ടോക്കിയോ ഒളിമ്പിക്സ് 2020: ലോഗോ അടിച്ചുമാറ്റിയതെന്ന്
ടോക്കിയോ ഒളിമ്പിക്സ് 2020: ലോഗോ അടിച്ചുമാറ്റിയതെന്ന്
Sunday, August 2, 2015 1:03 AM IST
ടോക്കിയോ: 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ ലോഗോ കോപ്പിയടി വിവാദത്തില്‍. കഴിഞ്ഞ ആഴ്ചയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ജാപ്പനീസ് ഡിസൈനറായ കെന്‍ജിറോ സനോയാണ് ടി എന്ന അക്ഷരത്തെ അടിസ്ഥാനമാക്കി ഒളിമ്പിക്സ് ലോഗോ ഡിസൈന്‍ ചെയ്തത്. എന്നാല്‍, ഇത് തന്റെ ഡിസൈന്‍ കോപ്പിയടിച്ചതാണെന്നു വ്യക്തമാക്കി ബെല്‍ജിയന്‍ ഡിസൈനര്‍ ഒളിവര്‍ ദേബ് രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ടേക്ക് ആക്ഷന്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി തിയറ്റര്‍ ഗ്രൂപ്പായ തിയറ്റര്‍ ഡെ ലിഗെയ്ക്കു വേണ്ടി താന്‍ ഡിസൈന്‍ ചെയ്ത ലോഗോയില്‍ നേരിയ മാറ്റം വരുത്തിയാണ് കെന്‍ജിറോ ലോഗോ തയാറാക്കിയതെന്നാണ് ഒളിവറിന്റെ വാദം. 2013 ലാണ് ഒളിവറിന്റെ ലോഗോ തിയറ്റര്‍ ഡെ ലിഗെ ഉപയോഗിച്ചു തുടങ്ങിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കു താന്‍ കത്തയച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.


താന്‍ ഒളിവറിന്റെ ഡിസൈന്‍ കണ്ടിട്ടില്ലെന്നും വിവാദത്തില്‍ കഴമ്പില്ലെന്നുമാണ് കെന്‍ജിറ പ്രതികരിച്ചത്. ഒളിവറിന്റെ ലോഗോ കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റര്‍ ചെയ്തിട്ടില്ലെന്നും കെന്‍ജിറ ആരോപിക്കുന്നു. 1964 ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ലോഗോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുത്തന്‍ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ലോഗോ സംബന്ധമായി നിലവില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ലോഗോയുടെ ഡിസൈന്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ വ്യക്തമാക്കി. കോപ്പിറൈറ്റുള്ള ലോഗോയുമായി സാമ്യമുണ്െടങ്കില്‍ മാത്രമെ പുനര്‍വിചിന്തനത്തിന്റെ ആവശ്യമുള്ളുവെന്നും ഐഒസി വ്യക്തമാക്കി. ലോഗോ മാറ്റിയാലും ഇല്ലെങ്കിലും സൈബര്‍ ലോകത്ത് ലോഗോ മോഷണം ചൂടേറിയ ചര്‍ച്ചയായിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.