തിരിച്ചുവരവിനു മാഞ്ചസ്റര്‍ യുണൈറ്റഡ്
തിരിച്ചുവരവിനു മാഞ്ചസ്റര്‍ യുണൈറ്റഡ്
Sunday, August 2, 2015 12:57 AM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിനു കൊടിയേറാന്‍ ഇനി ദിവസങ്ങളുടെ ദൂരം മാത്രം. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഇംഗ്ളണ്ടിലും യൂറോപ്പിലും നിറംമങ്ങിയ മാഞ്ചസ്റര്‍ യുണൈറ്റഡ് ഈ സീസണോടെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. ലൂയിസ് വാന്‍ ഗാല്‍ പരിശീലകനും വെയ്ന്‍ റൂണി നായകനുമായിട്ടുള്ള ടീം ഇക്കുറി ലോകമെമ്പാടുമുള്ള മാഞ്ചസ്റര്‍ ആരാധകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പ്രകടനം നല്‍കാനുള്ള തയാറെടുപ്പിലാണ്. ടീമില്‍ വന്‍ താരങ്ങളെ എത്തിക്കുന്നില്ലെങ്കിലും ചെറിയ ചെറിയ താരങ്ങളെ എത്തിച്ച് വലിയ പ്രകടനം നടത്തുകയാണ് യുണൈറ്റഡിന്റെ ലക്ഷ്യം.

സര്‍ അലക്സ് ഫെര്‍ഗുസണ്‍ എന്ന അതിബുദ്ധിമാനും തന്ത്രശാലിയുമായ പരിശീലകന്‍ ഓള്‍ഡ് ട്രാഫോര്‍ഡ് പടിയിറങ്ങിയശേഷം മാഞ്ചസ്റര്‍ യുണൈറ്റഡ് തകര്‍ച്ചയുടെ പാതയിലായിരുന്നു. 27 വര്‍ഷം ഫെര്‍ഗൂസന്‍ ടീമിന്റെ മാനേജര്‍ ആയിരുന്നപ്പോള്‍ 39 കിരീടങ്ങളാണ് മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ ഷോകേസില്‍ എത്തിയത്. യുറോപ്പിലെയും ലോകത്തെ തന്നെയും ഒട്ടുമിക്ക ക്ളബ്ബ് കിരീടങ്ങളും ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിച്ചേര്‍ന്നു. 2012-13 പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരാക്കിയശേഷമായിരുന്ന ഫെര്‍ഗൂസന്‍ ചുവന്ന ചെകുത്താന്‍മാര്‍ എന്ന അപരനാമമുള്ള മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ പരിശീലകക്കുപ്പായം അഴിച്ചുവച്ചത്. ലോകത്തെതന്നെ ഏറ്റവും ശക്തമായ ക്ളബ്ബുമായി യുണൈറ്റഡ് ആ കാലയളവില്‍ മാറി. ഫെര്‍ഗൂസണ്‍ പരിശീലക സ്ഥാനത്തുനിന്നും ഇറങ്ങിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ചൊരു പരിശീലകനെ തേടി.

ഫെര്‍ഗൂസന്റെ നിര്‍ദേശപ്രകാരം ആറു വര്‍ഷത്തെ കരാറില്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയ ഡേവിഡ് മോയസിന് 2013-14 സീസണ്‍ പൂര്‍ത്തിയാക്കാനായില്ല. പത്തു മാസംകൊണ്ട് ക്ളബ്ബിനു മോയസിന്റെ സേവനം മതിയായി. താത്കാലിക പരിശീലകനായി റയാന്‍ ഗിഗ്സ് എത്തി. മോയസിന്റെ കീഴില്‍ ടീമിന്റെ പ്രകടനങ്ങള്‍ തീര്‍ത്തും മോശമായി. ഒരുകാലത്ത് ഏവരുടെയും പേടി സ്വപ്നമായിരുന്ന ക്ളബ് ചെറിയ ടീമുകളോടു പോലും തോറ്റു. ആകെ പന്ത്രണ്ട് തോല്‍വിയാണ് നേരിട്ടത്. പ്രീമിയര്‍ ലീഗില്‍ കിരീടം പ്രധാന വൈരികളും ഒരേ നഗരവാസികളുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടിയറ വയ്ക്കേണ്ടിവന്നു. പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ പോലും ഇടംപിടിക്കാന്‍ ചുവന്ന ചെകുത്താന്‍മാര്‍ക്കായില്ല. 1995-96 സീസണു ശേഷം ആദ്യമായാണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍നിന്നു പുറത്താകുന്നത്. യൂറോപ്പ ലീഗിലും അവസരം ലഭിച്ചില്ല. 1990നുശേഷം ആദ്യമായാണ് അതു സംഭവിച്ചത്. പ്രധാന ശക്തി കേന്ദ്രമായ ഹോംഗ്രൌണ്ട് ഓള്‍ഡ് ട്രാഫോര്‍ഡില്‍തന്നെ ഏഴു തോല്‍വികള്‍ നേരിട്ടു. വെയ്്ന്‍ റൂണി, റോബിന്‍ വാന്‍ പേഴ്സി, യുവാന്‍ മാട്ട, അന്റോണിയോ വാലന്‍സിയ, മൈക്കിള്‍ കാരിക്ക്, ഡേവിഡ് ഡി ഗിയ എന്നീ പ്രമുഖര്‍ അണിനിരന്ന ടീമിനാണ് ഈ ദുര്യോഗം ഉണ്ടായത്. ഗിഗ്സിനെ താത്കാലിക പരിശീലക സ്ഥാനത്തുനിന്നു മാറ്റി. പകരം നെതര്‍ലന്‍ഡുകാരന്‍ ലൂയിസ് വാന്‍ ഗാലിനെ ടീമിന്റെ പരിശീലക സ്ഥാനത്തെത്തിച്ചു. ഗിഗ്സ് സഹ പരിശീലകനായി ടീമിനൊപ്പം തുടര്‍ന്നു.


