നദാലും ഭൂപതിയുടെ ടെന്നീസ് ലീഗിലേക്ക്
Sunday, August 2, 2015 1:00 AM IST
ന്യൂഡല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഈ സീസണിലെ ഇന്റര്‍ നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍(ഐപിടിഎല്‍) കളിക്കും. ലീഗിന്റെ മാനേജിംഗ് ഡയറക്ടറായ മഹേഷ് ഭൂപതിയാണ് വിവരമറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപുലവും താരസമ്പന്നവുമായിരിക്കും ഇത്തവണത്തെ ലീഗെന്ന് അദ്ദേഹം പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് നദാലിന് ആദ്യ എഡിഷനില്‍ പങ്കെടുക്കാനായിരുന്നില്ല. നിലവിലെ ചാമ്പ്യന്‍ ഇന്ത്യന്‍ എയ്സിനുവേണ്ടിയാകും നദാല്‍ കളത്തിലിറങ്ങുക. യുഎഇ റോയല്‍സിനു വേണ്ടിയാകും ഇത്തവണമുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ കളിക്കുന്നത്. ഇതോടെ ഡിസംബര്‍ 12നു ന്യൂഡല്‍ഹിയില്‍ ഫെഡറര്‍- നദാല്‍ പോരാട്ടത്തിനു കളമൊരുങ്ങും. ഇന്ത്യയില്‍ ആദ്യമായാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയ്സിനുവേണ്ടിയാണ് ഫെഡറര്‍ കളിച്ചത്. സിംഗപ്പൂര്‍ സ്ളാമേഴ്സിനുവേണ്ടിയാണ് ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഇറങ്ങുന്നത്.


ഡിസംബര്‍ രണ്ടിനാണ് പ്രഥമ ഐടിപിഎല്‍ നടന്നത്. നാല് ഏഷ്യന്‍ രാജ്യങ്ങളിലായി നടന്ന ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. ഇത്തവണ നിലവിലുള്ള ഇന്ത്യന്‍ എയ്സസ്, യുഎഇ റോയല്‍സ്, ഫിലിപ്പൈന്‍സ് മാവെറിക്സ്, സിംഗപ്പൂര്‍ സ്ളാമേഴ്സ് എന്നീ ടീമുകള്‍ക്കു പുറമേ ജപ്പാന്‍ വാരിയേഴ്സ് എന്ന ടീമും കളിക്കും. ജപ്പാന്‍ താരം കേയി നിഷികോരിയാണ് വാരിയേഴ്സിനെ നയിക്കുന്നത്. മരിയ ഷറപ്പോവ. ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയ താരങ്ങളും ജപ്പാനൊപ്പമാണ്. ഇന്ത്യന്‍ എയ്സില്‍ നദാലിനൊപ്പം സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ, അഗ്നിയേസ്ക റഡ്വാന്‍സ്ക തുടങ്ങിയ താരങ്ങളുണ്ട്. ഫിലിപ്പൈന്‍ മാവെറിക്സിനെ നിക്കുന്നത് സെറീന വില്യംസാണ്. ജോ വില്‍ഫ്രഡ് സോംഗ, റിച്ചാര്‍ഡ് ഗാസ്കെറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.