ബാഴ്സ ചെല്‍സിയോടും പരാജയപ്പെട്ടു
Thursday, July 30, 2015 11:41 PM IST
വാഷിംഗ്ടണ്‍: വീണ്ടും ഇംഗ്ളീഷ് ടീമിനു മുന്നില്‍ ബാഴ്സലോണ പത്തിമടക്കി. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് സൌഹൃദ മത്സരത്തില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ ബാഴ്സയെ തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4-2നായിരുന്നു ചെല്‍സിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമും 2-2 സമനില പാലിച്ചു. ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസിന്റെ ഉജ്വല പ്രകടനമാണ് ചെല്‍സിക്കു ജയമൊരുക്കിയത്. 80000 കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങിയ ഇരുടീമും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10-ാം മിനിറ്റില്‍ ഇഡന്‍ ഹസാര്‍ഡിലൂടെ മുന്നിലെത്തിയ ചെല്‍സിക്കു പക്ഷേ, പിന്നീട് രണ്ടു ഗോള്‍ വഴങ്ങേണ്ടിവന്നു. ആദ്യപകുതിയില്‍ ചെല്‍സിയുടെ ലീഡോടെ അവസാനിച്ച മത്സരത്തില്‍ 52-ാം മിനിറ്റില്‍ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിലൂടെ ബാഴ്സ സമനില പിടിച്ചു. അധികം താമസിയാതെ 66-ാം മിനിറ്റില്‍ സാന്ദ്രോ റാമിരസ് ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാല്‍, കളി തീരാന്‍ അഞ്ചു മിനിറ്റു ശേഷിക്കേ ഇംഗ്ളീഷ് താരം ഗാരി കാഹില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടി. ബാഴ്സയ്ക്കു വേണ്ടി ഐവാന്‍ റാക്കിറ്റിച്ചിനു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ അദ്ദേഹത്തിനായില്ല. സൂപ്പര്‍ താരങ്ങളായ നെയ്മറും മെസിയുമില്ലാതെയാണ് ബാഴ്സ കളിക്കാനിറങ്ങിയത്. മികച്ച ഫോമിലായിരുന്ന ഇഡന്‍ ഹസാര്‍ഡിന്റെ ആദ്യ ഗോള്‍ ഉജ്വലമായിരുന്നു. മൂന്നു പ്രതിരോധക്കാരെ മറികടന്നായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍.


അമേരിക്കന്‍ പര്യടനത്തിലെത്തിയ ബാഴ്സ ആദ്യമത്സരത്തില്‍ ലോസാഞ്ചലസ് ഗാലക്സിയെ പരാജയപ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.