സാനിയയ്ക്കു ഖേല്‍രത്ന ശിപാര്‍ശ
സാനിയയ്ക്കു ഖേല്‍രത്ന ശിപാര്‍ശ
Sunday, August 2, 2015 1:03 AM IST
ന്യൂഡല്‍ഹി: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയ സാനിയ മിര്‍സയ്ക്കു രാജീവ് ഗാന്ധി ഖേല്‍രത്ന നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശിപാര്‍ശ. നിലവില്‍ വനിതാ ഡബിള്‍സില്‍ ഒന്നാം റാങ്കുകാരിയാണ് സാനിയ. കഴിഞ്ഞ മാസം നടന്ന വിംബിള്‍ഡണിലാണ് സാനിയ-ഹിംഗിസ് സഖ്യം കിരീടം നേടിയത്. സാനിയ, ഹിംഗിസിനൊപ്പം ചേര്‍ന്ന ശേഷം മികച്ച പ്രകടനമാണ് നടത്തുന്നത്. രാജ്യത്തിനു വേണ്ടി കളിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ഏഷ്യന്‍ ഗെയിംസിലും കളിച്ചിരുന്നു. ഇതാദ്യമായാണ് സാനിയയ്ക്കു ഖേല്‍രത്ന നാമനിര്‍ദേശം ലഭിക്കുന്നത്. കേന്ദ്ര കായികമന്ത്രി തന്നെ ശിപാര്‍ശ നല്‍കിയതു സാനിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. 2003 വരെ സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സാനിയ, ഇന്ത്യയുടെ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവുമധികം വിജയം നേടിയിട്ടുള്ള വനിത താരമാണ്. മൂന്നുതവണ മിക്സഡ് ഡബിള്‍സിലും ഒരു തവണ വനിതാ ഡബിള്‍സിലും സാനിയ ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍(2009), ഫ്രഞ്ച് ഓപ്പണ്‍(2012), യുഎസ് ഓപ്പണ്‍(2014), വിംബിള്‍ഡണ്‍(2015) എന്നിങ്ങനെയാണ് സാനിയയുടെ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍. പദ്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.