞാല്‍ ഡെര്‍ബി പോരാട്ടങ്ങളുടെയും അവരുടെ പഴയകാല ഫുട്ബോള്‍ വൈരത്തിന്റെയും നേര്‍പോരാട്ടങ്ങള്‍ ഫുട്ബോള്‍ മൈതാനത്ത് തെളിയും. ഇതില്‍ ചെല്‍സി-ആഴ്സണല്‍ പോരാട്ടത്തിനു വാശിയേറും. ചെല്‍സി പരിശീലകന്‍ ഹൊസെ മൌറിഞ്ഞോയോട് ഇതുവരെ ആഴ്സണല്‍ പരിശീലകനായ ആഴ്സണ്‍ വെംഗര്‍ക്കു ജയിക്കാനായിട്ടില്ല. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ കൂടുതല്‍ കരുത്തരായി കിരീടം വിട്ടുകൊടുക്കാതിരിക്കാനുള്ള പോരാട്ടത്തിലായിരിക്കും. ചെല്‍സിയുടെ കരുത്ത് പരിശീലകന്‍ മൌറിഞ്ഞോയുടെ തന്ത്രങ്ങളിലാണ്. ഓരോ ടീമിനെതിരെയും എങ്ങനെ കളിക്കണമെന്ന് പോര്‍ച്ചുഗീസുകാരനു വ്യക്തമായ പദ്ധതികളുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ടാംപാദമത്സരത്തില്‍ ആഴ്സണിലിനെതിരെയുള്ള മത്സരം അതിനുദാഹരണമാണ്. കിരീടം മാത്രം ലക്ഷ്യമാക്കി കളിച്ച ചെല്‍സി തോല്‍ക്കാതിരിക്കാനാണ് അന്ന് ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ കളിച്ചത്. എട്ടിന് സ്വാന്‍സി സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം.

കൌശലക്കാരനും തന്ത്രജ്ഞനുമായ പരിശീലകന്‍ ഹൊസെ മൌറിഞ്ഞോ പരിശീലകനായശേഷം പുതിയ ആത്മവിശ്വാസമാണ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ തലസ്ഥാന നഗരം ലണ്ടനിലെ ടീം ചെല്‍സിക്കുണ്ടായത്. ചെല്‍സിയില്‍ മൌറിഞ്ഞോയുടെ രണ്ടാം വരവായിരുന്നു അത്. 2004-2007 വരെയുള്ള കാലയളവില്‍ ചെല്‍സിയെ രണ്ടു തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. 2007ല്‍ ഇംഗ്ളണ്ടില്‍നിന്നും സ്പെയിനില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായെത്തി. 2013ല്‍ മൌറിഞ്ഞോയെ ചെല്‍സി തിരിച്ചുകൊണ്ടുവന്നു. തിരിച്ചുവരവില്‍ സീസണില്‍ നീലക്കുപ്പായക്കാരെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചു. ഇതൊരു തുടക്കമായിരുന്നു. തിരിച്ചെത്തിയ സീസണില്‍ നഷ്ടമായ കിരീടം അടുത്ത സീസണില്‍ സ്വന്തമാക്കി. മൌറിഞ്ഞോ വീണ്ടും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കി. 2014-15 സീസണിലെ ആകെ 38 കളികളില്‍ തോറ്റത് മൂന്നെണ്ണത്തില്‍ മാത്രം. എന്നാല്‍, ഈ തോല്‍വികള്‍ കരുത്തരില്‍നിന്നല്ലായിരുന്നുവെന്നുമാത്രം. എവേ മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡിനോടും ടോട്ടനത്തോടും വെസ്റ്റ് ബ്രോംവിച്ചിനോടുമായിരുന്നു ചാമ്പ്യന്‍മാര്‍ തോറ്റത്.

തുടക്കം മുതല്‍ പോയിന്റ് നിലയില്‍ മുന്നിലായിരുന്നു. ഇടയ്ക്ക് ആഴ്സണലില്‍നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നും വെല്ലുവിളി നേരിട്ടെങ്കിലും തുടര്‍ച്ചയായ ജയവുമായി കുതിച്ച ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റിയെയും ആഴ്സണലിനെയും ബഹുദൂരം പിന്നിലാക്കി ചാമ്പ്യന്‍ പട്ടം ഉയര്‍ത്തി. മൌറിഞ്ഞോയുടെ കീഴില്‍ മൂന്നാം തവണ. 26 ജയവും ഒമ്പത് സമനിലയുമായിരുന്നു.


