ഗോളടിവീരന്‍ മുട്ടു പൂനയില്‍
ഗോളടിവീരന്‍ മുട്ടു പൂനയില്‍
Friday, July 31, 2015 12:07 AM IST
മുംബൈ: റൊമേനിയന്‍ സൂപ്പര്‍താരവും മുന്‍ ചെല്‍സി സ്ട്രൈക്കറുമായ അഡ്രിയാന്‍ മുട്ടു എഫ്സി പൂന സിറ്റിയില്‍. ടീമിന്റെ ഈ സീസണിലെ മാര്‍ക്കീ താരവും 36കാരനായ മുട്ടു തന്നെ. കോസ്റ്റാറിക്കന്‍ താരം യെന്‍ഡ്രിക്സ് റൂയീസ്, നിക്കി ഷോറി, സ്റീവ് സിമോണ്‍സണ്‍ എന്നിവര്‍ക്കു പിന്നാലെ മുട്ടുവും ടീമിലെത്തിയതോടെ ഋത്വിക് റോഷന്റെ ഉടമസ്ഥതയിലുള്ള ടീം സീസണ്‍ തുടങ്ങുന്നതിനു മുമ്പേ മറ്റു ക്ളബ്ബുകളെക്കാള്‍ ഒരുപടി മുന്നിലെത്തി.

2000ത്തില്‍ ഗ്രീസിനെതിരെ അന്താരാഷ്ട്രഫുട്ബോളില്‍ അരങ്ങേറിയ മുട്ടു 77 തവണ റൊമേനിയക്കായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. 47 ഗോളുകളും സ്വന്തമാക്കി. 2000ത്തില്‍ നടന്ന യൂറോ കപ്പില്‍ ഇംഗ്ളണ്ടിനെ 3-2നും തോല്പിച്ചപ്പോഴും ജര്‍മനിയോട് 1-1നു സമനില പിടിച്ചപ്പോഴും ടീമിലെ അവിഭാജ്യഘടകം മുട്ടുവായിരുന്നു.

റൊമേനിയയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഗോര്‍ഗെ ഹാഗിക്കൊപ്പമാണ് ദേഷ്യക്കാരനായ ഈ സ്ട്രൈക്കറുടെ സ്ഥാനം. 2003-04 സീസണില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെത്തിയ മുട്ടു ചെല്‍സിക്കായി 27 കളികളില്‍നിന്ന് ആറുഗോള്‍ നേടി. ഒരു സീസണിനുശേഷം ഇറ്റാലിയന്‍ ക്ളബ് യുവന്റസിലെത്തി. രണ്ടുതവണ അവര്‍ക്കൊപ്പം സീരി എ കിരീടനേട്ടം ആഘോഷിച്ചു. 2006ല്‍ എഫ്സി ഫിയെറെന്റീനയിലേക്കു കൂടുമാറിയ ശേഷമാണ് അഞ്ചടി പതിനൊന്ന് ഇഞ്ചുകാരന്റെ സുവര്‍ണ കാലഘട്ടം തുടങ്ങുന്നത്.

അഞ്ചു വര്‍ഷം ഫിയെറെന്റീനയുടെ മുന്നേറ്റത്തില്‍ തിളങ്ങിയ താരം 112 കളികളില്‍നിന്ന് 54 തവണയാണ് എതിര്‍വല കുലുക്കിയത്. പ്രതിരോധ ഫുട്ബോളിലൂന്നി കളിക്കുന്ന ഇറ്റാലിയന്‍ ലീഗില്‍ വലിയ നേട്ടമാണിത്. കഴിഞ്ഞ സീസണില്‍ റൊമേനിയയില്‍ തിരിച്ചെത്തിയ മുട്ടു എഫ്സി പെട്രോലുളിനായി കളിച്ചുവരുകയായിരുന്നു.

ഐവറി കോസ്റ്റിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ദിദിയര്‍ സൊക്കോറയുമായും പൂന സിറ്റി കരാറിലെത്തിയിട്ടുണ്ട്. 34കാരനായ സൊക്കോറ 123 തവണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.


മുംബൈയില്‍ മൂന്നു വിദേശതാരങ്ങള്‍കൂടി

അതേസമയം മുംബൈ എഫ്സി മൂന്നു വിദേശതാരങ്ങളുമായി കരാര്‍ ഒപ്പിട്ടു. ഫ്രഞ്ച് സ്ട്രൈക്കര്‍ ഫ്രഡറി പിക്യോണ്‍, ഹെയ്തി പ്രതിരോധതാരം ഫ്രാന്റ്സ് ബെര്‍ട്ടിന്‍, സ്പാനിഷ് ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ ബുസ്റ്റോസ് എന്നിവരാണ് മുംബൈയുമായി കരാറിലെത്തിയത്. ആര്‍സിഡി മല്ലോര്‍ക്കയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ബുസ്റ്റോസിനെ സെന്റര്‍ മിഡ്ഫീല്‍ഡറുടെ ചുമതല നല്‍കിയാണ് മുംബൈ കളത്തിലിറക്കുന്നത്.

2013ല്‍ കോണ്‍കാകാഫ് ഗോള്‍ഡ്കപ്പ് ടീമില്‍ അംഗമായ പിക്വിയോണ്‍ 2012ല്‍ കരീബിയന്‍ കപ്പ് സ്ക്വാഡിലും ഇടംപിടിച്ചിരുന്നു. ലീഗ് രണ്ടില്‍ യുഎസ് ക്രെറ്റെയ്ലിനായാണ് പിക്വിയോണ്‍ ഒടുവില്‍ ബൂട്ടുകെട്ടിയത്. ഗോള്‍ഡണ്‍ സ്റാര്‍ ഓഫ് മാര്‍ട്ടിനിക്ക്, നിംസ് ഒളിമ്പിക, റെനേസ്, എഎസ് സെയ്ന്റ് എറ്റിയന്‍, എഎസ് മൊണാക്കോ, ലിയോണ്‍, പോര്‍ട്സ്മൌത്ത്, വെസ്റ്ഹാം യുണൈറ്റഡ്, ഡോണ്‍കാസ്റര്‍ റോവേഴ്സ്, പോര്‍ട്ലാന്‍ഡ് ടിംബേഴ്സ് ടീമുകള്‍ക്കായും പിക്വിയോണ്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട്. മുന്‍ യുവന്റസ് താരമായ ബെര്‍ട്ടിന്‍ ഗ്രീക്ക് ക്ളബ് ഐനിയാക്കോസ് എഫ്സിക്കായാണ് നിലവില്‍ കളിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനായും ബെര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. 2007 കോണ്‍കാകാഫ് സ്വര്‍ണക്കപ്പില്‍ ഹെയ്തിയെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാരനാണു ബെര്‍ട്ടിന്‍. കരാര്‍തുക സംബന്ധിച്ച കാര്യങ്ങള്‍ ടീം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല. നിക്കോളസ് അനെല്‍ക്ക മാര്‍ക്കീ താരവും മാനേജറുമായ മുംബൈ എഫ്സിയുടെ ആദ്യമത്സരം ഒക്ടോബര്‍ അഞ്ചിന് പൂന സിറ്റിക്കെതിരേയാണ്. ആദ്യ സീസണില്‍ സെമിയിലെത്താതിരുന്ന രണ്ടു ടീമുകളായിരുന്നു പൂനയും മുംബൈയും. ഇത്തവണ ഇരുടീമും രണ്ടുംകല്പിച്ചാണ് ഇറങ്ങുന്നതെന്നു വ്യക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.