ഇന്ത്യ എ പൊരുതുന്നു
ഇന്ത്യ എ പൊരുതുന്നു
Saturday, August 1, 2015 11:52 PM IST
ചെന്നൈ: മികച്ച തുടക്കം മുതലാക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൌദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ പരാജയഭീതിയില്‍. ആദ്യ ഇന്നിംഗ്സില്‍ 214 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്കു മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ വെറും 51 റണ്‍സിന്റെ മാത്രം ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ ആറിന് 265 എന്ന നിലയിലാണ് ആതിഥേയര്‍.ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 349 റണ്‍സെടുത്തിരുന്നു.

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു രണ്ടാം ഇന്നിംഗ്സില്‍ ലഭിച്ചത്. നായകന്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സെടുത്തു റണ്ണൌട്ടയെങ്കിലും ടെസ്റ് നായകന്‍ വിരാട് കോഹ്ലി അഭിനവ് മുകുന്ദിനൊപ്പം ചേര്‍ന്നതോടെ സ്കോര്‍ പതിയെ ഉയര്‍ന്നു. എന്നാല്‍ സ്റീവ് ഒകേഫിയുടെ കുത്തിത്തിരിഞ്ഞ പന്തില്‍ കോഹ്ലിയുടെ കുറ്റിതെറിച്ചു. 94 പന്തില്‍ 45 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.


മുകുന്ദ് (59), കരുണ്‍നായര്‍ (31), ശ്രേയസ് അയ്യര്‍ (48), നമന്‍ ഓജ (28)എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒക്കേഫിയാണ് കങ്കാരു ബൌളര്‍മാരില്‍ മൂന്നു വിക്കറ്റോടെ മികച്ചുനിന്നത്. അവസാനദിനമായ ഇന്ന് ഇന്ത്യന്‍ പ്രതിരോധം എത്രത്തോളം നീണ്ടുപോകുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.എന്നാല്‍ സ്പി ന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ അതത്ര എളുപ്പമാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.