ഇംഗ്ളീഷ് വിജയഗാഥ
ഇംഗ്ളീഷ് വിജയഗാഥ
Saturday, August 1, 2015 11:49 PM IST
എഡ്ജ്ബാസ്റണ്‍: ലോര്‍ഡ്സിലെ വമ്പന്‍ തോല്‍വിക്ക് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ളണ്ടിന്റെ പരിഹാരക്രിയ. ആഷസ് മൂന്നാം ടെസ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെ ഓസ്ട്രേലിയയ്ക്കെതിരേ അലിസ്റര്‍ കുക്കിനും കൂട്ടര്‍ക്കും 2-1ന് മുന്നിലെത്താനായി. മൂന്നാംദിനം തന്നെ തോല്‍വിയേറ്റുവാങ്ങേണ്ടിവന്നത് കങ്കാരുക്കള്‍ക്ക് നാണക്കേടായി. ഇയാന്‍ ബെല്ലിന്റെയും (65) ജോ റൂട്ടിന്റെയും (38) മൂന്നാം വിക്കറ്റിലെ 73 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് 121 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ആതിഥേയരെ സഹായിച്ചത്. രണ്ടാം ഇ ന്നിംഗ്സില്‍ ആറുവിക്കറ്റോടെ ഓസീസിനെ തകര്‍ത്ത സ്റീവ് ഫിന്നാണ് കളിയിലെ താരം. സ്കോര്‍: ഓസ്ട്രേലിയ 136, 265 ഇംഗ്ളണ്ട് 281, രണ്ടിന് 122.

എഡ്ജ്ബാസ്റ്റണില്‍ ആദ്യപന്തു മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇംഗ്ളണ്ട് ഒരു പഴുതും നല്കാതെയാണ് ജയത്തിലെത്തിയത്. ലോര്‍ഡ്സില്‍ പന്തെറിഞ്ഞു മടുത്ത ബൌളര്‍മാര്‍ ഇവിടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. ഓസീസ് പേസാക്രമത്തെ സമര്‍ഥമായി പ്രതിരോധിക്കുന്നതില്‍ ബാറ്റ്സ്മാന്‍മാരും വിജയിച്ചു. ട്രെന്റ് ബ്രിഡ്ജില്‍ ആറിന് ആരംഭിക്കുന്ന നാലാംടെസ്റ്റ് വിജയിച്ചാല്‍ ഇംഗ്ളണ്ടിനു പരമ്പര സ്വന്തമാക്കാം.

23 റണ്‍സിന്റെ മാത്രം ലീഡുമായി മൂന്നാംദിനം ഇറങ്ങിയ കങ്കാരുക്കള്‍ വാലില്‍ക്കുത്തി നിവര്‍ന്നുനില്‍ക്കുന്നതാണു കണ്ടത്. എളുപ്പത്തിലൊരു ജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ളീഷ് പടയ്ക്കെതിരേ പ്രതിരോധം തീര്‍ത്തത് കന്നി അര്‍ധസെഞ്ചുറി നേടിയ പീറ്റര്‍ നെവിലിന്റെ നേതൃത്വത്തിലാണ്. അവസരത്തിനൊത്തുയര്‍ന്ന മിച്ചല്‍ സ്റാര്‍ക്കും കൂടെച്ചേര്‍ന്നു.

പരിക്കുമൂലം ജയിംസ് ആന്‍ഡേഴ്സനു പന്തെറിയാനാകാഞ്ഞത് ആതിഥേയര്‍ക്കു തിരിച്ചടിയായി. ഇതിനൊപ്പം ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോരുകയും ചെയ്തതോടെ ഓസ്ട്രേലിയക്കാര്‍ക്കു പുതുജീവനായി. ഇടയ്ക്കു സ്റുവര്‍ട്ട് ബ്രോഡിന്റെ പന്ത് നെവിലിന്റെ ബാറ്റിനെ ചുംബിച്ച് കീപ്പറുടെ കൈകളില്‍ വിശ്രമിച്ചെങ്കിലും അമ്പയറുടെ തീരുമാനം മറിച്ചായിരുന്നു. എന്നാല്‍, അധികം വൈകാതെ നെവില്‍ കൂടാരം കയറി. 147 പന്തില്‍ 59 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. നെവില്‍ പുറത്തായെങ്കിലും സ്റാര്‍ക്ക് ജോഷ് ഹെയ്സല്‍സ്വുഡിനും (11), നാഥന്‍ ലയണിനുമൊപ്പം (12) 15 ഓവര്‍കൂടി പിടിച്ചുനിന്നതോടെ ഇംഗ്ളീഷ് വിജയലക്ഷ്യം 121 റണ്‍സായി. സ്റ്റാര്‍ക്ക് 58 റണ്‍സെടുത്തു. സ്റ്റീവ് ഫിന്‍ 79 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു.


ലക്ഷ്യം ചെറുതെങ്കിലും ഓസ്ട്രേലിയന്‍ വീര്യത്തെക്കുറിച്ചു ബോധ്യമുള്ള അലിസ്റ്റര്‍ കുക്കും ആഡം ലെയ്ത്തും ശ്രദ്ധയോടെയാണ് തുടങ്ങിയത്. നാലാം ഓവറില്‍ ഇംഗ്ളീഷ് ക്യാപ്റ്റന്റെ പ്രതിരോധം സ്റ്റാര്‍ക്ക് തകര്‍ത്തു. മനോഹരമായ ഇന്‍സ്വിംഗറില്‍ കുക്കിന്റെ (7) ബെയ്ല്‍സ് തെറിച്ചു. പിന്നാലെയെത്തിയ ഇയാന്‍ ബെല്‍ റൂട്ടിനൊപ്പം ചേര്‍ന്ന് ആക്രമിച്ചു കളിച്ചതോടെ ഓസ്ട്രേലിയന്‍ പിടി അയഞ്ഞു.

ആന്‍ഡേഴ്സണ്‍ നാലാം ടെസ്റിനില്ല

എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റിനു തയാറെടുക്കുന്ന ഇംഗ്ളണ്ടിനു വന്‍തിരിച്ചടി. സ്റാര്‍ ബൌളര്‍ ജയിംസ് ആന്‍ഡേഴ്സനു ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന ടെസ്റില്‍ കളിക്കാനാവില്ല. പേശീവലിവ് മൂലം മൂന്നാംടെസ്റിന്റെ മൂന്നാംദിനം താരം ഫീല്‍ഡിലിറങ്ങിയിരുന്നില്ല.

ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത ആന്‍ഡേഴ്സന്റെ പ്രകടനമായിരുന്നു പരമ്പരയില്‍ മുന്നിലെത്താന്‍ ഇംഗ്ളണ്ടിനെ സഹായിച്ചത്. മാര്‍ക്ക് വുഡ് പകരക്കാരനായേക്കും. ആറുമുതലാണ് നാലാംടെസ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.