ചെല്‍സിയെ പരാജയപ്പെടുത്തി ആഴ്സണലിനു കമ്യൂണിറ്റി ഷീല്‍ഡ്
ചെല്‍സിയെ പരാജയപ്പെടുത്തി ആഴ്സണലിനു കമ്യൂണിറ്റി ഷീല്‍ഡ്
Monday, August 3, 2015 10:55 PM IST
ലണ്ടന്‍: ഒടുവില്‍ ആഴ്സിന്‍ വെംഗര്‍ ഹോസെ മൌറിഞ്ഞോയുടെ ചാണക്യബുദ്ധിയെ മറികടന്നു. പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിയെ അലക്സ് ഒക്സ്ലാഗെ ചേംബര്‍ലെയ്നിന്റെ മനോഹരഗോളില്‍ കീഴടക്കി ആഴ്സണലിനു കമ്യൂണിറ്റി ഷീല്‍ഡ് കിരീടം. 24-ാം മിനിറ്റിലായിരുന്നു വിധി നിര്‍ണയിച്ച ഇടംകാല്‍ ഗോള്‍ പിറന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന സൂചന നല്കാനും ഗണ്ണേഴ്സിനായി.

വര്‍ഷങ്ങളോളം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ വിശ്വസ്ത കാവല്‍ക്കാരനായിരുന്ന പീറ്റര്‍ ചെക്ക് ആഴ്സണലിന്റെ ചുവപ്പന്‍ ജേഴ്സിയില്‍ അരങ്ങേറുന്നതിനും വെംബ്ളിയിലെ കളിപ്രേമികള്‍ സാക്ഷ്യംവഹിച്ചു. 68-ാം മിനിറ്റില്‍ കുര്‍ട്ട് സൂമാസിന്റെ കിടിലന്‍ ഹെഡര്‍ തട്ടിയകറ്റി ശുഭാരംഭം കുറിക്കാനും പൊക്കക്കാരന്‍ ഗോളിക്കായി.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ തന്നെയോ എന്നു സംശയിപ്പിക്കുന്നതുപോലെയായിരുന്നു ചെല്‍സിയുടെ കളി. പന്തടക്കത്തില്‍ മാത്രമായിരുന്നു നീലപ്പടയ്ക്കു ആധിപത്യം നേടാനായത്. പോസ്റ്റിലേക്കു വെറും രണ്ടുതവണ മാത്രമാണ് എഡന്‍ ഹസാര്‍ഡ് സെസ് ഫാബ്രിഗസ്, ഫാല്‍ക്കാവോ തുടങ്ങിയ പ്രഗത്ഭര്‍ക്ക് ഗോളിയെ പരീക്ഷിക്കാനായത്. 24-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിന്റെ പാസില്‍നിന്നാണ് വിജയഗോള്‍ വന്നത്. പ്രതിരോധക്കാരെ വെട്ടിച്ചു ബോക്സിനു വെളിയില്‍നിന്നു ചേംബര്‍ലെയ്ന്‍ ഇടതുകാലില്‍ തൊടുത്ത ഷോട്ട് വലതേ മൂലയില്‍ പറന്നിറങ്ങി.


സൈഡ്ലൈനില്‍ കളി വീക്ഷിച്ചുനിന്ന വെംഗര്‍ക്ക് പ്രീമിയര്‍ ലീഗ് നേടിയ സന്തോഷം. അപ്രതീക്ഷിതമായി പിന്നിലായതിന്റെ ഞെട്ടലിലായിരുന്നു ചെല്‍സി ബെഞ്ച്.

ഒപ്പമെത്താനുള്ള ചെല്‍സിയുടെ ശ്രമങ്ങളെല്ലാം പ്രതിരോധക്കാര്‍ വിഫലമാക്കി. 70-ാം മിനിറ്റില്‍ മൊസ്യൂട്ട് ഓസിലിന്റെ പാസില്‍ ചേംബര്‍ലിന്‍ ലീഡുയര്‍ത്തേണ്ടതായിരുന്നു. അവസാനനിമിഷങ്ങളില്‍ ആക്രമിച്ചുകളിച്ചെങ്കിലും വെംഗറുടെ കുട്ടികള്‍ പിടിച്ചുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.