എഫ്എ കപ്പിന്റെ നാലാം റൌണ്ടില്‍ ലീഗ് വണ്‍ ടീം ബ്രാഡ്ഫോര്‍ഡ് സിറ്റിയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി പുറത്തായി. 2015 മാര്‍ച്ച് ഒന്നിന് നടന്ന ലീഗ് കപ്പ് ഫൈനലില്‍ ടോട്ടനത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഇത്തവണ പ്രീമിയര്‍ ലീഗിനു പുറമെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെല്‍സിയുടെ പ്രതീക്ഷയിലുണ്ട്.

അത്ലറ്റികോ മാഡ്രിഡില്‍നിന്നും ചെല്‍സിയിലെത്തിച്ച ഡിയേഗോ കോസ്റ്റ, ഇഡന്‍ ഹസാര്‍ഡ്, ലോസി റെമി, ജോണ്‍ ടെറി, ഓസ്കര്‍, ബ്രാനിസ്ളാവ് ഇവാനോവിച്ച്, 2004 മുതല്‍ 2012 വരെ ചെല്‍സിയില്‍ തുടര്‍ന്ന് പിന്നീട് ലണ്ടന്‍ വിട്ട് ഷാംഗ്ഹായ് ഷെന്‍ഹുവ, ഗലറ്റ്സറെ എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചശേഷം മൌറിഞ്ഞോ വീണ്ടും ടീമിലെത്തിച്ച ദിദിയെ ദ്രോഗ്ബയുടെ മികവ് ടീമിന്റെ വിജയങ്ങള്‍ക്ക് നിര്‍ണായകമായി. ബാഴ്സലോണയില്‍നിന്നും ചെല്‍സിയിലെത്തിയ സെസ് ഫാബ്രിഗസ് കളി മെനയുന്നതിനും ഗോളടിക്കുന്നതിനും നിര്‍ണായക പങ്ക് വഹിച്ചു. കോസ്റ്റ 20 ഗോളും ഹസാര്‍ഡ് 14 ഗോളും റെമി ഏഴും ഗോള്‍ നേടി. ടെറിയും ഓസ്കറും മികച്ചുനിന്നു. ഇംഗ്ളണ്ട് ഫുട്ബോള്‍ അസോസിയേഷന്റെ പ്ളയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഹസാര്‍ഡിനായിരുന്നു.

പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച പരിശീലകനുള്ള അവാര്‍ഡ് മൌറിഞ്ഞോ സ്വന്തമാക്കി. 2004-05, 2005-06, 2009-10 സീസണില്‍ ചാമ്പ്യന്മാരായപ്പോള്‍ ഫ്രാങ്ക് ലാംപാര്‍ഡും ദ്രോഗ്ബയും ഗോളടിച്ചു കൂട്ടി.

ഇത്തവണ അതിന്റെ ചുമതല കോസ്റ്റയ്ക്കും ഹസാര്‍ഡിനുമായിരുന്നു. അവരത് ഭംഗിയായി നിര്‍വഹിച്ചു. 2015-16 സീസണില്‍ മുന്നേറ്റനിരയ്ക്ക് കൂടുതല്‍ ശക്തിപകരാന്‍ കൊളംബിയന്‍ താരം റഡമേല്‍ ഫാല്‍ക്കാവോയെ എത്തിച്ചു. 2004 മുതല്‍ ചെല്‍സിയുടെ വല കാത്ത പീറ്റര്‍ ചെക്ക് പ്രധാന വൈരികളായ ആഴ്സണിന്റെ പാളയത്തിലേക്കു പോയി. ദ്രോഗ്ബ ചെല്‍സിയിലെ കളി മതിയാക്കി. ഫിലിപ്പെ ലൂയിസ് ഇംഗ്ളണ്ട് വിട്ട് സ്പെയിനില്‍ അത്ലറ്റികോ മാഡ്രിഡില്‍ ചേര്‍ന്നു. 2015-16 സീസണില്‍ ഹസാര്‍ഡ്, കോസ്റ്റ, വില്യന്‍, ഓസ്കര്‍, ടെറി, സെസ് ഫാബ്രിഗസ്, തെയ്ബത് കോര്‍ടിയസ് എന്നിവരടങ്ങുന്ന നിര ശക്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.