2014-15 സീസണില്‍ വാന്‍ഗാല്‍ എത്തിയശേഷം ടീമിന് ഉണര്‍വു ലഭിച്ചു തുടങ്ങി. നഷ്ടപ്രതാപം വീണ്െടടുക്കുകയാണെന്ന് പ്രകടനങ്ങള്‍ തോന്നിപ്പിച്ചു. തോല്‍വികള്‍ കുറഞ്ഞെങ്കിലും സമനിലകള്‍ മാഞ്ചസ്ററിനു പലപ്പോഴും വെല്ലുവിളിയായി. ഇടയ്ക്കു മൂന്നാം സ്ഥാനത്ത് കടക്കാമായിരുന്നിട്ടും നിര്‍ണായക മത്സരങ്ങളിലെ തോല്‍വി അവരെ ചാമ്പ്യന്‍സ് ലീഗിനു നേരിട്ടു യോഗ്യത നേടുന്നതില്‍നിന്നു തടഞ്ഞു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു കടക്കാനായി. ആകെ എട്ടു തോല്‍വികള്‍ മാത്രമേ ഓള്‍ഡ് ട്രാഫോര്‍ഡ് ടീമിന് ഉണ്ടായുള്ളൂ. ഹോം ഗ്രൌണ്ടില്‍ മൂന്നു തോല്‍വികള്‍ മാത്രമേ നേരിട്ടുള്ളൂ. ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ലിവര്‍പൂള്‍ ടീമുകളെ തോല്‍പ്പിക്കാനായി. എന്നാല്‍ ലീസ്റര്‍ സിറ്റിയോട് എവേ മത്സരത്തില്‍ 5-3ന് തോല്‍ക്കേണ്ടിവന്നത് വാന്‍ഗാലിനും കൂട്ടര്‍ക്കും നാണക്കേടായെങ്കിലും ആകെ നോക്കുമ്പോള്‍ ടീമിന്റെ പ്രകടനങ്ങള്‍ ഭേദപ്പെട്ടതായിരുന്നു. എഫ്എ കപ്പിലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്താനായി. കഴിഞ്ഞ സീസണല്‍ വലിയ പ്രതീക്ഷയോടെ റയല്‍ മാഡ്രിഡില്‍നിന്നും മാഞ്ചസ്റ്ററിലെത്തിച്ച അര്‍ജീന്റൈന്‍ പ്ളേമേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയ്ക്കു വേണ്ടത്ര ശോഭിക്കാനായില്ല. പരിക്കിനെത്തുടര്‍ന്ന് വാന്‍ പേഴ്സിക്കു നിരവധി മത്സരങ്ങള്‍ നഷ്ടമായി. ഇരുവരും ഈ സീസണ്‍ മുതല്‍ ചുവന്ന കുപ്പായത്തില്‍ ഇല്ലെങ്കിലും ടീമിന്റെ കരുത്തിന് ഒരു കുറവും ഇല്ല. റൂണിയും മാട്ടയും തന്നെയാണ് ടീമിന്റെ കുന്തമുന. ഷ്വൈന്‍സ്റ്റൈഗറിനെ ടീമിലെത്തിച്ച് മധ്യനിരയെ കരുത്തുറ്റതാക്കി. വാന്‍ ഗാലിന്റെ കീഴില്‍ ഇത്തവണ കിരീടം തിരിച്ചുപിടിക്കാനാണ് ടീമിന്റെ ഒരുക്കം.

അടുത്ത ശനിയാഴ്ച ടോട്ടനത്തിനെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരത്തോടെ പ്രീമിയര്‍ ലീഗ് സീസണു തുടക്കമാകും.

പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ -20

1907-08, 1910-1, 1951-52, 1955-56, 1956-57, 1964-65, 1966-67, 1992-93, 1993-94, 1995-96, 1996-97, 1998-99, 1999-2000, 2000-01, 2002-03, 2006-07, 2007-08, 2008-09, 2010-11, 2012-13

ചാമ്പ്യന്‍സ് ലീഗ്-3

1967-68, 1998-99, 2007-08

എഫ് എ കപ്പ്-11

1908-09, 1947-48, 1962-63, 1976-77, 1982-83, 1984-85, 1989-90, 1993-94, 1995-96, 1998-99, 2003-04

ലീഗ് കപ്പ് : 4

1991-92, 2005-06, 2008-09, 2009-10


ഹോം ഗ്രൌണ്ട് -ഓള്‍ഡ് ട്രാഫോര്‍ഡ്

പരിശീലകന്‍- ലൂയിസ് വാന്‍ ഗാല്‍

നായകന്‍- വെയ്ന്‍ റൂണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.